കലാലയങ്ങളെ കലാപഭൂമിയാക്കരുത്: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. കാരണം, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സില്‍ നിന്ന് ഇതുവരെ മാഞ്ഞിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലും നടന്ന അതിക്രമങ്ങളും നരഹത്യയും കണ്ണില്‍ നിന്ന് മായുംമുമ്പേ ഇങ്ങനെയുള്ള നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

വിദ്യാലയങ്ങളും കലാലയങ്ങളും വിദ്യാര്‍ത്ഥികളുടെ നന്മകള്‍ പുറത്ത് കൊണ്ടുവരുന്ന വേദികളാണ്. ബുക്കും പേനയും പിടിക്കേണ്ട കൈകളില്‍ പാര്‍ട്ടി കൊടികളും കൊലക്കത്തികളും കൊടുത്ത് അവരുടെയുള്ളിലെ നന്മകളെ കെടുത്തിക്കളഞ്ഞ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കലാണ് ഇന്നത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. സമീപകാല സംഭവങ്ങള്‍ അതാണ് വിളിച്ചുപറയുന്നത്.

മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേയ്ക്കും കലാലയങ്ങളിലേയ്ക്കും അയയ്ക്കുന്നത് അവര്‍ക്ക് നല്ല ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ടാണ്. അല്ലാതെ, കലാലയ രാഷ്ട്രീയത്തിന്റെ ഇരകളായി മരിച്ചുവീഴാനാല്ല. ഓരോ വിദ്യാര്‍ത്ഥിയും രാജ്യത്തിന്റെ പ്രതീക്ഷയാണ്. അവര്‍ക്ക് വേണ്ടതും നമ്മള്‍ കൊടുക്കേണ്ടതും മൂല്യങ്ങളും സന്മാര്‍ഗവുമാണ്. അവരുടെ ഉള്ളിലേയ്ക്ക് പകയും വെറുപ്പും കുത്തിവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇനിയും നമ്മള്‍ അവരെ വിട്ടുകൊടുക്കരുത്.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ നേതാക്കള്‍ കുട്ടികളെ ആയുധമാക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. വിദ്യാലയങ്ങളില്‍ പഠനത്തിന് പ്രാധാന്യം കൊടുക്കേണ്ടതിനു പകരം രാഷ്ട്രീയത്തിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളായി അവയെ മാറ്റിയാല്‍ അത് നാടിനെ നാശത്തിലേയ്ക്ക് നയിക്കും. അതുകൊണ്ട് കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.