മാർ ആന്റണി കരിയിൽ എറണാകുളം – അങ്കമാലി വികര്‍ ആർച്ചു ബിഷപ്പ്

മാർ ആൻ്റണി കരിയിൽ എറണാകുളം – അങ്കമാലി അതിരൂപതാ വികര്‍ ആർച്ചു ബിഷപ്പായി നിയമിതനായി. ഇതോടെ സീറോമലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തിന് പുതിയ സംവിധാനം നിലവില്‍ വന്നു. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ വികാര്‍ എന്ന പുതിയ തസ്തിക വത്തിക്കാന്‍ അംഗീകാരത്തോടെ സിനഡ് പുതുതായി സ്ഥാപിച്ചതാണ്. മാന്ധ്യ രൂപതയുടെ മെത്രാനായിരുന്ന മാർ ആൻ്റണി കരിയിൽ മെത്രാനായി അഭിഷിക്തനായത് 2015 ഒക്ടോബർ 18 ന് ആണ്.

മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനെ മാന്ധ്യ രൂപതയുടെ ബിഷപ്പായും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചു. ബിജ്നോര്‍ ബിഷപ്പായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ നിയമിതനായി.

എറണാകുളം – അങ്കമാലി അതിരൂപതയിലെ ചേർത്തലക്കടുത്തുള്ള ചാലിൽ എന്ന സ്ഥലത്ത് 1950 മാർച്ച് 26 ന് മാർ ആൻ്റണി കരിയിൽ ജനിച്ചു. സി. എം. ഐ കോൺഗ്രിഗേഷനിൽ അംഗമായ അദ്ദേഹത്തിൻ്റെ ആദ്യ വ്രതവാഗ്ദാനം 1967 മെയ് 16 നും പൗരോഹിത്യ സ്വീകരണം 1977 ഡിസംബർ 27 നും ആയിരുന്നു.

മാർ ആൻ്റണി കരിയിൽ 1978 മുതൽ 1997 വരെ  ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിന്റെ (ഇപ്പോഴത്തെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) പ്രൊഫസറായും പ്രിൻസിപ്പൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ പ്രിൻസിപ്പൽ ആയി 1997 മുതൽ 2002 വരെ ഇദ്ദേഹമായിരുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും കൊച്ചി രാജഗിരി ബിസിനസ് സ്കൂൾ ആൻഡ് രാജഗിരി സ്കൂൾ ഓഫ്  എൻജിനിയറിംഗ് ആൻഡ് ടെക്നോളോജിയുടെ ഡയറക്ടർ ആയും ചുമതല വഹിച്ചിട്ടുണ്ട്.

2002 മുതൽ 2008 വരെ സി. എം. ഐ സഭയുടെ പ്രിയോർ ജനറൽ ആയിരുന്നു. പിന്നീട്, കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിഷ്യൽ ആയി 2011 ലും ഇദ്ദേഹം നിയമിതനായി.

ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് കന്നടയിൽ ഡിപ്ലോമയും ദൈവശാസ് ത്രത്തിൽ ബിരുദവും (ധർമ്മാരം വിദ്യാക്ഷേത്രം ബാംഗ്ളൂർ), ഫിലോസഫി  (പൂനെ ജ്ഞാനദീപം വിദ്യാപീഠം) നേടിയിട്ടുണ്ട്. സോഷ്യോളജിയിൽ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘കേരളത്തിലെ സഭയും സമൂഹവും’, ‘തിരുവചസ്സ്’, ‘സുവർണ ചിന്തകൾ’ എന്നിവ അവയിൽ ചിലതാണ്.