മലങ്കര സുറിയാനി കത്തോലിക്കാ സഭ 89-ാമത് പുനരൈക്യ വാർഷികത്തിൻ്റെ തീം സോംഗ്

മലങ്കര സുറിയാനി കത്തോലിക്കാ സഭ 89-ാമത് പുനരൈക്യ വാർഷികവും സഭാ സംഗമവും സെപ്റ്റംബർ 18, 19, 20 തീയതികളിൽ കോട്ടയത്ത് വച്ച് നടത്തപ്പെടുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഒരു സ്വയംഭരണാധികാര സഭയായി ആഗോള കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് ലയിച്ചുചേർന്നതിൻ്റെ 15-ാം വാർഷികത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് 1919-ൽ സ്ഥാപിച്ച സന്യാസ സമൂഹമായ ‘ബഥനി’ ശതാബ്ദി നിറവിലുമാണ്. ‘സുവിശേഷകയായ മലങ്കര സുറിയാനി കത്തോലിക്കാ സഭ’ എന്ന വിഷയത്തിൽ നടത്തപ്പെട്ട പ്രഥമ അസംബ്ലിക്കു ശേഷം ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തിൽ ദ്വിതീയ അസംബ്ലിയും ഈ വർഷം നടക്കുന്നു. ആയതിനാൽ ഈ വർഷത്തെ പുനരൈക്യ വാർഷിക ആഘോഷങ്ങൾക്ക് പ്രസക്തിയും പ്രാധാന്യവും ഏറെയുണ്ട്.

മാർ ഈവാനിയോസ് പിതാവിന്റെ ആപ്തവാക്യമായ ‘ദൈവസേവനം ഉത്തമം, ദൈവസമ്പാദനം അത്യുത്തമം’ എന്ന വിഷയമാണ് ഈ വർഷത്തെ പുനരൈക്യ വാർഷികാഘോഷങ്ങളുടെ പ്രമേയം. ഇവ അടിസ്ഥാനമാക്കി ചെയ്ത ഈ വർഷത്തെ ‘തീം സോംഗ്’ 2019 ജൂലൈ 14-ന്  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

ഇതിൻ്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് പത്തനംതിട്ട ഭദ്രാസനത്തിലെ ഫാ. സ്ലീബാദാസ് ചരിവുപുരയിടത്തിൽ ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫാ. സ്ലീബാദാസ്, രാഖി എൽ. രാജൻ എന്നിവരും ഓർക്കസ്ട്രേഷൻ സാബു കൊറ്റാമമും ആണ്.

ദൈവസേവനം ഉത്തമം.. ഉത്തമം..
ദൈവസമ്പാദനം.. അത്യുത്തമം..
അത്യുത്തമം.. അത്യുത്തമം…

കൃപ തൻ നിറവിൽ സുവിശേഷകയാം
മലങ്കര സഭ തൻ മക്കൾ
ചേർന്നുവരുന്നൊരു സംഗമ വേദി
പുനരൈക്യത്തിൻ വേദി
ഇതു ധന്യമാം നിമിഷം
ഇതു പുണ്യമാം നിമിഷം

പാടാം പാടാം പുനരൈക്യത്തിൻ ഗീതം
ചേരാം ചേരാം ഒരു മനമായി നമ്മൾ

പുണ്യപിതാവിൻ സ്വപ്‌നം തുന്നിയ
യവനിക ഉയരുകയായ്
നൂറിൻ നിറവിൽ ബഥനിഗേഹം
നിറകതിരണിയുകയായ്
സ്മരണകളുണരും നേരം
ഒളി വിതറുന്നൊരു രൂപം
ഈവാനിയോസ് മാർ ഈവാനിയോസ്
പുണ്യചരിതൻ താതൻ
ഈവാനിയോസ് മാർ ഈവാനിയോസ്
ദൈവദാസൻ താതൻ

ഇടയനും ആലയും ആടും ഒന്നായ്
ഈശോയിൽ ഒന്നാകാൻ
മാർത്തോമാ തൻ പൈതൃക വഴിയിൽ
മനനിറവോടണി ചേരാൻ
സത്യപാതയിതിൽ
ഒന്നുചേർന്നു നീങ്ങാൻ
ഈവാനിയോസ് മാർ ഈവാനിയോസ്
പ്രാർത്ഥിച്ചീടണമേ
ഞങ്ങൾക്കായെന്നും…
പ്രാർത്ഥിച്ചീടണമേ..

പുളകിതയായി അക്ഷരനഗരി
ബഥനി സുവർണ്ണപ്രഭയിൽ…

സുമ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.