സിനഡിന്റെ സുപ്രധാന തീരുമാനങ്ങളുമായി സർക്കുലർ

ജനുവരി 7 നു തുടങ്ങി ഇന്ന് സമാപിച്ച സിനഡിന്റെ സുപ്രധാന തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും വായിക്കുന്നതിനായി സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുറപ്പെടുവിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളും മാധ്യമ സംബന്ധമായ കാര്യങ്ങളും സന്യാസ സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും ചർച്ച ചെയ്ത സിനഡ്, ഈ വിഷയങ്ങളിൽ കൈകൊണ്ട തീരുമാനങ്ങൾ സർക്കുലറിൽ ചേർത്തിരിക്കുന്നു.

പ്രസ്തുത സർക്കുലറിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു:

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.

ഈശോയില്‍ ഏറ്റവും സ്‌നേഹമുള്ള സഹോദരീ-സഹോദരന്മാരേ,

സീറോ മലബാര്‍ സഭയുടെ 27-ാമത് സിനഡ് ജനുവരി 7-മുതല്‍ 18 വരെയുള്ള തീയതികളില്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന വിവരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. സിനഡിന്റെ വിജയത്തിനായി ഏറെ പരിത്യാഗങ്ങള്‍ അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ച എല്ലാ വിശ്വാസികളെയും ഞാന്‍ നന്ദിയോടെ ഓര്‍ത്ത് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. സിനഡില്‍ പങ്കെടുത്ത അമ്പത്തിയഞ്ച് പിതാക്കന്മാരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനും ജ്ഞാനത്തിനുമായി സിനഡിനിടയില്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ നിത്യാരാധനയില്‍ ഈ ദിവസങ്ങളില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം സിനഡിന്റെ വിജയത്തിനായി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

നമ്മുടെ സഭയെ സംബന്ധിക്കുന്ന ഒട്ടേറെ മേഖലകളില്‍ ക്രിയാത്മകമായ തീരുമാനങ്ങളും നടപടികളും ഈ സിനഡിലെ കൂട്ടായ ചര്‍ച്ചകളിലൂടെ രൂപപ്പെട്ടിട്ടുണ്ട്. മാറുന്ന കാലഘട്ടത്തിലെ സെമിനാരി പരിശീലനം, നമ്മുടെ കുര്‍ബാനക്രമം, അല്‍മായ പങ്കാളിത്തം, പ്രേഷിതാഭിമുഖ്യം, കാര്‍ഷികമേഖല, യുവജനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ആഴമേറിയ ചര്‍ച്ചകളും വിചിന്തനങ്ങളും സിനഡില്‍ നടക്കു കയുണ്ടായി. ഇവയെ സംബന്ധിച്ചെടുത്ത കൂട്ടായ തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ നിങ്ങളെ ക്രമേണ അറിയിക്കുന്നതാണ്. സിനഡിന്റെ ചില സുപ്രധാന തീരുമാനങ്ങള്‍ നിങ്ങളെ അറിയിക്കണമെന്ന് സിനഡു പിതാക്കന്മാര്‍ ഏകമനസ്സോടെ അഭ്യര്‍ത്ഥിച്ചതിനാലാണ് ഈ സര്‍ക്കുലര്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ക്കും നടപടികള്‍ക്കും സിനഡ് പൂര്‍ണ്ണപിന്തുണ അറിയിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അതിരൂപതയിലെ മെത്രാന്മാരായ ഞങ്ങള്‍ നാലുപേരും ഈ ദിവസങ്ങളില്‍ ഒരുമിച്ചിരുന്ന് വിശദമായ ചര്‍ച്ച നടത്തുകയും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം തേടുകയും ചെയ്തു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വസ്തുതകളുടെ നിജസ്ഥിതി വ്യക്തമാകും. പ്രസ്തുത റിപ്പോര്‍ട്ട് റോമിലെ പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിലാണ് അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ സമര്‍പ്പിക്കേണ്ടത്. അവിടെനിന്ന്  ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണ്ണമായും പരിഹരിക്കാനാവുമൊണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെും സിനഡ് നിര്‍ദ്ദേശിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോ മലബാര്‍ സഭയിലുള്ള ശ്രേഷ്ഠമായ പദവി സിനഡ് പ്രത്യേകം അനുസ്മരിച്ചു. അതിരൂപതയുടെ കൂട്ടായ്മയ്ക്കും പദവിക്കും ഹാനികരമായ തീരുമാനങ്ങള്‍ സിനഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമാണെ് സിനഡ് അറിയിക്കുന്നു.

സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും തികഞ്ഞ അച്ചടക്കത്തോടെ വ്രതങ്ങള്‍ പാലിച്ച് ജീവിക്കുന്നുവെന്നതാണ് സഭയുടെ കരുത്ത്. എന്നാല്‍ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചില അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കണമെന്ന് സിനഡ് വിലയിരുത്തി. ഇതിനായി സിനഡ് വ്യക്തമായ മാര്‍ഗ്ഗരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. വി. പൗലോസ് അപ്പസ്‌തോലന്‍ സൂചിപ്പിക്കുന്നു, അരാജകത്വത്തിന്റെ അരൂപി (2 തെസ. 2:7) നമ്മുടെ സഭയില്‍ വളരാതിരിക്കുവാന്‍ സഭയൊന്നാകെ പരിശ്രമിക്കേണ്ടതുണ്ട്. സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരുമെങ്കിലും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപ്പെടുത്തി. സഭയിലെ അച്ചടക്കം പുനഃസ്ഥാപിക്കാന്‍ സിനഡ് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

1. സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷണനടപടി നിയമാനുസൃതം സ്വീകരിക്കണമെന്നും സിനഡ് ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസ സമൂഹാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. അച്ചടക്കനടപടികളെ സഭാവിരുദ്ധ ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാലപ്രവണത അംഗീകരിക്കാനാവില്ല.

2. സഭയെയും സഭാദ്ധ്യക്ഷന്മാരെയും വൈദിക-സമര്‍പ്പിത ജീവിതത്തെയും കൂദാശകളെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ അനുദിനമെന്നോണം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും സഭാവിരുദ്ധമായ ചില നാമമാത്ര സംഘടനകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കളോ, മീഡിയ കമ്മീഷനോ വഴിയല്ലാതെ വരുന്ന സഭാസംബന്ധമായ വാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക നിലപാടുകളാണെ് ആരും തെറ്റിദ്ധരിക്കരുത്.

3. ചാനല്‍ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമേ ഇനിമേല്‍ പങ്കെടുക്കാന്‍ പാടുള്ളൂ. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗിക വക്താക്കളാകാനും സഭാകേന്ദ്രത്തില്‍ നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന വിവരം ഇത്തരുണത്തില്‍ നിങ്ങളെ അറിയിക്കട്ടെ. ചാനല്‍ചര്‍ച്ചകളില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുംവിധം വിശേഷിപ്പിക്കന്ന പ്രവണത പ്രതിഷേധാര്‍ഹമാണ്. മാധ്യമസംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ സിനഡ് ഒരു മീഡിയ കമ്മീഷ നെയും നിയമിച്ചിട്ടുണ്ട്.

4. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവയെ സംബന്ധിച്ചുള്ള കാനോനിക നിയമങ്ങള്‍ പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി പരിഗണിക്കപ്പെടും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവര്‍ സഭയുടെ കാനോനികനിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

5. സഭയിലെ ഏതെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകളെ ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കര്‍ശന നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു.

6. സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്‍പിക്കണമെന്ന് വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയ്ക്കു വേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണ്ണമായും തള്ളിക്കളയന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ വിഭാഗീയത വളര്‍ത്തുന്നതും സഭാഗാത്രത്തില്‍ ആഴമായ മുറിവേല്‍പിക്കുന്നതുമായതിനാല്‍ ഇത്തരം സംഘടനകളുമായി സഭാവിശ്വാസികള്‍ യാതൊരു വിധത്തിലും സഹകരിക്കരുതെന്നും സിനഡ് ആഹ്വാനം ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചുരുക്കം ചില വ്യക്തികള്‍ സ്വന്തം നിലയില്‍ രൂപികരിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സഭയുടെ ഔദ്യോഗികസംഘടനയും പ്രസ്ഥാനവുമാണെന്ന് തോന്നിപ്പിക്കുന്ന പേരുകള്‍ നല്‍കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ സഭാമക്കള്‍ തിരിച്ചറിയുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.

തിരുസഭ ഈശോമിശിഹായുടെ ശരീരമാകയാല്‍ സഭയുടെ കൂട്ടായ്മക്കു വേണ്ടി പരിശ്രമിക്കാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ടെന്ന് ഓര്‍മ്മിക്കണം. സഭയിലെ ഐക്യത്തിനായി നിങ്ങള്‍ എല്ലാവരും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. സഭയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമായ അച്ചടക്കം നിലനിറുത്താന്‍ സിനഡ് കൈക്കൊണ്ട ഈ തീരുമാനങ്ങള്‍ എല്ലാ സഭാവിശ്വാസികളും തുറന്ന മനസ്സോടെ സ്വീകരിച്ച് നടപ്പിലാക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. കൂട്ടായ്മയുടെ അരൂപിയായ പരിശുദ്ധാത്മാവ് നമ്മെ നേര്‍വഴിക്ക് നയിക്കട്ടെ. തിരുസഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെയും നമ്മുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരു ടെയും വാഴ്ത്തപ്പെട്ടവരുടെയും മാദ്ധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.

മിശിഹായില്‍ സ്‌നേഹപൂര്‍വ്വം,

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.