“ഇറ്റലിയിലെ വൈദികരില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്” – ചൈനയില്‍ നിന്നും ഒരു വൈദികന്‍റെ കുറിപ്പ്  

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നൂറിലധികം വൈദികരാണ്‌ മരിച്ചുപോയത്. സമര്‍പ്പിത സന്യാസിനിമാരും ഒരുപാട് പേര്‍ മരിച്ചു. മിക്കവരും മരിക്കാനുള്ള പ്രധാനകാരണം രോഗബാധിതരെ ശുശ്രൂഷിച്ചു എന്നതാണ്. അതായത്, അപരനുവേണ്ടി ജീവത്യാഗം ചെയ്ത ജീവിതങ്ങള്‍…

വിസ്മരിക്കാനാവില്ല, ഇവരുടെ ഈ ജീവത്യാഗത്തെ. ചൈനയില്‍ നിന്നും ഒരു പുരോഹിതന്‍ എഴുതുന്ന കുറിപ്പാണിത്. ഇറ്റലിയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളില്‍ അടിക്കടി ഉയരുന്ന മരണസംഖ്യയും രോഗബാധിതരുടെ എണ്ണത്തില്‍ ഉള്ള വര്‍ദ്ധനവും കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതോടൊപ്പം ഏവരുടെയും കണ്ണുകള്‍ നനയിക്കുന്ന ചില സംഭവങ്ങളും ഈ നാളുകളില്‍ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ജീവനേക്കാള്‍ അപരന്റെ ജീവന് വിലകല്പിക്കുന്ന ചില വ്യക്തികളുടെ ജീവിത സാക്ഷ്യങ്ങള്‍.

സ്വസ്ഥമായി ജീവിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യം ഈ രോഗത്തിന്‍റെ നാളുകളില്‍ നിരോധിച്ചിരുന്നപ്പോള്‍ തങ്ങളുടെ ആടുകളെ അന്വേഷിച്ചുപോയ നല്ല ഇടയന്മാര്‍. രോഗബാധിതരെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ധൈര്യം പകരാനും ഇറങ്ങി തിരിച്ചവര്‍. അങ്ങനെ രോഗം ബാധിച്ചവരുണ്ട്. ദിവ്യകാരുണ്യവും കൈകളില്‍ വഹിച്ചുകൊണ്ട് ആ നഗരത്തെ അനുഗ്രഹിച്ച് കടന്നുപോയവരുണ്ട്. തനിക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങള്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി മാറ്റിവെച്ച് മരണം വരിച്ചവരുണ്ട്. ഈ പുരോഹിതരെ ഇതിനെല്ലാം പ്രേരിപ്പിച്ചത് ദൈവത്തിലുള്ള ആഴമായ വിശ്വാസവും സ്നേഹവുമാണ്.

അതോടൊപ്പം അമേരിക്കയില്‍ ചില വൈദികര്‍ റോഡ്‌ സൈഡില്‍ വന്നിരുന്നുകൊണ്ട് കാറില്‍ നിന്നിറങ്ങാതെ തന്നെ ആളുകള്‍ക്ക് കുമ്പസാരത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്ന കാഴ്ച. പാര്‍ക്കിംഗ് ഏരിയയില്‍ വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍. വളരെയധികം ബുദ്ധിമുട്ടുള്ള ഈ സാഹചര്യത്തില്‍ ആടുകള്‍ക്ക് വേണ്ടി ഇടയന്മാര്‍ എടുക്കുന്ന ഈ ത്യാഗത്തെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവുമോ?

ചൈനയില്‍ പള്ളികള്‍ എല്ലാം അടിച്ചിട്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ കുറിപ്പ് എഴുതിയ ശേഷം ഞാന്‍ ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ വീട്ടില്‍ ആയിരിക്കുന്ന ഞാന്‍ തിരിച്ച് എന്‍റെ ഇടവകയിലേക്ക് പോകുവാന്‍. നഷ്ടപ്പെടുത്താതെ എന്‍റെ ആടുകളെ അന്വേഷിക്കുവാനും അവരോടൊപ്പം ആയിരിക്കുവാനും. കാരണം, ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച ക്രിസ്തുവിന്‍റെ സ്നേഹത്തെ മറക്കാന്‍ എനിക്കാവില്ല.