ജനകീയനായ പിതാവ് – മാര്‍ മാത്യു കാവുകാട്ട്

  ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് എന്ന പേര് കേൾക്കുമ്പോള്‍ തന്നെ മുതിര്‍ന്ന തലമുറയിലെ ആളുകളുടെ മനസ്സില്‍ പ്രശാന്തമായ ഒരു മുഖമാണ് ഓര്‍മ്മ വരുന്നത്. സദാ സമയം പ്രശാന്തമായി കാണപ്പെടുന്ന മുഖം. ജാതി മത വ്യത്യാസമില്ലാതെ സഹായങ്ങളും നിര്‍ദ്ദേശങ്ങളുമായി ഓടിയെത്തുന്ന അദ്ദേഹം ഒരു ജനകീയനായ പിതാവായിരുന്നു. ചങ്ങനാശ്ശേരിയുടെ ആദ്യ ജനകീയനായ ആര്‍ച്ച് ബിഷപ്പ്.

  1964 -ല്‍ ആണ് ചങ്ങനാശ്ശേരി അതിരൂപതയെ കൈപിടിച്ചു നടത്തുക എന്ന വലിയ ദൗത്യം കാവുകാട്ട് പിതാവ് ഏറ്റെടുക്കുന്നത്. ജനിച്ച ഉടനെ കുഞ്ഞിനെ അമ്മ തന്റെ കയ്യിലേയ്ക്കു ഏറ്റുവാങ്ങുന്നത് പോലെ, മാറത്ത് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഉള്ള യാത്രയായിരുന്നു അത്. ആ യാത്രയില്‍ അദ്ദേഹത്തിന്‍റെ വിശുദ്ധി നിറഞ്ഞ ജീവിതവും ദര്‍ശനങ്ങളും അനേകരെ സഭയോട്, വിശ്വാസത്തോട് ചേര്‍ത്തു നിര്‍ത്തി. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും അവിടെയൊക്കെ ക്ഷമയോടെ നിന്ന് കൊണ്ട് അവയ്ക്ക് ഉചിതമായ പരിഹാരം കണ്ടെത്തുന്ന പിതാവിന്റെ വ്യക്തിത്വം പലരെയും സ്വാധീനിച്ചിട്ടുണ്ട്. സ്വതസിദ്ധമായ നര്‍മ്മബോധം കൊണ്ട് വിശ്വാസികളെ കയ്യിലെടുത്ത അദ്ദേഹത്തെ ആര്‍ക്കും ഏതു സമയവും സമീപിക്കാമായിരുന്നു. ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടിനു അപ്പുറം നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നും വിശ്വാസി സമൂഹത്തെ അത്ഭുതപ്പെടുത്തി.

  സ്നേഹ ചൈതന്യത്തില്‍ സേവനം എന്ന ആപ്തവാക്യവുമായി തന്റെ പ്രവര്‍ത്തനം ആരംഭിച്ച പിതാവ് തന്റെ മുന്‍പില്‍ സഹായം അഭ്യര്‍ഥിച്ചു എത്തിയ ആരെയും വെറും കയ്യോടെ മടക്കിയിരുന്നില്ല. ക്രൈസ്തവ പരസ്നേഹ പ്രവര്‍ത്തികള്‍ കാരുണ്യ പ്രവര്‍ത്തികളല്ല മറിച്ചു ദൈവിക ശുശ്രൂഷയാണ് വലുതെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കുവാന്‍ അദ്ദേഹം തയ്യാറാക്കിയ ഭവന നിര്‍മ്മാണ പദ്ധതി പിന്നീട് വന്ന സര്‍ക്കാരുകള്‍ പോലും മാതൃകയാക്കി. അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ താഴെക്കിടയിലുള്ളവര്‍ക്ക് മുതല്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായി തീര്‍ന്നിരുന്നു.

  ശാന്തതയോടെയും സൌമ്യതയോടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാന്‍ കാവുകാട്ട് പിതാവിന് കഴിഞ്ഞിരുന്നു. കോപിച്ചിരിക്കുന്നതായി ഒരിക്കല്‍ പോലും കാണുവാന്‍ കഴിഞ്ഞിട്ടില്ല. തന്റെ ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന ഓരോ കാര്യത്തെയും ദൈവത്തില്‍ ആശ്രയിച്ചു കൊണ്ട് തരണം ചെയ്യുവാന്‍ ആ പുണ്യാത്മാവിനു കഴിഞ്ഞിരുന്നു. എല്ലാം പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട് കടന്നുപോയ ആ പിതാവിന്റെ ജീവിതം ഒരു കാലഘട്ടത്തിലെ വിശ്വാസികളെ കാര്യമായി സ്വാധീനിച്ചിരുന്നു.  ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ  നാല്‍പ്പത്തി ഒന്‍പതാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ നിമിഷത്തില്‍ അദ്ദേഹത്തിന്‍റെ പുണ്യ സമരണകള്‍ക്ക് മുന്നില്‍ തലകുനിക്കാം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ