സന്തോഷത്തിന്റെ പട്ടണത്തിലെ മലയാളി മിഷനറി നോബിയച്ചൻ

ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തുള്ള സെഹീനാ രൂപതയിലുള്ള അവുത്തോഅലഗ്രി മിഷൻ പ്രദേശത്താണ് കടുത്തുരുത്തി മാന്നാർ സ്വദേശിയായ നോബി പനച്ചിക്കാലയിലച്ചന്റെ അജപാലനമേഖല. 12,000 ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഇടവകയിൽ അച്ചന് 18 കമ്യൂണിറ്റികളാണ് അജപാലന ശുശ്രൂഷയ്ക്കായി നൽകിയിരിക്കുന്നത്.  

എത്ര സമുന്നതം ഇന്ന് പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട ദാനം. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ നോബി പനച്ചിക്കാലയച്ചൻ ക്രിസ്തുവിന്റെ വിശിഷ്ടമായ പൗരോഹിത്യം എന്ന ദാനം സ്വീകരിച്ചിട്ട് 2020 ഡിസംബർ 29-ന് ഒരു വ്യാഴവട്ടം പൂർത്തിയായി. പുതുവർഷത്തിലെ ആദ്യ ദിനങ്ങളിൽ തന്റെ മിഷൻ ശുശ്രൂഷകളുടെ ഫലം ഫലമണിയുന്നതിന്റെ സന്തോഷത്തിലാണ് നോബി അച്ചൻ.

അച്ചൻ ശുശ്രൂഷ ചെയ്യുന്ന ബ്രസീലിലെ അജപാലനമേഖല ഒരു ഇടവകയായി ഉയർത്തുകയും അച്ചൻ പ്രഥമ വികാരിയായി നിയമിതനാവുകയും ചെയ്യുന്നു. ഈ ജനുവരി മൂന്നിന് അദേഹം മിഷനറിയായി ശുശ്രൂഷ ചെയ്യുന്ന  മിഷൻ കേന്ദ്രം സെഹിന രൂപതയിൽ ഇരുപത്തിരണ്ടാമത്തെ ഇടവകയായി ബിഷപ്പ് ഒട്ടോറിഞോ പ്രഖ്യാപിക്കുന്നു.

പൗരോഹിത്യം പോലെ ധന്യമാണ് പ്രേഷിതശുശ്രൂഷയും എന്നാണ് നോബി അച്ചന് ഈ സന്ദർഭത്തെക്കുറിച്ച്  പറയുവാനുള്ളത്. 2016 ജൂലൈ 3 മുതൽ ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തുള്ള സെഹീനാ രൂപതയിലുള്ള അവുത്തോഅലഗ്രി മിഷൻ പ്രദേശത്തായിരുന്നു കടുത്തുരുത്തി മാന്നാർ സ്വദേശിയായ നോബി പനച്ചിക്കാലയിലച്ചന്റെ അജപാലനമേഖല. 12,000 ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഇടവകയിൽ അച്ചന് 18 കമ്മ്യൂണിറ്റികളാണ് അജപാലന ശുശ്രൂഷയ്ക്കായി നൽകിയിരിക്കുന്നത്. അതിലെ പതിനേഴാമത്തെ ചാപ്പല്‍ 2019 ഒക്ടോബർ 27-നാണ് ആശീർവദിക്കപ്പെട്ടത്.

അവുത്തോഅലഗ്രി സെൻറ് ആൻറണി ഇടവകയിലെ ആദ്യത്തെ വികാരിയായി നോബി അച്ചൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ 108 വർഷങ്ങൾക്കുമുമ്പ് മുൻഗാമികൾ കൊളുത്തിയ വിശ്വാസനാളം തന്നാൽ കഴിയുംവിധം  ജ്വലിപ്പിക്കാൻ ശ്രമിച്ചതേയുള്ളൂ എന്ന് നോബി അച്ചൻ പറയുന്നു.

നാലു വർഷത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ജനത്തെ ഒരുമിച്ചുകൂട്ടുവാൻ അച്ചൻ ചെയ്ത  പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. മൂന്നുറു മേരിമാരെ അണിനിരത്തിയ മരിയൻ റാലി, മാലാഖമാരുടെ സമാധാന റാലി,  ഭക്തിസാന്ദ്രമായ തിരുനാള്‍ ആഘോഷങ്ങൾ, ക്രിസ്തുമസ് ആഘോഷങ്ങൾ, പള്ളിക്കായി ജനങ്ങളെ സഹകരിപ്പിച്ച് മദ്യശാല, മതപഠന കേന്ദ്രമാക്കി മാറ്റിയതൊക്കെ ഇവയിൽ ചിലതു മാത്രമാണ്.

കോവിഡ് കാലത്ത് കമ്മ്യൂണിറ്റികളിൽ വിശുദ്ധ കുർബാന സാധ്യമാകാത്തതിനാൽ അവിടേയ്ക്ക് ദിവ്യകാരുണ്യമായി പന്ത്രണ്ടു മണിക്കൂർ നീണ്ട പ്രദിക്ഷണവുമായി അച്ചൻ നടത്തിയ യാത്ര ഏറെ പ്രശംസിക്കപ്പെട്ടതാണ്.

അവുത്തോഅലഗ്രി എന്ന സ്ഥലത്തിന്റെ അർത്ഥം തന്നെ സന്തോഷത്തിന്റെ പട്ടണം എന്നാണ്. നിറപുഞ്ചരിയും ഊർജ്ജസ്വലതയും മുഖമുദ്രയാക്കിയ അച്ചന്റെ അജപാലന പ്രേഷിതപ്രവർത്തനങ്ങൾ ഇനിയും ബ്രസീലിൽ ദൈവരാജ്യ വിസ്മയങ്ങൾ സൃഷ്ടിക്കട്ടെ.

ഫാ. ജയ്സന്‍ കുന്നേല്‍ MCBS

2 COMMENTS

Leave a Reply to AnonymousCancel reply