SJSM ‘സിസ്റ്റർ ആക്ട്’ ഇൻ ഉക്രൈൻ – ഉക്രേനിയൻ സിസ്റ്റേഴ്സ് മലയാളം പാട്ട് പാടി തകർത്തപ്പോൾ

ഉക്രൈനിൽ നിന്നുള്ള SJSM (sisters of st.joseph of St.marc) സിസ്റ്റേഴ്സിന്റെ ഗാനങ്ങളും ഗാനാലാപന ശൈലിയും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘നാവിൽ ഈശോതൻ നാമം’ എന്ന പ്രസിദ്ധമായ ഗാനം (cover version) പാടിയിരിക്കുന്നത് സിസ്റ്റർ മരീനയാണ്. കീബോർഡ് ആൻഡ് വയലിൻ കൈകാര്യം ചെയ്തിരിക്കുന്നത് സിസ്റ്റർ നതൽക. സിസ്റ്റർ ലോറയും ക്രിസ്റ്റീനയും ഗിത്താറും സിസ്റ്റർ എറിക്ക ഡ്രംസും വായിച്ചിരിക്കുന്നു.

തങ്ങളുടെ കാരിസത്തിന്റെ ഭാഗമായിട്ടാണ് ഇവർ മ്യൂസിക് മിനിസ്ട്രി ആരംഭിച്ചത്. ദിവ്യകാരുണ്യ ആരാധനയാണ് പ്രധാന കാരിസം. അതിൽനിന്ന് ശക്തി ഉൾക്കൊണ്ട് വയോജനശുശ്രൂഷയും വചനപ്രഘോഷണവും ഇവർ നടത്തുന്നുണ്ട്. വചനപ്രഘോഷണത്തെ ശക്തിപ്പെടുത്താൻ സംഗീതശുശ്രൂഷ ആരംഭിച്ചു. അത് പിന്നീട് വളർന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പല ഇടങ്ങളിലും സംഗീതശുശ്രൂഷയുടെ ഭാഗമായി ഇവർ പോയിട്ടുണ്ട്.

മഠത്തിനോടു ചേർന്നുള്ള ഇവരുടെ ദേവാലയത്തിൽ ദിവസവും 400 മുതൽ 500 വരെ ആളുകൾ ആരാധിക്കാനും ദൈവശുശ്രൂഷയ്ക്കുമായി വരാറുണ്ട്. ദൈവീകസംഗീതമാണ് പ്രധാന ആകർഷണം. ഹീബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രേനിയൻ, റഷ്യൻ, ഭാഷകളിൽ സംഗീത ശുശ്രൂഷ ചെയ്യുവാൻ ഈ സിസ്റ്റേഴ്സിനു സാധിക്കും.

ഈ സംഗീതശുശ്രൂഷ ഇപ്പോൾ ഉക്രൈനിൽ അനേകരെ ആകർഷിക്കുന്ന വചനശുശ്രൂഷയുടെ ഭാഗമായി മാറിയിരിക്കുകയാണ്‌. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയുടെ സ്വാധീനമാണ് മലയാള ഗാനങ്ങൾ പഠിക്കുവാൻ ഇവർക്ക് പ്രേരണയായത്. വാരാന്ത്യങ്ങളിൽ ഇടവക ധ്യാനങ്ങൾ ഇവർ നടത്താറുണ്ട്. സുപ്പീരിയറായ സിസ്റ്റർ ലിജി പയ്യപ്പള്ളിയാണ് പ്രധാനമായും പ്രഘോഷണ വിഭാഗം കൈകാര്യം ചെയ്യുന്നത്. പാടുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതും അതിന്റെ ക്രമീകരണങ്ങളും ഒക്കെ സിസ്റ്റേഴ്സ് തന്നെ. സംഗീതത്തിന് പ്രത്യേക പ്രാധാന്യമുള്ള ഇവരുടെ വചനശുശ്രൂഷയിൽ ആകൃഷ്ടരായി പുതിയ ദൈവവിളികൾ ഇവർക്ക് ലഭിക്കുന്നുമുണ്ട്.

വിയന്നയിൽ സംഗീതത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജാക്സൺ സേവ്യർ കിഴവന എന്ന വൈദികന്റെ പ്രേരണ മൂലമാണ് മലയാളത്തിൽ ഒരു യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ഇടയായത്. സിസ്റ്റർമാരുടെ മ്യൂസിക് മിനിസ്ട്രിയിൽ സപ്പോർട്ട് ചെയ്യുന്ന ഈ വൈദികന്റെ യൂട്യൂബ് ചാനലിലൂടെ (Jakson Xavier) വരുംദിവസങ്ങളിൽ SJSM സിസ്റ്റേഴ്സിന്റെ കൂടുതൽ ഗാനങ്ങൾ പുറത്തുവരും.

19-ഓളം അംഗങ്ങളുള്ള ഈ കമ്മ്യൂണിറ്റിയിൽ രണ്ട് മലയാളികളുമുണ്ട്. രണ്ടുപേരും എറണാകുളത്തു നിന്നുള്ളവരാണ്. സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയും സിസ്റ്റർ ജയന്തി മൽപ്പാനും. 1998 മുതലാണ് ഉക്രൈൻ മിഷൻ ആരംഭിച്ചത്‌. ഈ കോൺഗ്രിഗേഷന്റെ ഉത്ഭവം 1845-ല്‍ ഫ്രാൻസിലാണ്.

ഫാ. എം. ഇ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.