മലങ്കര കത്തോലിക്കാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത് സാധാരണ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇന്നലെ (മാര്‍ച്ച് 6) രാവിലെ സഭാ ആസ്ഥാനമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററില്‍ ആരംഭിച്ചു. സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് രാവിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ കാതോലിക്കാബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടന്നു. സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് വചനസന്ദേശം നല്‍കി. ഇന്ന് രാവിലെ വിവിധ സന്യാസി-സന്യാസിനി സമൂഹങ്ങളുടെ മേജര്‍ സൂപ്പീരിയര്‍മാരുടെയും നാളെ വിവിധ സുന്നഹദോസ് കമ്മീഷന്‍ സെക്രട്ടറിമാരുടെയും യോഗം നടക്കും.

സഭയില്‍ സുന്നഹദോസ് സംവിധാനം നിലവില്‍ വന്നിട്ട് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇത് സംബന്ധിച്ച വിശദമായ വിലയിരുത്തലുകള്‍, ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധ നാമകരണ നടപടികളുടെ രണ്ടാം ഘട്ടം, രണ്ടാമത് സഭാതല അസംബ്ലി, മലങ്കര സെമിനാരി, തുടങ്ങിയ വിഷയങ്ങളില്‍ സുന്നഹദോസ് ചര്‍ച്ച നടത്തും. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സുന്നഹദോസില്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സുന്നഹദോസ് 11-ാം തീയതി ശനിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.