തകർന്ന പള്ളി, അന്ധയായ ഒരമ്മ – ഒരു മഡഗാസ്കർ മിഷൻ യാത്ര

ഫാ. ജോൺസൻ തളിയത്ത്

മഡഗാസ്‌ക്കർ മിഷനിൽ നിന്നും ഫാ. ജോൺസൻ തളിയത്ത് CMI എഴുതുന്നു. 

മഹാബു വിനോടു ചേർന്നൊഴുകുന്ന മുറുണ്ടാവ നദി ജനുവരി, ഫെബ്രുവരി, മാർച്ച്  മാസങ്ങളിലെ മഴകളിൽ എല്ലാം വെട്ടി വിഴുങ്ങുന്ന തന്റെ രൗദ്രഭാവം കാട്ടാറുണ്ട്. എന്നാൽ മഴക്കാലം കഴിഞ്ഞപ്പോൾ നദി എളിമപ്പെട്ട്  തന്റെ അടിത്തട്ടു വീണ്ടും പുറം ലോകത്തെ കാണിച്ചു തുടങ്ങി. ഇനി അടുത്ത മഴ വരെ ഇങ്ങനെയാണ്. വലിയൊരു മണലാരണ്യം പോലെയാണ് വേനൽക്കാലത്തെ ഈ നദീതടം. മഴ മൂലം നദിക്കക്കരെയുള്ള ഗ്രാമങ്ങളിലെ സന്ദർശനം മുടങ്ങിക്കിടക്കുകയായിരുന്നു.

ഏറെ നാളുകൾക്കു ശേഷമാണ് ഏപ്രിൽ 11 -ന് കരുണയുടെ തിരുനാൾ ദിനത്തിൽ മനാഞ്ചക്ക (Mananjaka) ഗ്രാമത്തിൽ കുർബാന അർപ്പിക്കാൻ പോകുന്നത്. മണലിൽ കൂടിയുള്ള യാത്ര ആയതുകൊണ്ട് നടത്തത്തിന്റെ വേഗത കുറയും. എങ്കിലും ഒന്നര മണിക്കുറിനുളളിൽ നമുക്കു മനാഞ്ചക്ക ഗ്രാമത്തിലെത്താം. ഞായറാഴ്ച പോലും കാട്ടിൽ ഉണ്ടാകുന്ന ഒരു തരം കിഴങ്ങുകൾ മഹാബു ചന്തയിൽ കൊണ്ടുപോയി വിറ്റു ഉപജീവനം കണ്ടെത്താൻ പോകുന്നവരാണ് ഇവിടത്തെ സ്ത്രീകൾ. അവരോടും ഞങ്ങളോടും കരുണ കാണിക്കണമെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ കാലുകൾ നീട്ടി നടന്നു.

ഗ്രാമത്തിൽ ഞങ്ങളെ കാത്തിരിക്കുന്നതു സങ്കടകരമായ ഒരു കാഴ്ചയാകുമെന്നു നേരത്തേ അറിവു ലഭിച്ചിരുന്നു. മഴയിലും കാറ്റിലും പിടിച്ചു നില്ക്കാനാകാതെ തകർന്നു പോയ വി. പൗലോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഒരു പഴയ ദേവാലയം. വർഷങ്ങളുടെ പഴക്കമുണ്ടതിന്. പഴയ ഇരുമ്പു കഷണം ഉപയോഗിച്ചുള്ള ദേവാലയത്തിന്റെ മണി ഞങ്ങളുടെ ആഗമനത്തെ എല്ലായിടത്തും വിളിച്ചറിയിച്ചു.
നോഹയുടെ പഴയ പെട്ടകത്തിന്റെ അവശേഷിച്ച തിരുശേഷിപ്പുകൾ പോലെ ഈ തകർച്ചയിലും തല ഉയർത്തിത്തന്നെ നില്ക്കുന്ന മനാഞ്ചക്ക ദേവാലയം. ഒരു ബലി അർപ്പിക്കാനുള്ള ബലിപീഠത്തിനുള്ള സ്ഥലം ഇനിയും അതിനകത്തു ബാക്കി നില്പുണ്ട്.

മനാഞ്ചക്ക ഗ്രാമക്കാർ സക്കലാവ ഗോത്രത്തിൽ പെട്ടവരാണ്. ബഹുമാനപ്പെട്ട പോൾ മോസ്സസ് ചക്കാലയ്ക്കൽ അച്ചനാണ് ആദ്യമായി ഇവിടെ സുവിശേഷം എത്തിച്ചത്. മഴയെ ആശ്രയിച്ചാണ് ഇവിടെയുള്ളവർ കൃഷികൾ ചെയ്യുന്നത്. ഭക്ഷണമില്ലാത്ത അവസരങ്ങളിൽ കാട്ടു കിഴങ്ങുകൾ തന്നെ ശരണം. ഇവരുണ്ടാക്കുന്ന അധിക വരുമാനം തട്ടിപ്പറിച്ചെടുക്കുവാൻ മുടങ്ങാതെ, കള്ളന്മാരും കൊള്ളക്കാരും അപ്രതീക്ഷിതമായി വന്നെത്താറുണ്ട്.

ദേവാലയത്തിലേക്കു വരികയായിരുന്ന ഒരു വല്യമ്മ എന്നോടു പറഞ്ഞു. അച്ചാ, കണ്ണു കാണാത്ത ഒരമ്മയുണ്ട് അടുത്ത വീട്ടിൽ. അച്ചനൊന്നു വരണം. ഞാൻ സമ്മതിച്ചു. ശബ്ദം കേട്ട് അന്ധയായ ഒരമ്മ പുറത്തേക്കു വന്നു. പള്ളിയിൽ വരാൻ ആഗ്രഹമുണ്ടത്രെ. ഇത്തരക്കാരുടെ നിഷ്കളങ്കമായ ചിരി നമ്മുടെ എല്ലാ ക്ഷീണവും മാറ്റിത്തരുന്നു. പള്ളിയിലേക്കുള്ള യാത്രയിൽ വടിയാണ് ഇവരുടെ സ്റ്റിയറിംഗ് വീൽ.

നമ്മുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്ന അടുത്ത ടോണിക്  ഇവിടത്തെ കുഞ്ഞുങ്ങളാണ്. ഗവൺമെന്റ് സ്ക്കൂൾ ഉണ്ടെങ്കിലും അധ്യപകരുടെ അനാസ്ഥ മൂലം നിരക്ഷരകുക്ഷികളായി ഇരിക്കുന്ന കുഞ്ഞുങ്ങൾ!  അതെ, ശരിക്കും ഇടയനില്ലാത്ത കുഞ്ഞാടുകളെ പോലെ. നമ്മെ കാണുമ്പോൾ അവർക്കും ആഹ്ളാദമാണ്. പള്ളിയിലേക്കു വരാനുള്ള ഉത്സാഹത്തിലാണവർ. ഇവരുടെ കൂടെ ആയിരിക്കുമ്പോൾ ഇന്നത്തെ യാത്ര സഫലമായതു പോലെ.

എല്ലാവരും കുർബാനക്കുള്ള പാട്ടുകൾ ഒരുങ്ങുന്ന തിരക്കിലാണ്. മണ്ണിൽ തീർത്ത ഈ ദേവാലയം. അതു മണ്ണിലേക്കു തന്നെ മടങ്ങും. പക്ഷെ ഇതിനകത്തിരിക്കുന്നത് ജീവനുള്ള ദേവാലയങ്ങളാണ്. അവരുടെ സ്ഥാനം മണ്ണിലല്ല മറിച്ച് വിണ്ണിലാണ്. ഒരു വിശുദ്ധ നാട് അനുഭവം നമുക്കിവിടെ ലഭിക്കും. അതെ ഞങ്ങൾക്കിത് ഒരു വിശുദ്ധ നാട് തന്നെയാണ്.

ആകാശത്തെ മറയ്ക്കാത്ത ഈ കൊച്ചു ദേവാലയത്തിൽ ബലി അർപ്പിച്ചപ്പോൾ അതു പിതാവിന്റെ പക്കലേക്ക് പെട്ടെന്ന് ഉയർത്തപ്പെട്ട പോലെ. അന്ധയായ ആ അമ്മയും അവരെ വടി പിടിപ്പിച്ച്  ദേവാലയത്തിലേക്കു കൊണ്ടുവന്ന രണ്ടാമത്തെ അമ്മയും പിന്നെ തള്ളക്കോഴിയുടെ പുറകെ വരുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ എന്റെ കൂടെ വന്ന ആ കുഞ്ഞുങ്ങളും എല്ലാവരും എന്നെ വശീകരിച്ചു എന്റെ ഉള്ളിൽ കയറിയിരിക്കുന്നു. കരുണയുടെ തിരുന്നാളിൽ എന്റെ പ്രാർത്ഥന ഇതു മാത്രം: ഈശോയുടെ പീഢാസഹനങ്ങളെ പ്രതി പിതാവെ ഇവരോടു കരുണ കാണിക്കണമെ.

ഫാ. ജോൺസൻ തളിയത്ത്, മഡഗാസ്കർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.