ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് മലയാളി സന്യാസിനിക്ക് ഇറ്റാലിയൻ ഗവൺമെന്റിന്റെ ആദരം 

ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ആതുര സേവന രംഗത്ത് ചെയ്യുന്ന സ്തുത്യർഹമായ സേവനങ്ങൾക്ക് മലയാളി സന്യാസിനിക്ക് ഇറ്റാലിയൻ ഗവൺമെന്റിന്റെ ആദരം. സിസ്റ്റർ സംഗീത ചെറുവള്ളിൽ എസ്.സി.സി.ജിക്കാണ് ഇറ്റാലിയൻ ഗവൺമെന്റിന്റെ ‘സ്റ്റാർ ഓഫ് ഇറ്റലി’ എന്ന പദവി ലഭിച്ചത്.  ഇറ്റാലിയൻ സ്ഥാനപതി അന്റോണിയോ മാജിയോരെ സിസ്റ്ററിന് പതക്കവും പ്രശംസാ പത്രവും സമ്മാനിച്ചു.

ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളിൽ മാത്യു ആഗസ്റ്റിന്റെയും അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റർ സംഗീത. ഇറ്റലി ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന കോൺഗ്രിഗേഷനിലെ അംഗമാണ്. കൊൽക്കത്ത പ്രൊവിൻസിൽ ഉപരി പഠനം പൂർത്തിയാക്കി 2001 മുതൽ സാംമ്പിയയിൽ സേവനം ചെയ്തു വരുന്നു. സാംബിയയിലെ ചിരുണ്ടു മിഷൻ ആശുപത്രിയിൽ ആണ് സിസ്റ്റർ സംഗീത സേവനം ചെയ്യുന്നത്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾക്കിടയിലുള്ള ഈ ആശുപത്രി പാവപ്പെട്ടവർക്ക് വലിയ സഹായമാണ്. 140 കിലോമീറ്റർ അകലെ തലസ്ഥാനമായ പുസറക്കായിൽ മാത്രമേ മറ്റ് ആശുപത്രികൾ ഉള്ളു.