മകനു വേണ്ടി തെരുവില്‍ ഉറങ്ങാന്‍ തയ്യാറായ ഒരു പിതാവ് 

“ഞാന്‍ എന്റെ മകനെ വളരെയധികം സ്‌നേഹിക്കുന്നു, ഇനി ഞാനും അവനോടൊപ്പം തെരുവില്‍ കഴിയാന്‍ പോവുകയാണ്”, ടോമി എന്ന 28കാരന്റെ പിതാവിന്റെ വാക്കുകളാണിവ. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുംപോലെ ജന്മം നല്‍കിയ മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ എന്തും ചെയ്യും, എന്തും സഹിക്കും, അവര്‍ക്കായി ഏത് ത്യാഗവും ചെയ്യും. ടെന്‍വറിലെ ഈ  പിതാവ്  ചെയ്തത് അറിഞ്ഞാല്‍ ആരും ഒന്ന് ആശ്ചര്യപ്പെടും.

മയക്കുമരുന്നിന് അടിമയായ മകനെ രക്ഷിക്കാന്‍ ഫ്രാങ്ക് എന്ന പിതാവ് അവനൊപ്പം തെരുവില്‍ അന്തിയുറങ്ങാന്‍ തയ്യാറായി. തന്റെ മകനെ ഒരു റീ-ഹാബിലോ ജയിലിലോ ഒന്നും കാണാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഫ്രാങ്ക് മകന്റെ വിഷമ ഘട്ടത്തില്‍ അവനൊപ്പം നില്ക്കാന്‍ തീരുമാനിച്ചു.

28 വയസ്സുകാരനായ ബൈപോളാര്‍ ഡിസോര്‍ടര്‍ ബാധിച്ച  ടോമി ഹെറോയിന് അടിമപ്പെട്ടു കഴിയുകയായിരുന്നു. ഒട്ടേറെ തവണ ജയിലിലും കഴിഞ്ഞു.

ജൂണ്‍ 5 ന് ഡെന്‍വറിന്റെ സിവിക് സെന്റര്‍ പാര്‍ക്കില്‍
എത്തിയ ടെന്‍വറിലെ ‘ആഫ്ടര്‍ അവര്‍സസ്’ എന്ന സംഘടനയുടെ പാസ്റ്റ്‌റായ ജെറി ഹേര്‍ഷിപ്സാണ് ഫ്രാങ്കിന്റെ അനുഭവങ്ങളെ വിവരിക്കുന്ന ഒരു ലേഖനം കാണുന്നത്. അദ്ദേഹത്തിലൂടെയാണ്  ഫ്രാങ്കിന്റെ കഥ ലോകം അറിയുന്നത്.

തന്റെ വീട്ടുവളപ്പില്‍ ചില പണികളില്‍ ഏര്‍പ്പെട്ടിരുന്ന ഫ്രാങ്കിന് പെട്ടെന്നാണ് ഒരു തോന്നല്‍ ഉണ്ടാവുന്നത്. അയാള്‍ പെട്ടന്ന് തന്നെ തന്റെ ഭാര്യ, ടൊലോറസ്സിനെ വിളിച്ചു കാര്യം പറഞ്ഞു. “ഞാന്‍  ടെന്‍വറിലെക്ക് പോവുകയാണ്, ഞാനും എന്റെ മകനെ പോലെ, അവന്റെ ഒപ്പം ഭവനരഹിതനായി തെരുവില്‍ ഉറങ്ങാന്‍ പോവുകയാണ്.”  കാര്യം കേട്ട  ടൊലോറസ്സിന് ആദ്യം ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് ഫ്രാങ്കിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം തോന്നി. മകനെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും, അവന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടോ എന്ന ഒരു ആശങ്ക തനിക്ക് ഉണ്ടന്നും അതുകൊണ്ട് തന്നെ താന്‍ അവനൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നെന്നും അയാള്‍ പറഞ്ഞു.

കുടിക്കാന്‍ അല്‍പ്പം വെള്ളവും ഒരു ചെറിയ ടെന്റും ഒരു ലൈറ്റും
പ്രഥമശുശ്രൂഷ കിറ്റും കുറച്ചു വസ്ത്രങ്ങളുമായി അയാള്‍ മകനെ തേടി പോയി. മകന്റെ പരുഷമായ പെരുമാറ്റവും സമീപനവും അയാളെ വിഷമിപ്പിച്ചെങ്കിലും അയാള്‍ ക്ഷേമയോടെ കാത്തിരുന്നു.

പൊതു ഗതാഗതം ഉപയോഗിക്കുമ്പോഴും നീണ്ട ക്യൂവില്‍  സാധനങ്ങള്‍ വാങ്ങാനായി നില്‍ക്കുമ്പോഴും രണ്ടാംക്ലാസ് പൗരനെന്ന നിലയില്‍ ആളുകള്‍  പെരുമാറുന്നത് ഏറെ  നിരാശാജനകം ആണെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചു. ഏതൊരാളോടും ഇടപെടുന്ന പോലെയേ ഞാന്‍ അവരോട് ഇടപെടൂ. ദൈവം നമ്മളെയെല്ലാം സമന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, എല്ലാവരെയും ബഹുമാനിക്കണമെന്നുമുള്ള ഫ്രാങ്കിന്റെ വാക്കുകള്‍ പ്രത്യാശ ഉളവാക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.