സ്നേഹം ചേർത്ത് വിളമ്പുന്ന ഭക്ഷണത്തിനു പിന്നിലെ നിസ്വാർത്ഥതയുടെ കഥ

ഡോൺ ഗാർഡ്നർ എന്ന ഇംഗ്ളീഷുകാരൻ എന്നും അതിരാവിലെ ഉണർന്നാൽ ദൈവത്തോട് ഇപ്രകാരമാണ് പ്രാർത്ഥിക്കുന്നത്: “ദൈവമേ, ഇന്നത്തെ ദിവസത്തിൽ ആരുടെയെങ്കിലും ജീവിതത്തിൽ ഒരു നല്ല മാറ്റം വരുത്തുവാൻ എന്നെ സഹായിക്കേണമേ.” അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മറ്റുള്ളവർക്ക് സേവനം ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ചു പറയുമ്പോൾ നിസ്വാര്‍ത്ഥമായ ആഗ്രഹത്തിന്റെ തെളിമ നിറഞ്ഞു നിന്നിരുന്നു.

കാനഡയിലെ കോൺവോയിലെ 600 -ഓളം കുടുംബങ്ങളുടെ വിശപ്പടക്കുന്ന ഡോൺ ഇന്ന് ശ്രദ്ധേയനാകുന്നത് തന്റെ ഈ സേവന സന്നദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിക്കൊണ്ടാണ്. ഭാര്യ ജെന്നിനൊപ്പം ചേർന്നാണ് ഡോൺ കോൺവോയിലെ ആദ്യത്തെ സ്വതന്ത്ര ഭക്ഷ്യ ബാങ്ക് സ്ഥാപിച്ചത്. പ്രതിമാസം 14000 ആളുകൾക്ക് ഭക്ഷണം നൽകുന്ന ഈ സംരംഭത്തിൽ ഒരുപാടുപേരുടെ വിശപ്പിനും ജീവിതത്തിലെ കഷ്ടതകൾക്കുമുള്ള മറുപടിയുണ്ട്. ഭക്ഷണം പാകം ചെയ്യുവാൻ ആവശ്യമായ ഊർജ്ജം പോലും വാങ്ങുവാൻ പണമില്ലാത്തവരാണ് തങ്ങളുടെ ഈ സ്നേഹ പ്രവർത്തനങ്ങളിൽ നിന്നും പങ്കുപറ്റുന്നതെന്ന്‍ ഡോൺ പറയുന്നു.

ലോക്ക് ഡൗണിന്റെ നാളുകളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നെങ്കിൽ കൂടിയും ദൈവം അയച്ച 74 സന്നദ്ധ പ്രവർത്തകർ അനേകരുടെ വിശപ്പിനു അറുതിവരുത്തി. ഫുഡ് ബാങ്കിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുമ്പോളും ഡോണിന് ആലോചിക്കുവാനും പ്രാർത്ഥിക്കുവാനും ഒരുപാട് കാര്യങ്ങളുണ്ട്. നാളെയ്ക്കുള്ള ഭക്ഷണത്തിന്റെ തുക കണ്ടെത്തുക വളരെ ശ്രമകരമാണെങ്കിലും എല്ലാം ദൈവം നടത്തിത്തരുമെന്നുള്ള വലിയ പ്രതീക്ഷയാണ് ഓരോ ദിനവും ഡോണിനെ വഴിനടത്തുന്നത്. വരാനിരിക്കുന്ന തണുപ്പ് കാലത്തേക്ക് ആളുകൾക്ക് എന്തെങ്കിലും അധിക സഹായം ചെയ്യുവാൻ സാധിക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. പ്രവർത്തനങ്ങളിൽ  തനിക്കു കൂട്ടായിരുന്ന ഭാര്യ ജെന്നി ദൈവ തിരുസന്നിധിയിലേക്ക് തിരികെ വിളിക്കപ്പെട്ടെങ്കിലും പ്രാർത്ഥനയോടെ സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തോടൊപ്പം തന്റെ കൂട്ടിനുണ്ടെന്നു ഉറച്ച് വിശ്വസിക്കുകയാണ് ഡോൺ ഗാർഡ്നർ.

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.