സ്വര്‍ഗ്ഗം നിര്‍മ്മിക്കുന്നവര്‍

ഡോ. സാബു തോമസ്
ഡോ. സാബു തോമസ്

നിലാവിനു മീതെ മഞ്ഞിന്‍തുള്ളികള്‍ ചിത്രം രചിക്കുന്ന തണുത്ത രാവില്‍ മലമുകളിലെ ആശ്രമത്തില്‍ തനിച്ചുറങ്ങുകയായിരുന്നു ഒരു സന്യാസി. ഉറക്കത്തിന്റെ ഒരു നേര്‍ത്ത ഇടവേളയില്‍ തന്റെ മുറിയില്‍ കടന്നുകയറിയ അപരിചിതനെ പാതിയടഞ്ഞ കണ്ണിലൂടെ സന്യാസി കണ്ടു. മുറിയിലുള്ള വിലപിടിപ്പുള്ളതെല്ലാം വാരിക്കൂട്ടി പുറത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു അയാള്‍. ഉറക്കത്തെ പാതിവഴിയിലുപേക്ഷിച്ച് സന്യാസി ആ അപരിചിതനെ തിരിച്ചുവിളിച്ചു. ‘സഹോദരാ, പുറത്ത് നല്ല തണുപ്പാണ്. ഈ പുതപ്പുകൂടി കൊണ്ടുപൊയ്‌ക്കോളൂ.’ അത്ഭുതസ്തംബദ്ധനായ ആ കള്ളന്‍ സന്യാസി നീട്ടിയ പുതപ്പ് വാരിപ്പുതച്ച് മലയിറങ്ങി. അപ്പോള്‍ സന്യാസി ആത്മഗതം ചെയ്തു: ‘ദൈവമേ, ആകാശത്തിലെ തിളങ്ങുന്ന ആ ചന്ദ്രനെക്കൂടി അയാള്‍ക്ക് നില്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ …’

വാങ്ങലുകള്‍ക്ക് മൂല്യം കൂടുന്ന ഇക്കാലത്ത് നല്‍കലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിന്റെ വാതായനം തുറന്നുവരുന്ന ഒരു കുഞ്ഞുകഥയാണിത്. കൊടുക്കുന്നവനില്‍ നിന്ന് ആര്‍ക്കും ഒന്നും കവരാനാവില്ലെന്ന സത്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു കഥ. നല്‍കാന്‍ കഴിയുന്നവന്റെ മനസ് എന്നും സന്തോഷത്തിന്റെ കലവറയായിരിക്കുമെന്ന് പറഞ്ഞുതരുന്ന ഉപമ.

ജീവിതം എന്നത് കൊടുക്കല്‍വാങ്ങലുകളുടെ ആകെത്തുകയാണ്. കൊടുക്കുന്നതിലേറെ വാങ്ങിക്കൂട്ടുന്നവരാണ് ഇവിടെ വിജയിക്കുന്നത്. കിട്ടാനുള്ളതിന്റെ കണക്കുപുസ്തകം തലയിണക്കീഴില്‍ വച്ചുറങ്ങുന്നതിന്റെ സുഖത്തെക്കുറിച്ചാണ് ജീവിതവിജയത്തിന്റെ പുതിയ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍, കൊടുക്കുന്നതാകട്ടെ ഒന്നിന് പത്തായി, പത്തിന് നൂറായി, നൂറിന് ആയിരമായി തിരിച്ചുകിട്ടാന്‍ വേണ്ടി മാത്രമാണ്.

ചാരിറ്റി എന്ന പേരില്‍ കോടികള്‍ വാരിയെറിയുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ പോലും ആ പണം നിര്‍മ്മിക്കുന്ന സല്‍പ്പേരിലൂടെ മുതലിന്റെ നൂറിരട്ടി തിരിച്ചുപിടിക്കുന്നു. ഒപ്പം തിരിച്ചുകിട്ടാന്‍ മാത്രമായി കൊടുക്കുന്നവരായി നമ്മള്‍ മാറുന്നു. സ്‌നേഹം, കരുണ, ത്യാഗം, നന്മ – എല്ലാം തിരിച്ചുകിട്ടേണ്ട വിപണിമൂല്യങ്ങളായിത്തീരുന്നു. ദൈവിക കാര്യങ്ങളില്‍ പോലും ഈ കൊടുക്കല്‍വാങ്ങലുണ്ട്. എന്നെ സ്‌നേഹിക്കാത്ത ദൈവം, എന്റെ രോഗം ഭേദമാക്കാത്ത ദൈവം, എനിക്ക് പണം നല്‍കാത്ത ദൈവം – ആ ദൈവത്തെ ഞാന്‍ നിരസിക്കുന്നു. എല്ലാം തരുന്ന ഒരു ദൈവത്തെ മാത്രം മതി എനിക്ക്.

ഇവിടെയാണ് നല്‍കലിന്റെ പ്രസക്തി. നല്‍കി ശീലിക്കുമ്പോഴാണ് ജീവിതം സന്തോഷകരമാവുന്നത്. നല്‍കല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിയ ഈശോയുടെ അത്ഭുതത്തിന് ഒരു വ്യാഖ്യാനമുണ്ട്. അഞ്ചപ്പം അയ്യായിരമായത് പങ്കുവയ്ക്കലിലൂടെയാണെന്ന് വ്യാഖ്യാനം. സ്വന്തം കൈയ്യിലുള്ള അഞ്ചപ്പവും രണ്ടു മീനും മറ്റുള്ളവര്‍ക്കായി നല്‍കാന്‍ കൊടുത്ത ബാലനാണ് അവിടെ ആദ്യ അത്ഭുതം സൃഷ്ടിച്ചത്.

ഇങ്ങനെ മറ്റുള്ളവര്‍ക്കായി ജീവിതം മാറ്റിവയ്ക്കുമ്പോള്‍, കിട്ടുന്നതൊക്കെയും പങ്കുവച്ച് നല്‍കുമ്പോള്‍ ഓരോ ജീവിതവും മഹാത്ഭുതങ്ങള്‍ക്ക് കാരണമാകുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചവരാണ് മഹാത്മാക്കള്‍. അതിലൂടെ അവര്‍ ലോകത്തെ തന്നെ മാറ്റിമറിച്ചു. എനിക്ക് അനുദിനജീവിതത്തിന്റെ വ്യവഹാരങ്ങളില്‍ മുങ്ങിത്താഴുന്ന ഈ ചെറിയവന് എന്താണ് നല്‍കാനുള്ളത് എന്നതാണ് പ്രധാന ചോദ്യം. ഓരോ പുല്‍നാമ്പിലും ഓരോ മഞ്ഞുതുള്ളിയിലും പുഞ്ചിരി പ്രതിഫലിക്കുന്ന ഒരു ലോകത്തെക്കുറിച്ച് ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്. അതെ, ഒരു ചെറുപുഞ്ചിരി, കരുണാര്‍ദ്രമായ ഒരു നോട്ടം, സ്‌നേഹത്തിന്റെ ഒരു വാക്ക് ഇതൊക്കെ എല്ലാവര്‍ക്കും നല്‍കാനാകും. അതുമതി ലോകം സുന്ദരമാകാന്‍. മറ്റുള്ളവരോടൊത്ത് ചിന്തിക്കാനും അവന്റെ വേദന ദര്‍ശിക്കുവാനും കഴിയുന്ന വ്യക്തി അപരനു വേണ്ടി നിര്‍മ്മിച്ചു നല്‍കുന്നത് ഒരു വലിയ ലോകമാണ്. ഇതാണ് നല്‍കലിന്റെ സൗന്ദര്യശാസ്ത്രം.

ദൈവത്തെ വിശ്വസിക്കുന്ന ഒരാള്‍ക്ക് വാങ്ങലുകളില്ല, നല്‍കലുകളേയുള്ളൂ… നല്‍കല്‍ ഒരു പ്രാര്‍ത്ഥനയാണ്. നന്മകള്‍ക്കു വേണ്ടി സ്വയം വിട്ടുകൊടുക്കുന്നവരുടെ ലോകം സമാധാനത്തിന്റെ ലോകമാണ്. അത് നിര്‍മ്മിക്കലാണ് നമ്മുടെ സുവിശേഷപ്രഘോഷണം.

ഡോ. സാബു തോമസ്

കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ