മരം മാപ്പു പറയണം

സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ഉപകാരപ്രദമായ സന്ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആരാണ് ഈ സന്ദേശങ്ങളുടെ രചയിതാവെന്നോ എവിടെയാണ് ഈ സന്ദേശങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചതെന്നോ (ഉറവിടം) ലൈഫ്‌ഡേ- യ്ക്ക് അറിയില്ലാത്തതിനാല്‍ പേരു വയ്ക്കാതെയാണ് അവ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥ രചയിതാവ്/ പ്രസാധകർ ലൈഫ്‌ഡേയുമായി ബന്ധപ്പെടുകയാണെങ്കില്‍ അവരുടെ ബൈലൈന്‍ വച്ച് സന്ദേശം പുനര്‍പ്രസിദ്ധീകരിക്കുന്നതാണ്; അഥവാ നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും ചെയ്യുന്നതാണ്.

ഒരിടത്ത് ഒരു വൻമരം നിന്നിരുന്നു. അത് പടർന്ന് പന്തലിച്ച് തണൽ വിരിച്ച് ഉയർന്നു നിന്നു. ആ തണലിൽ കുറെയേറെ പേർ അഭയം തേടി. ഗുരുക്കൻമാർ ആ വൃക്ഷത്തണലിലിരുന്ന് പഠിപ്പിച്ചു. ഭിഷഗ്വരൻമാർ ആ തണലിൽ രോഗികളെ പരിചരിച്ചു. അനേകം പേർ ആ തണലിലിരുന്ന് ദൈവനാമം ഉരുവിട്ടു പ്രാർത്ഥിച്ചു.

ആ മരത്തിൽ നിറയെ പഴങ്ങളുമുണ്ടായിരുന്നു. പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ എല്ലാവരും പഴങ്ങൾ ആവോളം തിന്നു പോന്നു. വല്ലപ്പോഴും ആ മരത്തിൽ നിന്നു വീഴുന്ന ചില പഴങ്ങളിൽ പുഴുക്കളുണ്ടായിരുന്നു.

ഒരു ദിവസം അങ്ങനെ പുഴുകുത്തിയ ഒരു പഴം നിലത്തു വീണു. ഉടൻ തന്നെ ഒരാൾ കോടാലിയുമായി മഹാവൃക്ഷത്തിനു നേരെ പാഞ്ഞടുത്തു. “മരം മാപ്പു പറയണം, മരം തല കുനിച്ചു നില്ക്കണം, പുഴുപ്പഴം വീഴ്ത്തിയ മരം വെട്ടിവീഴ്ത്തണം!” അയാൾ ആക്രോശിച്ചു കൊണ്ടിരുന്നു. ചിലർ അതു കേട്ട് കോടാലിയും വാക്കത്തിയുമായി മരത്തെ വളഞ്ഞു.

മരം പുഞ്ചിരിച്ചതേയുള്ളൂ. തേനൂറുന്ന മാമ്പഴം അതു പൊഴിച്ചു കൊണ്ടേയിരുന്നു. കുളിരാർന്ന തണൽ അതു വിരിച്ചുകൊണ്ടേയിരുന്നു. ആരോടും പരിഭവമില്ലാതെ.

കാരണം, രണ്ടായിരം വർഷങ്ങളുടെ കാതലിൽ തട്ടി ആ കോടാലികൾ വായ്ത്തലയറ്റു പോയത് എത്രയോ കണ്ടിരിക്കുന്നു. എങ്കിലും അവർ ആക്രോശിച്ചുകൊണ്ടേയിരുന്നു: “വെട്ടുക, മുറിക്കുക, ചുടുചാരമാക്കുക വൃക്ഷവും തണലും തേൻപഴമൊക്കെയും!”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.