വീണ്ടും ലൗ ജിഹാദ്: ഇര ഡൽഹിയിലെ മലയാളി ക്രിസ്ത്യൻ പെൺകുട്ടി

പ്രണയത്തിലൂടെ നിർബന്ധിത മതപരിവർത്തനം ലക്ഷ്യമാക്കുന്ന ലൗ ജിഹാദിന് ഡൽഹിയിൽ നിന്ന് പുതിയ ഇര. 21 വയസുള്ള അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ക്രിസ്ത്യൻ പെൺകുട്ടിയെയാണ് പ്രണയം നടിച്ച്, മുഹമ്മദ് സിദിഖി എന്നയാൾ പശ്ചിമേഷ്യയിലേയ്ക്ക് കടത്തിയത്. ദീപിക റിപ്പോർട്ട് ചെയ്ത വാർത്തയുടെ പൂർണ്ണരൂപം വായിക്കാം.

പ്രണയം നടിച്ച് കെണിയിൽ വീഴിച്ചും പ്രലോഭനങ്ങളിൽ പെടുത്തിയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നവരുടെ നീക്കങ്ങളിൽ ഡൽഹിയിലെ ഒരു മലയാളി പെണ്‍കുട്ടി കൂടി ഇരയായി. ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ക്രിസ്ത്യൻ പെൺകുട്ടിയാണ് ഏറ്റവും പുതിയ ഇര.

21 വയസുള്ള പെണ്‍കുട്ടിയെ കാണാതായ സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ, ഒരു മുസ്‌ലിം യുവാവിന്‍റെ പ്രലോഭനത്തിൽ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേയ്ക്ക് കടത്തിയതായി വിവരം ലഭിച്ചു. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തിക ക്ഷാളനം നടത്തി പെണ്‍കുട്ടിയെ കടത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

ഇസ്ളാമിക ഭീകരതയിലേയ്ക്ക് കെണിയിൽപ്പെടുത്തി റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ക്രിസ്ത്യാനികളെ വല വീശുന്നതിന്‍റെ നടുക്കുന്ന ഉദാഹരണങ്ങളാണ് കോഴിക്കോട്ടെയും ഡൽഹിയിലെയും സംഭവങ്ങളെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ മതസൗഹാർദത്തിനു വരെ ഭീഷണിയാകുന്ന ഗൗരവതരമായ ഇക്കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച് തീവ്രവാദികളുടെ വളർച്ചയ്ക്കും തെറ്റായ നടപടികൾക്കും തടയിടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ…

ഡൽഹിയിൽ താമസമാക്കിയ ക്രൈസ്തവ ദമ്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ, കഴിഞ്ഞ ബുധനാഴ്ച കോളജിലേയ്ക്കെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ എയിംസിൽ നഴ്സായ അമ്മയും സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി. ഇടവകക്കാരും സുഹൃത്തുക്കളും ചേർന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

ഉന്നത നേതാക്കളും സഭാനേതൃത്വവും ഇടപെട്ടതിനാൽ പോലീസ് ഉടൻ തന്നെ അന്വേഷണം തുടങ്ങി. പെണ്‍കുട്ടി രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകി. പക്ഷേ, പോലീസിൽ പരാതി കിട്ടുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഈ പെണ്‍കുട്ടി അബുദാബിയിലേയ്ക്ക് വിമാനം കയറിയിരുന്നു. പോലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ്, മുഹമ്മദ് സിദ്ദിഖി എന്ന ആളെക്കുറിച്ച്‌ വിവരം കിട്ടിയത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിയതായാണ് പ്രാഥമിക വിവരം.

ആസൂത്രിതം

പതിവുപോലെ കോളജിലേയ്ക്കു പോയ മകളെ മാതാപിതാക്കൾ ഒരു തരത്തിലും സംശയിച്ചില്ല. പക്ഷേ, സംഭവത്തിന്‍റെ പിന്നാമ്പുറത്തേയ്ക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് അതീവ ആസൂത്രണത്തോടെയും മറ്റാരുടെയോ സഹായത്തോടെയുമാണ് പെണ്‍കുട്ടി രാജ്യം വിട്ടതായി കണ്ടെത്തിയത്.

തന്‍റെ പ്രിയമകളെ ആരോ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പിതാവിന്‍റെയും മാതാവിന്‍റെയും ഉറച്ച വിശ്വാസം. ലവ് ജിഹാദിന്‍റെ കൈകൾ സ്വന്തം വീട്ടിലെത്തിയെന്ന് അവർ സംശയിച്ചിരുന്നില്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ശേഷം, പെൺകുട്ടി മെട്രോ ട്രെയിനിൽ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഏതായാലും ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി അന്നു വൈകുന്നേരം തന്നെ അവൾ രാജ്യം വിട്ടു. ആരുടെയോ നിർദ്ദേശങ്ങൾക്ക് വഴങ്ങുകയായിരുന്നു പെണ്‍കുട്ടി.

രാജ്യം വിട്ടു പോകുന്നതിനു മുമ്പ് അവസാനമായി അവൾ അമ്മയോട് സംസാരിച്ചു. ഉടൻ തന്നെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്തു. സിം കാർഡും മാറ്റി. മൊബൈൽ ഫോണ്‍ തിരിച്ചറിയാനുള്ള, നമ്പർ പ്രിന്‍റ് ചെയ്തിട്ടുള്ള കവർ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടു പോവുകയോ ചെയ്തിരുന്നു. തെളിവുകൾ കിട്ടാവുന്ന ഡിജിറ്റൽ രേഖകൾ പോലും മുൻകൂട്ടി ഇല്ലാതാക്കാൻ ഈ പെണ്‍കുട്ടിക്ക് ആരോ കൃത്യമായ നിർദ്ദേശവും പരിശീലനവും നൽകിയിട്ടുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

രണ്ടു ദിവസം മുമ്പേ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തു. സ്വന്തം ഇ-മെയിൽ അക്കൗണ്ടും റദ്ദാക്കി. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയും അവസാനിപ്പിച്ച് ഡി-ആക്ടിവേറ്റ് ചെയ്തു. ഇതൊന്നും വീട്ടുകാരോ അടുത്ത കൂട്ടുകാരോ അറിഞ്ഞില്ല. പെണ്‍കുട്ടിക്ക് യുഎഇ-യിലേയ്ക്ക് വീസയും വിമാന ടിക്കറ്റും പുറമേ നിന്നൊരാൾ സംഘടിപ്പിച്ചു നൽകിയ വിവരം പോലും മാതാപിതാക്കൾ അറിഞ്ഞില്ല. അവൾക്ക് സ്വന്തമായി പാസ്പോർട്ട് ഉണ്ടായിരുന്നു. സ്കൂൾ, കോളജ് സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളെല്ലാം കൊണ്ടുപോയി. വീട്ടിലെ സ്വർണ്ണാഭരണങ്ങളും എടുത്തു. വീട്ടുകാരെ അറിയിക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 6,000 രൂപ പിൻവലിച്ചിരുന്നു. വീട് വിട്ടുപോകാൻ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ആവശ്യമായ വസ്ത്രങ്ങളും ബാഗിൽ എടുത്തിരുന്നു. പാവപ്പെട്ടവർക്ക് നൽകാനായി കോളജിൽ വസ്ത്രശേഖരണം ഉണ്ടെന്നും അതിലേയ്ക്ക് കൊടുക്കാനാണെന്നും പറഞ്ഞപ്പോൾ മാതാപിതാക്കൾ അപ്പാടെ വിശ്വസിച്ചു.

ഭീകരതയുടെ കൈകൾ

പെണ്‍കുട്ടിയെ കാണാതായ ശേഷം നടത്തിയ അന്വേഷണത്തിലാണ് അവളുടെ ഒരു ബുക്കിൽ ഇസ്‌ലാം മത പ്രാർത്ഥനകളും മറ്റും എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെയാണ് പോലീസിന്, ലൗ ജിഹാദിനെക്കുറിച്ചും റിക്രൂട്ട്മെന്‍റിനെക്കുറിച്ചും സൂചന കിട്ടിയത്. മുസ്‌ലിമിനെ കല്യാണം കഴിച്ചാൽ എന്താണ് കുഴപ്പമെന്ന് കോളജിൽ കൂട്ടുകാരികളോട് ചോദിച്ചിരുന്നതായും സൂചന കിട്ടിയിട്ടുണ്ട്. പോലീസിൽ പരാതി കിട്ടുന്നതിനു മുമ്പ് പെണ്‍കുട്ടിയെ അതീവ വിദഗ്ധമായും ആസൂത്രിതമായും രാജ്യത്തു നിന്നു തന്നെ കടത്തിക്കൊണ്ടു പോവുകയും ചെയ്തത് അന്വേഷണത്തിന് പ്രയാസമായിട്ടുണ്ട്.

ഇസ്‌ലാമിക തീവ്രവാദികൾ മലയാളികളായ ക്രൈസ്തവരെ ഉന്നം വച്ചിരിക്കുന്നതിന്‍റെ നിരവധി തെളിവുകളും ദേശീയ അന്വേഷണ ഏജൻസിക്കും, കേന്ദ്ര സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾക്കും മുമ്പേ തന്നെ കിട്ടിയിരുന്നു.