മാമാ ആന്റുല! ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേശത്തു നിന്നുള്ള പുണ്യവതി

അവളുടെ പേര് മരിയ അന്റോണിയ ഡി പാസ് ഫിഗ്യൂറോവ. പക്ഷേ ക്വച്ചുവാ മാമാ ആന്റുല എന്ന പേരിലാണ് അവള്‍ കൂടുതല്‍ അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ അര്‍ജന്റീനയില്‍ ജീവിച്ചിരുന്ന അവള്‍ കുലീനകുടുംബത്തിലെ അംഗമായിരുന്നു. പക്ഷേ താമസിയാതെ ആ സുഖജീവിതം അവള്‍ ഉപേക്ഷിക്കുകയായിരുന്നു.

പതിനഞ്ചാമത്തെ വയസില്‍ അവള്‍ ജെസ്യൂട്ട് പിതാക്കന്മാരോടൊപ്പം ചേര്‍ന്നു. അവിടെ അനാഥരും ആലംബഹീനരും വിധവകളും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ 1767-ല്‍ കാര്‍ലോസ് മൂന്നാമന്‍ രാജാവ് സ്‌പെയിനില്‍ നിന്നും അതിന്റെ കോളനികളില്‍ നിന്നും ജെസ്യൂട്ടുകളെ പുറത്താക്കി.

എന്നാല്‍, തങ്ങളുടെ ശുശ്രൂഷയുടെ ഗുണം അനുഭവിച്ചിരുന്നവര്‍ക്കു വേണ്ടി ബിഷപ്പുമാരുടെ അനുമതിയോടെ മാമാ ആന്റുല, രഹസ്യമായി യോഗങ്ങളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു. പ്രവാസകാലത്ത് ആ രാജ്യങ്ങളില്‍ ആത്മീയത നിലനിര്‍ത്തിയിരുന്നത് ഇത്തരം സാഹസികതകളിലൂടെയാണ്. ഇന്ന് നമുക്ക് ഒരു ജെസ്യൂട്ട് മാര്‍പാപ്പ ഇതേ അര്‍ജന്റീനയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാമാ ആന്റുലയെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്നാണ് അനേകര്‍ വിശ്വസിക്കുന്നത്.

1905-ലാണ് മാമാ ആന്റുലയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 1999-ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയോ ബര്‍ഗോളിയോ, ഇന്നത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നടപടികള്‍ പുനരാരംഭിച്ചത്. പിന്നീട് 2016-ല്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു.

‘മാമാ ആന്റുള’ എന്ന പേരില്‍ അവരുടെ ഒരു ജീവചരിത്രം ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. നുന്‍സിയ ലോക്കാറ്റെല്ലിയും സിന്തിയ സുവാരസും ചേര്‍ന്ന് തയ്യാറാക്കിയ ജീവചരിത്രമാണ് ഇപ്പോള്‍ വീണ്ടും മാമാ ആന്റുലയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായത്. പുണ്യവതിയുടെ പേരില്‍ നടന്ന അത്ഭുതങ്ങള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഒരു വ്യക്തിയെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്താനാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.