മലയിഞ്ചിപ്പാറയുടെ മകുടം: സെന്റ് ജോസഫ്സ്  യു.പി. സ്‌കൂള്‍

കീർത്തി ജേക്കബ്

ശതാബ്ദിയോട് അടുത്തു നില്‍ക്കുന്ന മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ്  യു.പി. സ്‌കൂള്‍ (1925 – 2025) 

സ്‌കൂളുകളുടേയും വിദ്യാഭ്യാസത്തിന്റേയും പ്രാധാന്യം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കി തുടങ്ങുന്നതിന് മുമ്പു തന്നെ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍, ഇന്നത്തെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ, പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തില്‍ ഒരു വിദ്യാലയം പിറവിയെടുത്തിരുന്നു. ഇന്നത്തെ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ്  യു.പി. സ്‌കൂള്‍! മണ്ണിനോട് പടവെട്ടിയുള്ള ജീവിതത്തിനിടയിലും സ്‌നേഹസമ്പന്നരായ ഇവിടുത്തെ കുടിയേറ്റ കര്‍ഷകര്‍ തങ്ങളുടെ കുട്ടികള്‍ക്ക് അക്ഷരം പഠിക്കുവാനായി ഒരുക്കി നല്‍കിയ ആ വിദ്യാലയം ഇന്ന് ശതാബ്ദിയോട് അടുത്തു നില്‍ക്കുകയാണ്. സ്‌കൂള്‍ അങ്കണത്തിലൂടെ കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും പാഠങ്ങൾ പഠിച്ചും കടന്നുപോയ അനേകായിരം കുരുന്നുകളിലൂടെ സാംസ്‌കാരിക കേരളത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുകയും ക്രിയാത്മകവും മാതൃകാപരവുമായ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ്  യു.പി. സ്‌കൂള്‍ എന്ന വലിയ പാഠപുസ്തകത്തെ പരിചയപ്പെടാം.

സ്‌കൂളിന്റെ പിറവി

കുടിയേറ്റ കര്‍ഷകര്‍ കഠിനാദ്ധ്വാനം ചെയ്ത്, മണ്ണിനെ പൊന്നാക്കി വളര്‍ത്തിയെടുത്ത ഗ്രാമമാണ് കോട്ടയം പാതാമ്പുഴയ്ക്കടുത്ത് മലയിഞ്ചിപ്പാറ. കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1925 മേയ് 17 ാം തിയതി നാട്ടുകാര്‍ തന്നെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. സമൂഹനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന പൂണ്ടിക്കുളം കുടുംബത്തിലെ ശ്രീ. ലൂക്കാ ദേവസ്യ (കുഞ്ഞാപ്പന്‍) ഇപ്പോൾ സ്‌കൂൾ ഇരിക്കുന്ന സ്ഥലം വിലയ്ക്കുവാങ്ങി അവിടെ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. മൂന്നു ക്ലാസുകളോടെയായിരുന്നു തുടക്കം. ശ്രീ. ലൂക്കാ ദേവസ്യ പൂണ്ടിക്കുളം മാനേജരായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ. പരമേശ്വരന്‍ ഇടയിടമാണ്.

1952 – ല്‍ റവ. ഫാ. ഫ്രാന്‍സിസ് കൊടകനാടി മാനേജരായിരിക്കുമ്പോള്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭക്കാരുടെ സേവനം ഈ സ്‌കൂളിന് ലഭ്യമാക്കാന്‍ ഇവിടെ ഒരു മഠം സ്ഥാപിക്കുകയും പ്രധാനാധ്യാപികയായി ബഹുമാനപ്പെട്ട സി. ഫാത്തിമാമേരി  എഫ്‌സിസി നിയമിതയാവുകയും ചെയ്തു. അന്നു മുതല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിന്റെ സേവനം ലഭ്യമായി വരുന്നു. 2017 – മുതല്‍ എല്‍കെജി, യുകെജി ക്ലാസുകളും സ്‌കൂളില്‍ ആരംഭിക്കുകയുണ്ടായി.

പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍

സ്‌കൂള്‍ സ്ഥാപിച്ചിട്ട് 97 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏകദേശം ഒമ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ കലാലയത്തില്‍ നിന്നും ജീവിതപാഠങ്ങള്‍ ഉള്‍ക്കൊണ്ട്, പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ കോണുകളില്‍, വിവിധ മേഖലകളില്‍ വ്യാപരിക്കുന്നു. അതുപോലെ തന്നെ ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, മത, രാഷ്ട്രീയ, സാഹിത്യ, കാര്‍ഷിക മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടും ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചുകൊണ്ടും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സിന്റെ മക്കള്‍ വിരാജിക്കുന്നു.

മലയിഞ്ചിപ്പാറ സ്‌കൂളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്‌കൂൾകാല അനുഭവങ്ങളും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓർമ്മകളും ഈ ഫീച്ചറിന്റെ താഴെ കമന്റായി എഴുതാം.

എല്ലാ കുട്ടികളും മികവിലേയ്ക്ക്

‘എല്ലാ കുട്ടികളും മികവിലേയ്ക്ക്’ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഈ സ്‌കൂളിലെ ഓരോ പ്രവര്‍ത്തനവും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും മികവ് പുലര്‍ത്തുന്നവര്‍ക്ക് തീവ്രപരിശീലനം നല്‍കിയും വിവിധ മത്സരപരീക്ഷകളില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിലെ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുവാനും വേണ്ട പരിഹാരം കണ്ടെത്തുവാനും അതുവഴി കുട്ടികളോടൊപ്പം കുടുംബാംഗങ്ങളേയും സ്‌കൂളിനോട് ചേര്‍ത്തു നിര്‍ത്തുവാനും സ്‌കൂളധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

വിജ്ഞാന പരിപോഷണത്തിന് വിവിധ മാര്‍ഗങ്ങള്‍

ഇംഗ്ലീഷ് വില്ല, ചരിത്ര മ്യൂസിയം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവയൊക്കെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാന പരിപോഷണത്തിനുവേണ്ടി സ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നവയാണ്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ സംഗീതം, നൃത്തം, ബാന്‍ഡ് എന്നിവയിലും പരിശീലനം നല്‍കുന്നു. ഉപജില്ല, റവന്യൂജില്ലാ തലങ്ങളില്‍ കലാശാസ്ത്രമേളകളില്‍ ഓവറോള്‍ ട്രോഫികളും ഈ സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍ പതിവായി കരസ്ഥമാക്കാറുണ്ട്. കുട്ടികള്‍ തന്നെ പരിപാലിക്കുന്ന, സ്‌കൂളിനോടു ചേര്‍ന്നുള്ള ജൈവവൈവിധ്യ ഉദ്യാനമാണ് സ്‌കൂളിന്റെ മറ്റൊരാകര്‍ഷണ ഘടകം.

വീട്ടുവായനശാല

കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശ്യവുമായി ഭവനങ്ങളില്‍ വീട്ടുവായനശാല ഒരുക്കി, മലയിഞ്ചിപ്പാറയിലെ ഈ കൊച്ചു സ്‌കൂള്‍. ഈ വര്‍ഷത്തെ വായനാദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ ഭവനങ്ങളിലും വീട്ടുവായനശാലയ്ക്ക് തുടക്കമിട്ടു. വീടുകളില്‍ സ്വന്തമായുള്ള പുസ്തകങ്ങള്‍ക്കു പുറമേ സ്‌കൂളിന്റെ വിഹിതം പുസ്തകങ്ങളും വീട്ടുവായനശാലയില്‍ ഉണ്ടാകും. പാതാമ്പുഴ പബ്ലിക് ലൈബ്രറിയാണ് ഈ പദ്ധതിയിക്ക് പിന്തുണ നല്‍കുന്നത്. ഇതിന്റെ ഭാഗമായി വായനാ മത്സരങ്ങളും പുസ്തക ആസ്വാദനങ്ങളും വിഷയാധിഷ്ഠിത പരിപാടികളും നടത്തിവരുന്നു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പദ്ധതിയും പേപ്പര്‍ പേനയും

നല്ലപാഠം പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രാമത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന, പുഴ-ജല സംരക്ഷണ, വൃക്ഷവല്‍ക്കരണ പരിപാടികള്‍ നടത്തുകയുണ്ടായി. കൂടാതെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിനായി പാതാമ്പുഴയിലെ വ്യാപാരികള്‍ക്കിടയില്‍ കുട്ടികള്‍ ബോധവത്ക്കരണവും നടത്തി. മീനച്ചിലാറിന്റെ പോഷകത്തോടായ പാതാമ്പുഴ തോടിന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ‘പുഴയഴക്’ പ്രോജക്ടിന് മുന്നോടിയായി പുഴ പറയും കഥയറിയാന്‍ എന്ന പേരില്‍ പഠന നീരീക്ഷണവും ശുചീകരണവും കുട്ടികള്‍ നടത്തിയിട്ടുണ്ട്.

ലഹരിയെ തൂക്കിലേറ്റിയപ്പോള്‍

നല്ലപാഠം ‘അരുത് ലഹരി’  ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മദ്യക്കുപ്പികളും പുകയില ഉല്‍പന്നങ്ങളും തൂക്കിലേറ്റിയത് കൗതുകകരമായി. ‘ലഹരി വസ്തുക്കളെ തൂക്കിലേറ്റുക, ഞങ്ങളുടെ ജീവിതം തിരിച്ചു തരിക’ എന്ന വിദ്യാര്‍ത്ഥികളുടെ ആര്‍പ്പുവിളികളോടെയാണ് ലഹരിയെ തൂക്കിലേറ്റിയത്. ‘തൂക്കിലേറ്റല്‍’ നടത്തുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ റാലിയും തെരുവുനാടകവും നടത്തിയിരുന്നു.

ആദ്യ ഹരിത വിദ്യാലയം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യ ഹരിത വിദ്യാലയം എന്ന ബഹുമതിയും ഈ സ്‌കൂളിനാണ്. പ്രകൃതി സംരക്ഷണത്തിനായി പല പദ്ധതികളും അവര്‍ നടപ്പിലാക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹരിത ചട്ടംപാലിക്കുന്ന ഈ സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പേപ്പര്‍ പേനകളാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളെയും പേപ്പര്‍പേന നിര്‍മ്മാണം പരിശീലിപ്പിച്ചിട്ടുമുണ്ട്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കുന്നതിനും തുണി സഞ്ചികളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിനുമായി പാതാമ്പുഴ ടൗണിലെ കടകളിലും വീടുകളിലും സര്‍വ്വേ നടത്തിയശേഷം പി.ടി.എയുടെ സഹകരണത്തോടെ മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് നിര്‍മ്മിച്ച 200 ഓളം തുണിസഞ്ചികള്‍ ആദ്യഘട്ടത്തില്‍ സൗജന്യമായും രണ്ടാം ഘട്ടത്തില്‍ കുറഞ്ഞ നിരക്കിലും പ്രദേശത്തെ  കടകളിലും വീടുകളിലും വിതരണം ചെയ്തു. 30 രൂപയ്ക്കാണ് ഇവ നല്‍കുന്നത്. ഇന്ത്യ സിറ്റിസണ്‍ ഫോറത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യ വിപ്ലവം

സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ചിലരുടെ അനാരോഗ്യം ശ്രദ്ധയില്‍പ്പെട്ട നല്ലപാഠം പ്രവര്‍ത്തകര്‍ 10 പേരെ പഠനത്തിനായി തിരഞ്ഞെടുത്തുകൊണ്ട് ആരംഭിച്ച പ്രവര്‍ത്തനമാണ് പിന്നീട് ‘ഭക്ഷ്യ-ആരോഗ്യ സ്വരാജ്’ പദ്ധതിയായി വളര്‍ന്നത്. ഈ പ്രോജക്ടിന് ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിലെ സയന്‍സ് റിസര്‍ച്ച് മെതേഡ് പ്രോജക്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു.

വിപണി ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും നാട്ടുഭക്ഷണത്തിന്റെ അഭാവവും ആളുകളിലെ പ്രതിരോധശേഷി കുറയ്ക്കുന്നതായി ഇവര്‍ നടത്തിയ സര്‍വേകളിലൂടെ നിരീക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായി പ്രമുഖ ഇലയറിവ് വിദഗ്ധന്‍ സജീവന്‍ കാവുങ്കരയുടെ നേതൃത്വത്തില്‍ പ്രാദേശിക ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവു പകരാന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഇരുപതിലേറെ ഇല വര്‍ഗ്ഗങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളും നാട്ടിലെ മുതിര്‍ന്ന ആളുകളുടെ സഹായത്തോടെ കുട്ടികള്‍ മനസിലാക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ‘ഭക്ഷണം അരികെ ആരോഗ്യം തിരികെ’ എന്ന കുട്ടികളുടെ പ്രഖ്യാപിത മുദ്രാവാക്യത്തിന് നാട്ടിലും വന്‍ പ്രചാരണം ലഭിച്ചു.

മഴയെ അറിയാന്‍ മഴമാപിനി

2020 – ലെ ലോക ജലനിരീക്ഷണ ദിനത്തില്‍ സ്‌കൂളില്‍ മഴമാപിനി സ്ഥാപിച്ചു. മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സേവ് മീനച്ചിലാര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് നടത്തുന്ന മീനച്ചില്‍ നദീ -ജല നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മഴമാപിനി സ്ഥാപിച്ചത്. മീനച്ചില്‍ നദീസംരക്ഷണസമിതി സ്‌കൂള്‍സ് ഫോര്‍ റിവറിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിനാണ് സ്‌കൂളിലെ നിരീക്ഷണചുമതല. മീനച്ചില്‍ റിവര്‍ വാട്ടര്‍ മോണിട്ടറിംഗ് ടീമിന് മലയിഞ്ചിപ്പാറ ഭാഗത്തെ മഴയുടെ വിവരങ്ങള്‍ സമയാസമയങ്ങളില്‍ കൈമാറുകയാണ് സ്‌കൂളിലെ ആക്ഷന്‍ ഗ്രൂപ്പ് ചെയ്യുന്നത്.

ഫെയ്‌സ് ഇറ്റ് (Family Centered Integrated Training)

കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും കൂട്ടിച്ചേര്‍ത്ത് ഒരു വര്‍ഷം നീളുന്ന സമഗ്ര ഓണ്‍ലൈന്‍ പരിശീലന പരിപാടിയും സ്‌കൂളധികൃതര്‍ ആവിഷ്‌കരിച്ചിരുന്നു. 40 ക്ലാസുകള്‍ ഉള്‍പ്പെടുന്ന പരിപാടിയില്‍ 20 സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും 10 അടിസ്ഥാന പിഎസ്‌സി പരിശീലനവും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന 10 ക്ലാസുകളും ഉള്‍പ്പെടുന്നതാണ് പരിശീലനം. ഞായറാഴ്ചകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ക്ലാസുകള്‍ നല്‍കുന്നത്.

മികവിന് ലഭിച്ച അംഗീകാരങ്ങള്‍

പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ 2017 – ലെ ‘ഹരിതവിദ്യാലയ പുരസ്‌കാരം’ , 2018 ല്‍ ദീപിക ജൈവനന്മ അവാര്‍ഡ്, 2019 ലെ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഓവറോള്‍ കിരീടം, ഉപജില്ലാ ശാസ്‌ത്രോത്സവം ഓവറോള്‍ കിരീടം, 2020 ല്‍ സംസ്ഥാന ഹരിത കേരള മിഷന്‍ ഈരാറ്റുപേട്ട ബ്ലോക്കിലെ ആദ്യ ‘ഹരിതവിദ്യാലയ പുരസ്‌കാരം’, സംസ്ഥാന ഭക്ഷ്യ ആരോഗ്യ സ്വരാജ് അവാര്‍ഡ്, സ്‌കൂള്‍ ഭരണഘടന ജില്ലാതല പുരസ്‌കാരം, മലയാള മനോരമ ‘നല്ലപാഠം’ പുരസ്‌കാരം, മികച്ച പിടിഎ അവാര്‍ഡ് തുടങ്ങിവ സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങളാണ്. എല്‍എസ്എസ്, യുഎസ്എസ്, ലുമിനറി, സുഗമഹിന്ദി തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പതിവായി മികവ് പുലര്‍ത്താറുണ്ട്.

വളര്‍ച്ചയുടെ പാതയിലൂടെ

പ്രത്യേക ഇംഗ്ലീഷ് പരീശീലനം, ഹൈടെക് ക്ലാസ്മുറികള്‍, വാഹന സൗകര്യം, ഓരോ കുട്ടിയ്ക്കും വ്യക്തിപരമായ ശ്രദ്ധ, ചിട്ടയായ പരിശീലനം, മാതൃകാപരമായ ഓണ്‍ലൈന്‍ ക്ലാസുകള്‍, മഴവെള്ള സംഭരണി എന്നിവയെല്ലാമാണ് സ്‌കൂളിന്റെ മറ്റ് പ്രത്യേകതകള്‍. ഭൗതിക സൗകര്യങ്ങള്‍ വളര്‍ത്തുന്നതിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍ണമായകമായ പങ്കാണ് വഹിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് സ്‌കൂള്‍ മാനേജുമെന്റിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതുവഴി കാലാനുസൃതമായ നവീകരണങ്ങളും സ്‌കൂളിനുവേണ്ടി നടത്താനാവുന്നു. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ്  യുപി സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളിന് സ്വന്തമായി ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളുമുണ്ട്.

സ്‌കൂള്‍ മാനേജ്‌മെന്റ്

പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്തിന്റേയും ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോസഫ് ചെറുകരക്കുന്നേലിന്റേയും നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലിന്‍സ് മേരിയും സഹപ്രവര്‍ത്തകരായ അധ്യാപകരും കഠിനാദ്ധ്വാനത്തിലൂടെ ശതാബ്ദിയോടടുക്കുന്ന സ്‌കൂളിനെ ഉയരങ്ങളിലെത്തിക്കാന്‍ അഹോരാത്രം യത്‌നിക്കുകയാണ്. ശ്രീ. ബിനോയി ദേവസ്യ കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള പിടിഎയും ശ്രീ. പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, ശ്രീ. എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം എന്നിവരുടെ നേതൃത്വത്തിലുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും ശക്തമായ പിന്തുണയുമായി കൂടെ നില്‍ക്കുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ടിവിയും സ്മാര്‍ട്ട് ഫോണുമെല്ലാം വാങ്ങി നല്‍കുന്നതിനും പൂര്‍വവിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെ സഹായിച്ചത്.

വിദ്യാഭാസത്തെ ഏറെ ആദരിക്കുകയും വിദ്യാര്‍ത്ഥികളെ അതിരറ്റ് സ്‌നേഹിക്കുകയും ഒരു ജനതയെ മുഴുവന്‍ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ചെയ്ത മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ട്, ‘വ്യക്തികളുടെ സ്വഭാവ രൂപീകരണത്തിനും അവരുടെ ഭാവിയ്ക്കും വഴിയൊരുക്കുന്നത് അധ്യാപകരാണെന്നും കഴിവും കര്‍മശേഷിയുമുള്ള നല്ല മനുഷ്യരെ നിര്‍മിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ’മെന്നും. കാരണം ശരിയായ വിദ്യാഭ്യാസം മനുഷ്യന്റെ അന്തസ്സ് വര്‍ധിപ്പിക്കുകയും അവന്റെ/ അവളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും ചെയ്യുന്നു. മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളോട് നൂറു ശതമാനം വിശ്വസ്തത പുലര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തിലെ, മലയോര കുടിയേറ്റ ഗ്രാമത്തിലുള്ള ഈ കൊച്ചു സ്‌കൂളും  ചെയ്തുവരുന്നത്. ചുറ്റുമുള്ളവരിലേയ്ക്ക് വെളിച്ചം പകരാന്‍ കഴിവുള്ള അനേകം നല്ല വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ സൂര്യനെപ്പോലെ പ്രഭ ചൊരിയുന്ന ഈ സ്‌കൂളിന് ഇനിയുമാകട്ടെ എന്ന് ആശംസിക്കുന്നു.

മലയിഞ്ചിപ്പാറ സ്‌കൂളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്‌കൂൾകാല അനുഭവങ്ങളും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓർമ്മകളും ഈ ഫീച്ചറിന്റെ താഴെ കമന്റായി എഴുതാം.

കീർത്തി ജേക്കബ് 

2 COMMENTS

  1. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്കൂളിനെപ്പറ്റി ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകൾ ഒരു മിന്നായം പോലെ എന്റെ ഉള്ളുലൂടെ കടന്നുപോകുന്നു. ഞാൻ പഠിക്കാൻ സാമാന്യം പുറകിലായിരുന്നെങ്കിലും കളിക്കാൻ മുൻപിലായിരുന്നു.

    ആദ്യമായി തട്ടാൻപറമ്പിൽ ജോസ്ഫ്സാർ എന്നെ ഗ്രൗണ്ടിലിറക്കി ഓടിപ്പിച്ചതും സ്കൂളിൽ ഫസ്റ്റായതും, ആസ്കൂളില്നിന്നു പോയെങ്കിലും എന്നെ പിന്നീട് state winner ആക്കിയതും ആതുടക്കമായിരുന്നു.

    നാലുസ്റ്റെപ്പിടവിട്ട് പള്ളിനടയിൽനിന്നു ഓടിയിറങ്ങുന്നതും, തേയിലക്കാട്ടിൽ പോയി മൂത്രമൊഴിക്കുന്നതും, കളത്തിൽപുല്ലാട് അച്ഛന്റടുത്തുനിന്നും കൂട്ടുകാരുമൊത്ത് ബബ്ലുസ് നാരങ്ങാ വാങ്ങികഴിക്കുന്നതും ഇന്നലെയെന്നപോലെ ഓർമ്മിക്കുന്നു. സിസ്റ്റർ ജയിനമ്മയെ ഒരു ഒരു വല്യമ്മച്ചിയെപ്പോലെ ഓർമ്മിക്കുന്നു.

    ഞാനാദ്യമായി സ്റ്റേജിൽ കയറിയതും പ്രസംഗം പറയുന്നതും ആസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ വെച്ചായിരുന്നു. സിസ്റ്റർ ലെയോണിയമ്മ പുല്ലാട്ട് ആയിരുന്നു എന്നെ സ്റ്റേജിൽ കയറ്റിയത്. പിന്നീട് എനിക്ക് ഭയം ഇല്ലാതെ സ്റ്റേജിൽ കയറാനും one act play, mono act തുടങ്ങിയ കലാപരിപാടികൾ ചെയ്യാനും, ധാരാളം സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്.

    ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഫിലിപ്പിനേരിയമ്മയെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. ഒരിക്കൽ ഞാൻ ഛർദിച്ചപ്പോൾ ഫിലിപ്പുനേരിയമ്മ പള്ളിമുറിയിൽച്ചെന്ന് ആയിരമനയച്ചന്റെ അടുത്തുനിന്നും ഇഞ്ചിയും ഉപ്പും വാങ്ങിച്ചുകൊണ്ടുവന്ന് എന്നെ തീറ്റിച്ചതും ഇന്ന് എന്നപോലെ ഓർക്കുന്നു. ഏലിക്കുട്ടി ടീച്ചറിനെയും, പുളിക്കക്കുന്നേൽ സാറിനെയും, കടുകപ്പാറ സാറിനെയും ഏറ്റവും സ്നേഹത്തോടെ ഓർമ്മിക്കുന്നു.

    എന്ന്
    ലൂസി പ്ലാത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.