ഹിമാചല്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നക്ഷത്രം തെളിയിച്ച ഫാ. സിബി നെല്ലൂര്‍ എന്ന മിഷനറി വിടപറയുമ്പോള്‍

ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി ക്രിസ്മസ് നക്ഷത്ര വിളക്കുകള്‍ എത്തിച്ചതും പുല്‍ക്കൂട്‌ നിര്‍മ്മിച്ചതും ഫാ. സിബി നെല്ലൂര്‍ mst ആയിരുന്നു. ആ മിഷനറി ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. നാളെ മിഷന്‍ ഞായര്‍ ദിനത്തില്‍ (24.102021) അദ്ദേഹത്തിന്റെ മൃതസംസ്ക്കാരമാണ്. 2018 ഡിസംബര്‍ 29 – ന് ‘റോഡുവിനെ ആദ്യമായി ക്രിസ്തുമസ് പുല്‍ക്കൂട് കാണിച്ച മലയാളി വൈദികന്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ആ ഫീച്ചര്‍ പുനപ്രസിദ്ധീകരിക്കുന്നു. ഏറെ വേദനയോടും ആദരവോടും കൂടെ…

റോഡുവിനെ ആദ്യമായി ക്രിസ്തുമസ് പുല്‍ക്കൂട് കാണിച്ച മലയാളി വൈദികന്‍ 

ഹിമാചല്‍ പ്രദേശിലെ റോഡു എന്ന ഗ്രാമം. പരമ്പരാഗത കുല ദൈവങ്ങളും ആചാരങ്ങളും ഉള്ള ഒരു വിഭാഗം ആളുകള്‍. ഈ ക്രിസ്തുമസിന് അവര്‍ ഒത്തു ചേര്‍ന്ന്, അവിടെ ഒരു പുല്‍ക്കൂട് ഉണ്ടാക്കി. പുല്‍ക്കൂടോ അതിലെന്താ ഇത്ര വല്യ കാര്യം എന്ന് ചോദിച്ചാല്‍ ഇവര്‍ക്ക് അതു വലിയ ഒരു കാര്യം തന്നെയാണ്. കാരണം ഇവര്‍ ആദ്യമായാണ് ഒരു പുല്‍ക്കൂട് കാണുന്നതും ഉണ്ടാക്കുന്നതും.

കത്തോലിക്കാ വിശ്വാസികള്‍ ഒന്നും തന്നെ ഇല്ലാത്ത റോഡു എന്ന ഗ്രാമത്തില്‍ ആദ്യമായി ക്രിസ്തുമസ് പുല്‍ക്കൂട് നിര്‍മ്മിക്കുകയും ക്രിസ്തുമസ് നക്ഷത്രം തെളിയിക്കുകയും അവരെ അത് കാണിക്കുകയും ചെയ്തതിനു പിന്നില്‍ സിബി നെല്ലൂര്‍ എന്ന മലയാളി വൈദികന്‍ ആണ്. റോഡു എന്ന ഗ്രാമത്തിലെ ആദ്യ ക്രിസ്തുമസ് വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് സിബിയച്ചന്‍.

മിഷന്‍ മേഖലയിലേയ്ക്ക് 

എം എസ് ടി സന്യാസ സമൂഹത്തിലെ അംഗമായ സിബിയച്ചന്‍ മിഷന്‍ പ്രവര്‍ത്തനത്തിനുള്ള സ്ഥലം തേടി ഷിംലയില്‍  എത്തിയത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അവിടെ താമസിച്ച് മിഷന്‍ പ്രവര്‍ത്തനത്തിനായുള്ള അന്വേഷണത്തിനിടയിലാണ് റോഡുവിലെ ഗുരുജി എന്ന് വിളിക്കപ്പെടുന്ന സെബാസ്റ്റ്യന്‍ മെസി എന്ന പാസ്റ്ററുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തിന്റെ ഒപ്പം സിബിയച്ചന്‍ അവിടെയുള്ള വീടുകള്‍ സന്ദര്‍ശിച്ചു. അവരുമായി സംസാരിച്ചു. അവരുടെ വീടുകളില്‍ പല പ്രാവശ്യം താമസിച്ചു. സൗഹൃദത്തിലായി. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മൂന്നാം തിയതി ദുക്റാനാ തിരുനാളിന്റെ അന്നാണ് അച്ചന്‍ റോഡുവില്‍ സ്ഥിരമായി താമസം തുടങ്ങുന്നത്.

അച്ചന്‍ ഇവിടുത്തുകാരുമായി പരിചയത്തിലാകുമ്പോള്‍  അവരില്‍ പലരും ഈശോയെക്കുറിച്ചു കേട്ടിട്ടുള്ളവരായിരുന്നു. എന്നാല്‍ ക്രിസ്തുമതത്തിന്റെ ശ്ലൈഹിക പാരമ്പര്യം, കൂദാശകള്‍ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചു ഇവര്‍ക്ക് യാതൊരു ബോധ്യങ്ങളും ഇല്ലായിരുന്നു. അത് പറഞ്ഞു കൊടുക്കുവാന്‍ കത്തോലിക്കാ വിശ്വാസം ഉള്ളവരായി ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അച്ചന്‍ പറയുന്നു.

കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകള്‍ പടര്‍ത്തുന്നു 

കത്തോലിക്കരായി ആരും ഇല്ല. അപ്പോള്‍ അച്ചന്‍ പ്രവര്‍ത്തനം തുടങ്ങിയത് എങ്ങനെ ? ചോദ്യം സ്വാഭാവികമാണ്. ആ ചോദ്യത്തിനുള്ള ഉത്തരം ചെന്ന് നില്‍ക്കുക മേല്‍പ്പറഞ്ഞ ഗുരുജിയില്‍ ആണ്. ഗുരുജി കത്തോലിക്കാ വിശ്വാസത്തില്‍ ഉള്ള ആളല്ല. പക്ഷെ ഇനി വരുന്ന ഒരു തലമുറ ആ ഒരു വിശ്വാസത്തിലേയ്ക്ക് വരണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അതിനായി അദ്ദേഹം തന്റെ ഗ്രാമത്തില്‍ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ തുടങ്ങിയിരുന്നു. ആ കൂട്ടായ്മയിലാണ് അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

അവിടെ നിന്നും ക്രിസ്തീയതയുടെ ആശയങ്ങള്‍ പതിയെ പതിയെ അവര്‍ക്കു പറഞ്ഞ് കൊടുത്തു. അങ്ങനെ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ആദ്യത്തെ ക്രിസ്തുമസ് അനുഭവം 

ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണല്ലോ ക്രിസ്തുമസ്. അതിന്റെ ചൈതന്യം മനസ്സിലാക്കണമെങ്കില്‍ അതിന്റെ അര്‍ത്ഥം അറിഞ്ഞു ആഘോഷിക്കുക തന്നെ വേണം.  റോഡുവിലെ ആളുകളെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് അവര്‍ അവരുടെതായ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. രാത്രി ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചു ആശംസകള്‍ നല്‍കി പിരിയുന്ന ഒരു പതിവ് ആഘോഷം. എന്നാല്‍ ആ ആഘോഷങ്ങളില്‍ പുല്‍കൂടോ, നക്ഷത്രങ്ങളോ ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഉള്ള അവര്‍ക്ക് മുന്നിലേയ്ക്കാണ് ഈ വര്‍ഷത്തെ ക്രിസ്തുമസിനു നമുക്ക് പുല്‍കൂട് ഉണ്ടാക്കിയാലോ എന്ന ചോദ്യം സിബിയച്ചന്‍ വെക്കുന്നത്.

പുല്‍കൂടോ അതെന്തിനാ ഉണ്ടാക്കുന്നേ? എങ്ങനെ ഉണ്ടാക്കും? അച്ചന്‍ ആദ്യം നേരിട്ട ചോദ്യങ്ങള്‍ അതായിരുന്നു. പുല്‍ക്കൂട് എങ്ങനെ ഉണ്ടാക്കണം എന്നറിയില്ല . നക്ഷത്രം ചിത്രങ്ങളില്‍ കണ്ടു മാത്രം പരിചയം. അങ്ങനെ ഉള്ളവര്‍ക്ക് മുന്നിലേയ്ക്ക് വെല്ലുവിളികളെ ഏറ്റെടുത്തു കൊണ്ട് അച്ചന്‍ മുന്നോട്ടു നടന്നു. പുല്‍കൂട്ടില്‍ വയ്ക്കുന്ന ഓരോ രൂപങ്ങളുടെയും പ്രസക്തി അവര്‍ക്ക് പറഞ്ഞു കൊടുത്തു. ശരിക്കും ആ പുല്‍കൂട് അത് അവര്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു. ആ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് അവര്‍ പറഞ്ഞു ‘ഞങ്ങള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണം’.

കേരളത്തില്‍ നിന്ന് എത്തിയ നക്ഷത്രം

അങ്ങനെ ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനായി നക്ഷത്രം വേണ്ടേ? നക്ഷത്രമോ അതെന്തിനാ ? അപ്പോള്‍ അച്ചന്‍ പറഞ്ഞു. ‘നക്ഷത്രം എവിടെ തെളിയുന്നുന്നുവോ അവിടെ ഉണ്ണി പിറക്കുന്നു’ . അതിന്റെ അര്‍ഥം മനസിലാക്കിയ അവര്‍ നക്ഷത്രങ്ങള്‍ക്കായി അന്വേഷണം തുടങ്ങി. അവര്‍ക്കായി കേരളത്തില്‍ നിന്ന് നക്ഷത്രങ്ങള്‍ എത്തിച്ചു. അച്ചനില്‍ നിന്ന് ആ നക്ഷത്രങ്ങള്‍ അവര്‍ കാശു മുടക്കി തന്നെ വാങ്ങി തങ്ങളുടെ വീടുകളില്‍ പ്രകാശിപ്പിച്ചു. ഏകദേശം എണ്‍പതോളം വീടുകളില്‍ ഈ ക്രിസ്തുമസ് ദിനത്തില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ ആ പ്രദേശത്തിന്റെ ചരിത്രം തന്നെ മാറുകയായിരുന്നു.

നക്ഷത്രങ്ങള്‍ക്ക് ഒപ്പം തന്നെ അവര്‍ വീടുകള്‍ മനോഹരമായി അലങ്കരിച്ചു. അത് കണ്ട ധാരാളം ആളുകള്‍ അടുത്തവര്‍ഷം തങ്ങളും ക്രിസ്തുമസ് ആഘോഷിക്കുന്ന എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് അച്ചന്‍ പറയുന്നു.

അത്ഭുതമായി ആദ്യ പുല്‍ക്കൂട്

പുല്‍ക്കൂട്! ഉണ്ണീശോ പിറന്ന സ്ഥലം. ഇന്നുവരെ ചിത്രങ്ങളില്‍ മാത്രം കണ്ട ആ സംഭവം ഇന്ന് അവര്‍ നേരിട്ട് കണ്ടു. ക്രിസ്തുമസിന് മുന്നോടിയായി പുല്‍ക്കൂട് ഒരുക്കിയത് അച്ചന്മാര്‍ താമസിക്കുന്ന ഭവനത്തില്‍ ആയിരുന്നു. സിബിയച്ചനും ജോസഫ് കരോടന്‍ അച്ചനും  ഒപ്പം ഇരുപത്തി രണ്ടോളം കുട്ടികളും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയത്. പുല്‍ക്കൂടിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു ആകാംഷ കാണുവാന്‍ കഴിഞ്ഞിരുന്നതായി അച്ചന്‍ വെളിപ്പെടുത്തുന്നു. ഒപ്പം നിര്‍മ്മാണത്തിന്റെ ഒരോ ഘട്ടവും കാണുവാനും സഹായിക്കുവാനും നാട്ടുകാരും ഒപ്പം ഉണ്ടായിരുന്നു. അവര്‍ക്കു മുന്നില്‍ വച്ച് ഉണ്ണിയെ ആ പുല്‍ക്കൂട്ടില്‍ കിടത്തിയപ്പോള്‍ വല്ലാത്ത ഒരു സന്തോഷം  ആയിരുന്നു മനസ്സില്‍. അച്ചന്‍ വെളിപ്പെടുത്തുന്നു.

കൂടാതെ ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും ഒക്കെ അവര്‍ നടത്തി. ഒപ്പം ആശംസകള്‍ കൈമാറി, ഭക്ഷണം കഴിച്ചു മടങ്ങി. ജീവിതത്തില്‍ ആദ്യമായി സംഭവിച്ച ക്രിസ്തുമസിന്റെ ഈ അനുഭവം അവരുടെ മനസ്സില്‍ നിന്ന് ഒരിക്കലും പോകില്ലെന്ന ഉറപ്പ് സിബിയച്ചന് ഉണ്ട്.  ആ ഉറപ്പ് എന്നും നിലനില്‍ക്കട്ടെ. അതിനായുള്ള അച്ചന്റെ പ്രവര്‍ത്തനങ്ങളെ  സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

മരിയ ജോസ് 

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.