“തിരുമേനി പൊറുക്കണം, ഇക്കൊല്ലം ആണ്ടിനു വരാൻ പറ്റുകേല” – മാര്‍ ഇവാനിയോസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളിന് ഭക്തയുടെ സങ്കടം

ഫാ. ഷീൻ പാലക്കുഴി

ഈ മാസം പാതിക്കല്ലിയോടാ മക്കളേ വല്ല്യ തിരുമേനീടോർമ്മ! നിങ്ങടപ്പൻ എന്നെ പെണ്ണുകാണാൻ വന്നേന്റെ പിറ്റേക്കൊല്ലമാ തിരുമേനി പോയെ. പത്തറുപത്തേഴു കൊല്ലം പോയ പോക്കേ! അപ്പനെ വെല്യ കാര്യമാരുന്നു തിരുമേനിക്ക്. അപ്പനും അങ്ങനെ തന്നെ. തിരുമേനിയെ ആരേലും എന്തേലും പറഞ്ഞാ അവന്റെ കടലാസു കീറാതെ നിങ്ങടപ്പൻ വിട്ടിട്ടില്ല. അത്ര ജീവനാരുന്നു തിരുമേനിയെ. അടക്കത്തിനു പട്ടത്തു പോയേച്ചും വന്നിട്ട് ജലപാനം കഴിക്കാതെ ഒറ്റയിരിപ്പാരുന്നു. രണ്ടു ദെവസത്തേക്ക് ഒരാളോടും മിണ്ടീട്ടു പോലുമില്ല. അന്നു തൊടങ്ങി ഞാനും നിങ്ങടപ്പനും എല്ലാക്കൊല്ലവും പട്ടം പള്ളീ ചാത്തത്തിനു പോവും. ആളൊഴിഞ്ഞ നേരം നോക്കി ആ കബറിന്റടുത്തു പോയി ഒറ്റയ്ക്കു തിരുമേനിയോടു മിണ്ടീം പറഞ്ഞുമിരിക്കും നിങ്ങടപ്പൻ! കല്ലറയ്ക്കകത്തു തിരുമേനി ജീവനോടൊണ്ടെന്നാ അപ്പൻ കരുതിയെ. പോയെന്നങ്ങോട്ടു വിശ്വസിക്കാൻ വയ്യാരുന്നു ആ പാവത്തിന്! മരിക്കാൻ കെടന്നപ്പഴും ‘ഞാൻ തിരുമേനീടടുത്തോട്ടു ചെല്ലട്ടെ’ന്നും പറഞ്ഞല്ലിയോ…!

പെരുനാളിനും പതിനാലു നാളു മുമ്പേ പട്ടത്തെ കബറിലേക്ക് ആളെറങ്ങിത്തൊടങ്ങും; അതാ പതിവ്! തെക്കെന്നോ വടക്കെന്നോ വേറുകൃത്യമില്ലാതെ നാടായ നാട്ടീന്നെല്ലാം ജനം വെരും! കാലിന്റെ വെള്ള പൊട്ടി ചോര പൊടിക്കുന്ന നട നടന്നാണ് ഇക്കണ്ട മനുഷേമ്മാരൊക്കെ വന്നു പട്ടത്തെ കബറു മുത്തണത്. ഇത്രേം ദൂരേന്ന് അതുങ്ങളൊക്കെ ദേശം കടന്നു വരുന്നതു ചുമ്മാതാന്നോ! ജീവിച്ചിരിക്കുമ്പത്തന്നെ ദൈവത്തെ കണ്ട ഒരു ജന്മല്ലേ അവടെ കബറടങ്ങീരിക്കണത്. മക്കളു ചങ്കു പൊട്ടി വിളിച്ചാ വിളി കേക്കുന്ന അപ്പനല്ലിയോ! തൊട്ടുമുത്താൻ ആളു വരും; കടലു കടന്നും ദേശം താണ്ടീം വരും.

ആറാം മാസം കഴിയുമ്പത്തന്നെ ചങ്കിനകത്തൊരു പെടപെടപ്പാ. ദെവസമിങ്ങടുത്തില്യോ. തിരുമേനിയെ കാണാൻ പട്ടത്തു പോണ്ടേ? അതിപ്പം എന്തൊക്കെ കൂട്ടിയാ തീരും. പെരുനാട്ടീന്ന് തിരുവന്തോരത്തിനു പദയാത്ര പോകുമ്പോ ചങ്കേ ചേർത്തു പിടിക്കാനുള്ള വള്ളിക്കുരിശു വെട്ടാൻ നല്ല ചൊണയൻ ചെറുപ്പക്കാരു പിള്ളേരു കാടു കയറും! പണ്ടു കാട്ടാനയും കടുവയും മേഞ്ഞ നടവഴി ചവിട്ടി മുണ്ടൻ മലയിറങ്ങിയ തിരുമേനി അവർക്കു മുന്നേ നടക്കുമെന്നാ പിള്ളേരു പറയുന്നെ. പലരും കണ്ടിട്ടുണ്ടത്രെ! ആ വടക്കേലെ തൊമ്മീടെ മൂത്തചെക്കൻ തിരുമേനിയെ കണ്ടു പേടിച്ചെന്നും പറഞ്ഞ് രണ്ടാഴ്ചയല്യോ പനിച്ചുകെടെന്നെ!

പെരുനാട്ടീന്ന് ആ വള്ളിക്കുരിശും തോളേ വച്ച്, പാട്ടും പാടി, വേർത്തു മുഷിഞ്ഞ മുണ്ടും ചുറ്റി, പയിച്ചു കൊടലു കത്തി, ഉച്ച മൂത്തു കീലുരുകിയ റോട്ടിൽ കാലു വെന്തങ്ങനെ നടക്കുമ്പോ ഒറ്റക്കാര്യമേ ഒണ്ടാരുന്നുള്ളൂ മനസ്സിൽ; ദൈവത്തിന്റെ വാക്കനുസരിച്ചു നടക്കാൻ എന്തോരം ദെണ്ണപ്പെട്ടിട്ടൊണ്ടാവും നമ്മടെ തിരുമേനി. ദൈവം കാണിച്ചു കൊടുത്ത കാര്യത്തിനു വേണ്ടി നിന്നപ്പോ, കൂട്ടക്കാരു തന്നെ അവഹേളിച്ചപ്പോ, കാറ്റും കോളും നിറഞ്ഞ കടലുമ്മേല് വള്ളം ഒറ്റയ്ക്കു തൊഴഞ്ഞപ്പോ, എന്തോരം പൊള്ളീട്ടൊണ്ടാവും ആ ഉള്ള്! അതിന്റെയൊരു പങ്കു പറ്റാനാ ഈ വയ്യാത്ത കാലും വലിച്ച് പട്ടത്തിന് നടക്കുന്നെ! പിന്നെ ബാവാത്തിരുമേനീം കൊച്ചു തിരുമേനിമാരും മുമ്പേ നടക്കുമ്പോ ഒരു പത്തുചോടെങ്കിലും കൂടെ നടന്നു പ്രാർത്ഥിക്കാൻ പറ്റീല്ലേ, നമ്മളൊക്കെ പിന്നെ എന്തോന്നു മലങ്കരക്കാര്!

മക്കള് കേക്കണം, നമ്മടെ നാട്ടില് സഭകള് തമ്മിത്തല്ലി തലകീറിക്കെടന്നപ്പോ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും തോന്നീല്ലല്ലോ ഇതൊക്കെയൊന്നു നിർത്തണോന്ന്. തോന്നില്ല; തോന്നണോങ്കീ മോളിലിരിക്കുന്ന ഒടേതമ്പുരാനുമായിട്ട് നല്ല ബന്ധം വേണം, ആ മനസ്സു കാണണം. അവിടുന്നു പറയുന്നതു കേക്കണം! പട്ടത്തെ പഴേ സെമിനാരിപ്പള്ളി നിന്നടത്തു ചെന്നു നിന്നാ പാതിരാത്രിയാവുമ്പോ ഇപ്പഴും കേക്കാം തന്നത്താൻ ദെണ്ണിക്കുന്ന തിരുമേനീടെ ചാട്ടേടെ ഒച്ച! കർത്താവിന്റെ മുമ്പി നൊന്തും നെലവിളിച്ചും തന്റെ ദെണ്ണം മുഴുവൻ മലങ്കര സഭേലെ തർക്കം തീരാൻ വേണ്ടി അദ്ദേഹം സഹിക്കുവല്ലാരുന്നോ.

ഭാഗ്യം ചെയ്തോരാ നമ്മള്; ആ തിരുമേനീടെ മക്കളായിട്ട് ജനിക്കാൻ കഴിഞ്ഞല്ലോ! മലങ്കര കത്തോലിക്കാ സഭേടെ പുണ്യം; അല്ലാണ്ടെന്ത്!

പട്ടത്തെ ആ കബറിച്ചെന്ന് അരമണിക്കൂറു നിക്കണം. തിരുമേനീടെ കല്ലറേല് പേരെഴുതി വച്ചേക്കുന്ന ആ കല്ലേ നോക്ക്യാലറിയാം. ആളോളുടെ സങ്കടോം കണ്ണീരും സ്നേഹോം പ്രാർത്ഥനേം ഒക്കെ വീണ് ആ കല്ലു മൊത്തം കരുവാളിച്ചിരിക്കുവാ. ചെലരൊക്കെ വന്ന് വെല്യവായി നെലവിളിക്കുന്ന കണ്ടാ സഹിക്കാൻ പറ്റുകേല. തിരുമേനി തന്നെ ആ കല്ലു പെളർന്നു വരാൻ ആഗ്രഹിച്ചിട്ടൊണ്ടാവും. കല്ലറ തൊറന്നില്ലേലും സ്വർഗ്ഗത്തിലിരുന്നോണ്ട് കർത്താവിന്റെ ഹൃദയം തൊറക്കുന്ന പ്രാർത്ഥനയല്യോ തിരുമേനി നടത്തുന്നേ. നമ്മക്കതു മതി, നമ്മടെ സഭയ്ക്കതു മതി, നമ്മടെ കുടുമ്മങ്ങക്കതു മതി. അതാ നമ്മടെ ബലോന്ന് ചങ്കേ കൈവച്ചങ്ങോട്ടു പറഞ്ഞു കൊടുക്കണം പിള്ളാരേ!

പതിനാലാം നാള് നടന്നു കബറെത്തി, കല്ലറ മുത്തി, ധൂപോം വെച്ച്, ബാവാത്തിരുമേനീടെ കുരിശും മുത്തി, മധ്യസ്ഥ പ്രാർത്ഥനയൊക്കെ കേട്ടോണ്ട് ആ പരിസരത്തെവിടേലും ഒന്നു തല ചായ്ക്കണം. പറ്റുമെങ്കി ആ തോർത്തൊന്നു കൊടഞ്ഞു വിരിച്ച് ആ മണ്ണിത്തന്നെ കമഴ്ന്നു കെടക്കണം. പച്ചമണ്ണ് നെഞ്ചീ പറ്റുമ്പോ കേക്കാം ആ കാലടിയൊച്ച. പതിറ്റാണ്ടുകൾക്കു മുമ്പ് തിരുമേനി നടന്നേന്റൊച്ചയാ. തന്റെ ഹൃദയം ചുംബിച്ചു കടന്നു പോയ ആ പുണ്യപ്പെട്ട പ്രിയപുത്രന്റെ കാലൊച്ച ആ മണ്ണ് ഇപ്പഴും ഉള്ളീ കാത്തുവച്ചിട്ടൊണ്ട്. ഇനീ, ഒരു പത്തു നൂറു വർഷം കഴിഞ്ഞാലും, അദ്ദേഹത്തിന്റെ ഒരായിരം കഥകൾ ഇനീം വരാമ്പോണ തലമുറകളോടു പറയാൻ ആ മണ്ണങ്ങനെ കാത്തു കെടക്കും. അതൊക്കെ മിണ്ടീം പറഞ്ഞും കേട്ടു കേട്ടങ്ങനെ കെടന്ന് എപ്പഴാ ഉറങ്ങുന്നേന്നറിയത്തില്ല. ഈ കൊന്തയൊണ്ടല്ലോ, കയ്യുമ്മേ ചുറ്റിയങ്ങു കെടന്നാ മാതാവിന്റെ മടീ കെടന്നൊറങ്ങുന്ന പോലാ! ‘എന്റെ തമ്പുരാനെ പെറ്റമ്മച്ചീന്ന്’ തിരുമേനി കൂടക്കൂടെ വിളിക്കുമാരുന്നെന്നു കേട്ടിട്ടില്ലിയോ?

പുലർച്ചയ്ക്കൊണർന്ന് കുളിച്ചൊരുങ്ങി പള്ളീച്ചെന്ന് ഏറ്റോം മുന്നേ നിക്കണം. കുർബാനേം പ്രസംഗോം ഒറ്റവാക്കും വിടാതെ കേക്കണം. വല്യ തിരുമേനിയെക്കുറിച്ച് കൊച്ചു തിരുമേനിമാരു പറയാൻ തൊടങ്ങിയാ ഇത്തിരി ദെണ്ണപ്പെടാതെ പറഞ്ഞു നിർത്താനൊക്കിയേല! കേട്ടിരുന്നാ നമ്മടെ കണ്ണും നെറയും. ചങ്കു പെടയ്ക്കും. ഒരു തുള്ളിക്കണ്ണീരു വീഴാതെ പള്ളീനെറങ്ങാനൊക്കുകേല. ഓർമ്മക്കുർബാനേം കൂടി, ബാവായുടെ സ്ലീവായും മുത്തി, നേർച്ചേം കഴിച്ചു മടങ്ങുമ്പോ കരളിനകത്തൊരു മഴ പെയ്ത കുളിരാ. സഭേലൊരു പുണ്യാളനായിട്ടു വല്യതിരുമേനിയെ കണ്ടേച്ചും കഴിഞ്ഞു മരിച്ചടങ്ങിയാ മതിയാരുന്നു. അതേ ഒള്ളൂ ഇനിയൊരാഗ്രഹം!

ന്നാലും… ഇക്കൊല്ലത്തെ സങ്കടം! അതു പറഞ്ഞാ തീരൂല്ലടാ മക്കളേ. ഓർമ്മ കൂടല് ഇക്കൊല്ലം നടക്കൂല! നിങ്ങടപ്പൻ പാതിവഴിയിൽ എന്നെ ഒറ്റയ്ക്കു വിട്ട് കത്താവിന്റെ വിളി കേട്ടു പോയെങ്കിലും ഒറ്റത്തവണേം പെരുനാളു ഞാൻ മൊടക്കീട്ടില്ല. കണ്ണിനു കാണാത്തൊരു സാധനം… ഡേവിഡോ… കോവിഡോ…? എന്തോന്നാടാ അതിന്റെ പേര്? അവങ്കാരണം വീട്ടീന്നെറങ്ങാൻ പറ്റാത്ത പാടായി. പ്രായം പത്തെൺപതു കഴിഞ്ഞില്ലിയോ!

തിരുമേനി പൊറുക്കണം, ഇക്കൊല്ലം ആണ്ടിനു വരാൻ പറ്റുകേല. മക്കളു വിടത്തില്ല. ഡേവിഡ് പിടിക്കൂന്ന്. അല്ലെങ്കിത്തന്നെ എന്നെയൊക്കെ പിടിച്ചിട്ട് ഈ ഡേവിഡിനെന്നാ കിട്ടാനാ! തിരുമേനി പെണങ്ങല്ല്. കണ്ണടഞ്ഞില്ലെങ്കി, അടുത്താണ്ടിന് ഒറപ്പായിട്ടും വരും. ഇനി എങ്ങാനും കണ്ണടഞ്ഞാലും സാരമില്ല; അരനാഴിക നേരത്തേ മോളി വെച്ചു കാണാം! ഒടേതമ്പുരാന്റേം മാതാവിന്റേം വലത്തു വശത്ത്, തിരുമേനീടേം പിന്നെന്റെ കെട്ടിയോന്റേം കൂടെ ഈ പാവത്തിനൊരു സീറ്റു പിടിച്ചിട്ടേക്കണേ!

ഫാ. ഷീൻ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.