മഹാ സങ്കടങ്ങളെ ധ്യാനിച്ചവന്‍ – വി. യൗസേപ്പിതാവ്

വി. യൗസേപ്പിതാവിനെ നിശാഗന്ധിയോട് ഉപമിച്ച്, ഡോ. സി. തെരേസ് ആലഞ്ചേരി sabs എഴുതിയ, ‘സ്നേഹപൂര്‍വ്വം നിശാഗന്ധി’ എന്ന കവിതക്ക് ആസ്വാദകരിലും വിശ്വസികളിലും വലിയ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. കവിത എഴുതാനുള്ള പശ്ചാത്തലവും കവിതയുടെ അര്‍ത്ഥവും സി. തെരേസ് വിവരിക്കുകയാണ് ഇവിടെ.     

എന്റെ യാത്രാവഴികളിൽ കൂട്ടായി യൗസേപ്പിതാവ് ഉണ്ട്. ചിലപ്പോഴൊക്കെ എന്റെ ധ്യാനവിഷയവും യൗസേപ്പിതാവു തന്നെ. മാർപ്പാപ്പ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചപ്പോൾ എനിക്ക് എഴുതാതിരിക്കാനായില്ല.

വി. യൗസേപ്പിതാവിനെ ഞാൻ നിശാഗന്ധിയോടാണ് ഉപമിച്ചിരിക്കുന്നത്.      മഞ്ഞിലും തണുപ്പിലും കട്ടപിടിച്ച കൂരിരുട്ടിലും നിശാഗന്ധി വിരിയും. ചുറ്റുപാടും പരിമളം പരത്തും. തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം പ്രഭാതത്തിലതു മറയും. ആരും അതിനെ ശ്രദ്ധിക്കാറില്ല. എന്നാൽ പ്രകാശത്തിന്റെ അകമ്പടി സേവിച്ച് നൂറുകണക്കിന് പുഷ്പങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു നിൽക്കുന്നു.  നിശാഗന്ധിക്കുമാത്രമേ കൂരിരുട്ടിൽ വിരിഞ്ഞു നിൽക്കാൻ കഴിയൂ.

ഏതാനും വർഷങ്ങൾക്കു മുമ്പ് ചട്ടിയിൽ വളർന്നു നിന്ന നിശാഗന്ധിയെ മുറ്റത്ത് നിന്നും എടുത്ത് വരാന്തയിൽ വച്ചിട്ട് പാതിരാത്രിവരെ വിരിയുന്നതു നോക്കി കാത്തിരുന്നിട്ടുണ്ട്. ആ സുഗന്ധം ഇതെഴുതുമ്പോഴും ഞാൻ അനുഭവിക്കുന്നു.

സംഘർഷങ്ങളുടെ രാത്രികളിൽ ജീവിക്കുന്ന മനുഷ്യരുണ്ട് നമുക്കു ചുറ്റും. യൗസേപ്പിതാവും അങ്ങനെ തന്നെ. പ്രതിസന്ധികളുടെ രാത്രികളിൽ വിരിഞ്ഞു നിന്ന യൗസേപ്പിതാവിന്റെ തീരുമാനങ്ങളിലും ലോകാന്ത്യം വരെ നിറഞ്ഞു നിൽക്കുന്ന ഒരു സുഗന്ധമുണ്ട്. എന്നാൽ ഒരിടത്തും തന്നെ അടയാളപ്പെടുത്താതെ നിശബ്ദമായി പിന്നിലേയ്ക്ക് മാറിനിൽക്കുന്നു. മാറിനിൽക്കുന്നവരെ മാറിലേറ്റാൻ കാലവും ചരിത്രവും തയ്യാറായാലോ.

വി.യൗസേപ്പിതാവിന്റെ വർഷത്തിൽ തന്നെ നമ്മുടെ ചിന്തകളെ പാകപ്പെടുത്താം. ഈശോയെയും മാതാവിനെയും മുന്നിൽ നിർത്തിയിട്ട് സ്വയം മറഞ്ഞിരിക്കുന്ന അപ്പൻ നമ്മുടെ ധ്യാനവിഷയമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.