മണ്ണാര്‍ക്കാട് പെരിമ്പടാരി ഫൊറോനാ പള്ളിയില്‍ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പാചരണം തുടങ്ങി

മണ്ണാര്‍ക്കാട് : പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പാചരണം തുടങ്ങി. സെപ്റ്റംബര്‍ ഏഴാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം 4-ന് ജപമാല, തുടര്‍ന്ന് 4.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, നേര്‍ച്ച എന്നിവയുണ്ടാകും.

മണ്ണാര്‍ക്കാട് ടൗണ്‍ പ്രസാദമാതാ നിത്യാരാധന പള്ളിയില്‍ ഏഴാം തീയതി വരെ എല്ലാ ദിവസവും രാവിലെ 6.45-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി വരെ വിശുദ്ധ കുര്‍ബാനയുടെ ആരാധനയും ഉണ്ടായിരിക്കും. പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാള്‍ ദിനമായ എട്ടാം തീയതി രാവിലെ 10-ന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, തിരുനാള്‍ സന്ദേശം, നൊവേന, പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും.

എട്ടു നോമ്പാചരണത്തിന്റെ ആദ്യ ദിവസമായ ഇന്നലെ വൈകുന്നേരം 4.15-ന് ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി തിരുനാള്‍ കൊടിയേറ്റം നടത്തി. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, അസോസിയേറ്റ് വികാരി ഫാ. സേവ്യര്‍ തെക്കനാല്‍, ഫാ. എല്‍വീസ് കോച്ചേരില്‍ എന്നിവര്‍ കാര്‍മ്മികരായി. തുടര്‍ന്ന് പ്രസംഗം, നൊവേന, നേര്‍ച്ച എന്നിവയുണ്ടായിരുന്നു.

രണ്ടാം തീയതി കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ. ടോണി അറയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാ മറിയവും വിശ്വാസ സത്യങ്ങളും എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.

മൂന്നാം തീയതി ജീസസ് യൂത്ത് രൂപത ഡയറക്ടര്‍ ഫാ. ടോജി ചെല്ലംകോട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാമറിയവും ജപമാലയും എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.
നാലാം തീയതി ഫാ. സിബിന്‍ കരുത്തിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാമറിയം സഹനങ്ങള്‍ രക്ഷയ്ക്കുള്ള മാര്‍ഗ്ഗമാക്കിയവള്‍ എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.

അഞ്ചാം തീയതി മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലാലു ഓലിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാമറിയം സമര്‍പ്പണത്തിന്റെ മാതൃക എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.

ആറാം തീയതി പൊന്നംകോട് ഫൊറോനാ വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വാഴേപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാമറിയം വിശ്വാസത്തിന്റെ മാതൃക എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.

എഴാം തീയതി ലാസറലേറ്റ് പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി ഫാ. ജെസ്ബിന്‍ പുലവേലിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യകാമറിയം സഹരക്ഷക എന്ന വിഷയത്തില്‍ പ്രസംഗവും ഉണ്ടായിരിക്കും.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ ദിനമായ എട്ടാം തീയതി രാവിലെ 10-ന് കാഞ്ഞിരപ്പുഴ ഫൊറോന വികാരി റവ. ഫാ. ജോര്‍ജ്ജ് തെരുവന്‍കുന്നേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ജിം ഓഫ്‌സെറ്റ് പ്രസ് അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ മേലേമുറിയില്‍, അസോസിയേറ്റ് വികാരി ഫാ. സേവ്യര്‍ തെക്കനാല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ഫാ. ജോബിന്‍ മേലേമുറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് നൊവേന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും.