ജപമാല മധുരം ഒക്ടോബർ 17: (പ്രകാശത്തിന്റെ രണ്ടാം രഹസ്യം)

കൽഭരണികൾ

ഫാ. അജോ രാമച്ചനാട്ട്

കാനായും കൽഭരണികളും സമ്മാനിക്കുന്നത് എത്ര ധ്യാനിച്ചാലും മതിവരാത്ത മനോഹരമായ ഒരു വായന തന്നെ.

ആറ് കൽഭരണികളെ ഒന്ന് പുനർവായിക്കുകയാണ്.

ആറ് = അഞ്ച് + ഒന്ന്, ആണല്ലോ.
മുറ്റത്ത് നിരന്നിരിക്കുന്ന കല്ഭരണികൾ എന്താണെന്നോ, എന്റെ അഞ്ച് ഇന്ദ്രിയങ്ങളും ആറാമത്തേത് എന്റെ മനസ്സും.

വീഞ്ഞ് തീരുകയാണ്..
വീട്ടിലെ, ബന്ധങ്ങളിലെ, ജോലിസ്ഥലത്തെ ഒക്കെ സന്തോഷം കെട്ടു തുടങ്ങുന്നുവെന്നാണ് പരാതി.
അതൃപ്തി പരന്നുതുടങ്ങുന്നുവെന്നാണ് സങ്കടം.

പരിഹാരം ഒന്നേയുള്ളൂവെന്ന് പരി. മറിയം മൊഴിയുന്നുണ്ട്.
കൽഭരണികളെ (ഇന്ദ്രിയങ്ങളെ) ക്രിസ്തുവിന്റെ മുൻപിൽ നിരത്തിവയ്ക്കുക, അത്രതന്നെ.
പച്ചവെള്ളം അല്ലാതെ മറ്റെന്തുള്ളളൂ നമ്മുടെ കൈകളിൽ?
പച്ചവെള്ളം എന്റെ ദുർബലതകൾ തന്നെ – എന്റെ മാനുഷികമായ പരിമിതികളും വീഴ്ചകളും തന്നെ.

ക്രിസ്തു തൊടുന്നത് എന്റെ ഇന്ദ്രിയങ്ങളെയാണ്, എന്റെ മനസ്സിനെയാണ്.
പിന്നെ, മധുരമാണ് സുഹൃത്തേ.
ആറ് കൽഭരണികളിലും – വാക്കിലും, കേൾപ്പിലും, നോട്ടത്തിലും, സാന്നിധ്യത്തിലും, ചിന്തയിലുമെല്ലാം മധുരം കൊണ്ടു നടക്കുന്നവരായി നമ്മൾ രൂപാന്തരപ്പെടുകയാണ്‌ !

ജീവിതം അസ്വസ്ഥമാകുമ്പോൾ നിന്റെ വെറും ദുർബലമായ പച്ച മനുഷ്യത്വവുമായി ക്രിസ്തുവിന്റെ മുൻപിലേക്ക് നീങ്ങി നില്ക്കണം, തൊടാൻ അനുവദിക്കണം.
ആ യൂദബാലന്റെ കയ്യിലെ ചോറ്റുപാത്രത്തിലെ അഞ്ചപ്പത്തെ ക്രിസ്തു തൊട്ടപ്പോൾ പിന്നെ അവിടെ നടന്നത് ഊട്ട് പെരുന്നാൾ ആയിരുന്നില്ലേ?

ചില ഉത്സവങ്ങൾക്ക് കൊടിയേറാനുണ്ട് !
തെല്ലും ഭംഗിയിയില്ലാത്ത എന്റെ കൽഭരണികൾക്ക്‌ ഒന്ന് തല ഉയർത്തി നിൽക്കാനുണ്ട് !

അവൻ ഒന്ന് വന്നോട്ടെ.. മധുരമാകുമെല്ലാം !

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ