ടുണീഷ്യയിലെ അപ്പസ്തോലിക സ്ഥാനപതിയായി മലയാളി ആർച്ചുബിഷപ്പ്

ആർച്ചുബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കയിലെ ടുണീഷ്യയുടെ അപ്പസ്തോലിക സ്ഥാനപതിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. അതിനുശേഷം ജനുവരിയിൽ അൾജീരിയയുടെ സ്ഥാനപതിയായി സേവനം ചെയ്തുവരികയായിരുന്നു. കോട്ടയം അതിരൂപതാംഗമായിരുന്നു ഇദ്ദേഹം.

കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാർ വയലുങ്കൽ, റോമിലെ സാന്താക്രോസെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2001-ൽ മോൺസിഞ്ഞോർ പദവിയും 2011-ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.