ഒറ്റപ്പെടലിനെ അനുഗ്രഹമാക്കാം

ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ഒറ്റപ്പെടലും അവഗണനയും അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, ഒറ്റപ്പെടലുകളും അവഗണനകളും പ്രധാനമായും മൂന്ന് അനുഗ്രഹങ്ങളാണ് ആത്മാവില്‍ നിറയ്ക്കുന്നതെന്ന് മനസിലാക്കിയിരിക്കാം.

ഒന്നാമതായി, പാപത്തില്‍ നിന്ന് വിടുതലും പാപസാഹചര്യങ്ങളില്‍ നിന്ന് സംരക്ഷണവും ലഭിക്കും. ‘ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ പാപത്തോട് വിട വാങ്ങിയിരിക്കുന്നു’ (1 പത്രോസ് 4:1).

രണ്ടാമതായി, സ്വര്‍ഗദര്‍ശനവും അതുവഴി ദൈവസാന്നിധ്യവും ആത്മാവില്‍ നിരന്തരം നിറയും. വേറൊന്നും നോക്കാനില്ലാതെ വരുമ്പോള്‍ നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ ആത്മാവ് ദൈവത്തെ തേടും. രാത്രിയുടെ അരണ്ട യാമങ്ങളിലും അന്തഃരംഗം പ്രബോധനത്താല്‍ നിറയും (സങ്കീ. 16:7). ഒറ്റപ്പെടലിന്റെ നാളുകളില്‍ ദൈവദര്‍ശനത്തിന് തിളക്കം കൂടും.

മൂന്നാമതായി, ഒറ്റപ്പെടലില്‍ ദൈവികരഹസ്യങ്ങളുടെ വെളിപാടുകള്‍ ലഭിക്കും. ഭൃത്യനെ പറഞ്ഞയച്ചശേഷം ഒറ്റയ്ക്കു നിന്നപ്പോഴാണ് സാവൂളിന് സാമുവേല്‍ ദൈവവചനം കൊടുക്കുന്നത് (1 സാമു. 9:27).

ചുരുക്കത്തില്‍ ഒറ്റപ്പെടല്‍ അനുഗ്രഹമാണ്. പ്രാര്‍ത്ഥന ചോദിക്കാന്‍പോലും ആരുമില്ലാതെ വരുന്ന നിസ്സഹായ നിമിഷങ്ങളുണ്ടായാല്‍, പ്രത്യാശയോടെ മിഴികള്‍ സ്വര്‍ഗത്തിലേക്കുയര്‍ത്തിയാല്‍ നമുക്ക് ദൈവമുഖം കാണാനും പിതൃവാത്സല്യം നുകരാനും കഴിയും.