കര്‍ഷക  പെന്‍ഷന്‍ പദ്ധതി കര്യക്ഷമമായി നടപ്പിലാക്കണം: കര്‍ദിനാള്‍ ആലഞ്ചേരി

കാക്കനാട്: ഉപജീവന മാര്‍ഗമായി കൃഷിചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ക്ക് പെന്‍ഷന്‍  ഉറപ്പാക്കുന്ന കര്‍ഷക ക്ഷേമനിധി നിയമം കേരളനിയമസഭ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ചര്‍ച്ച ചെയ്തു നടപ്പിലാക്കണമെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അഞ്ച് സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന കര്‍ഷക ക്ഷേമനിധി നിയമം നിയമസഭ സെലക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ കൃഷിമന്ത്രി ശ്രി. വി. എസ് സുനില്‍ കുമാര്‍ നിയമസഭയില്‍  ചര്‍ച്ചയ്ക്കുവച്ച സാഹചര്യത്തിലാണ് കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന കര്‍ഷകര്‍ ഇന്ന് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാതായിത്തീര്‍ന്നിരിക്കുന്നതിനാല്‍ സുരക്ഷിതമായ ജീവിതോപാധിയായി കൃഷിയെ കേരളത്തിലെ ജനങ്ങള്‍ കാണുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയില്ലായ്മയും, വന്യമൃഗശല്ല്യവും കര്‍ഷക ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ച് പണിയെടുക്കാനാകാത്ത പ്രായമെത്തുമ്പോള്‍ കര്‍ഷകര്‍ ഉപജീവനമാര്‍ഗമില്ലാതെ പുറന്തള്ളപ്പെടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണം. അതിനായി, കര്‍ഷകര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാരാണ്. കേരളത്തിലെ ജനപ്രതിനിധികള്‍ ഈ നിയമം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ദുരിതവലയത്തിലായിരിക്കുന്ന കര്‍ഷകരുടെ കണ്ണുനീര്‍ അവഗണിക്കരുതെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

കര്‍ഷക പെന്‍ഷന്‍ നടപ്പിലാക്കുവാന്‍  സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടി ആശാവഹമാണ്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയ്യാറാക്കുമ്പോഴും ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥരുടെ ഫയലുകളിലെ ഊരാക്കുടുക്കുകളായി മാറാതിരിക്കാന്‍ ആവശ്യമായ ജാഗ്രത ബന്ധപ്പെട്ടവര്‍ പുലര്‍ത്തണമെന്നും സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടു. ക്ഷേമപദ്ധതികളോട് സഹകരിച്ച് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ക്രിയാത്മകമായ കൂട്ടായ പ്രവര്‍ത്തനം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.