ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തീക്ഷ്ണതയുള്ള മിഷനറിയും വിശ്വാസവഴിയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്‌ഠനും: മാര്‍ മാത്യു മൂലക്കാട്ട്‌

മാര്‍ത്തോമ്മാ സഭയുടെ മുന്‍ പരമാദ്ധ്യക്ഷന്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്‌ അനുശോചനം രേഖപ്പെടുത്തി.

തീക്ഷ്ണതയുള്ള മിഷനറിയും കനിവാര്‍ന്ന ഇടയനുമായിരുന്ന പിതാവ്‌ താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും പ്രത്യേകതയും വ്യക്തിമുദ്രയും പതിപ്പിച്ച മഹത്‌വ്യക്തിയായിരുന്നു. ജീവിതത്തിലും പ്രവൃത്തിയിലും പ്രസംഗത്തിലും അനിതരസാധാരണമായ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു വന്ദ്യ തിരുമേനിയുടെ ജീവിതം. ഫലിതത്തില്‍ ചാലിച്ച് വിശ്വാസശഖലങ്ങളും സന്മാര്‍ഗ്ഗോപദേശങ്ങളും പങ്കുവയ്‌ക്കുക പിതാവിന്റെ പ്രത്യേകതയായിരുന്നു. ഫലിതത്തിലൂടെ വിശ്വാസം പങ്കുവച്ചാല്‍ അത് പ്രായഭേദമന്യേ ആരിലും എത്തിക്കാമെന്നും ഉപദേശം തീരെ താല്‍പര്യമില്ലാത്ത ഇക്കാലത്ത് ഫലിതം കൂട്ടിച്ചേര്‍ത്ത് സന്മാര്‍ഗ്ഗോപദേശങ്ങള്‍ കുട്ടികള്‍ക്കു പങ്കിട്ടു നല്‍കിയാല്‍ അത്‌ എന്നും ഓര്‍ക്കുമെന്നും ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഫലിതം ഇക്കാര്യങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗമായിട്ട് തന്റെ പ്രസംഗങ്ങളില്‍ പിതാവ്‌ ഉപയോഗിച്ചു. പിതാവ്‌ ക്രൈസ്‌തവസഭയ്‌ക്കു ചെയ്‌ത നിസ്‌തുല സംഭാവനകളെ ഓര്‍ത്ത്‌ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1944-ല്‍ ശെമ്മാശനും തുടര്‍ന്ന് പുരോഹിതനുമായ ഫീലിപ്പോസ്‌ തന്റെ പൗരോഹിത്യജീവിതത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ആദിവാസികളുടെയും മുക്കുവരുടെയുമിടയില്‍ സുവിശേഷം പങ്കിടാന്‍ അംഗോള മിഷനില്‍ ശുശ്രൂഷ ആരംഭിച്ചു. മാനവികതയെ സ്‌നേഹിച്ച ആചാര്യനായിരുന്നു മാര്‍ ക്രിസോസ്റ്റം. ജനത്തോടൊപ്പം ജീവിച്ച അവരെ ദൈവികരാക്കാനാണ് തന്റെ വിളി എന്നു തിരിച്ചറിഞ്ഞ അദ്ദേഹം അതിനായി തന്നെത്തന്നെ രൂപപ്പെടുത്തി. തന്റെ മെത്രാന്‍ ശുശ്രൂഷക്കാലത്തും ജനത്തിന്റെ കഷ്‌ടപ്പാടുകള്‍ അറിഞ്ഞു പങ്കുവയ്‌ക്കുകയും ജീവിതം വ്യയം ചെയ്യുകയും ചെയ്‌തു.

ക്രിസോസ്റ്റം എന്നതിന് ‘സ്വര്‍ണ്ണനാവ്‌’ എന്നാണര്‍ത്ഥം. ഈ പേര്‌ അദ്ദേഹം തന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി. തന്റെ നാവ്‌ നിത്യസത്യങ്ങള്‍ പങ്കിടുവാനും സാരോപദേശങ്ങള്‍ നല്‍കാനുമായി തിരുമേനി ഉപയോഗിച്ചു. നേതൃസിദ്ധിയും നിരീക്ഷണപാടവവും പ്രവാചകശബ്‌ദവും സര്‍വ്വോപരി രക്ഷകനായ കര്‍ത്താവിലുളള വിശ്വാസവും പിതാവിന്റെ പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മാര്‍ത്തോമ്മാ സമൂഹത്തോടൊപ്പം കോട്ടയം അതിരൂപതയും കണ്ണീരോടും പ്രതീക്ഷയോടും കൂടെ മാര്‍ ക്രിസോസ്റ്റം തിരുമേനിക്കായി പ്രാര്‍ത്ഥിക്കുന്നതായും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

റവ. ഡോ. ജോര്‍ജ്ജ്‌ കറുകപ്പറമ്പില്‍, പി.ആര്‍.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.