ജപമാല മധുരം ഒക്ടോബർ 18: (പ്രകാശത്തിന്റെ മൂന്നാം രഹസ്യം)

സുഹൃത്ത്

ആ മനുഷ്യനെ വല്ലാതെ ഓർമ വരുന്നു. “സുഹൃത്ത്” എന്ന് എല്ലാവരും പേരിട്ട് വിളിച്ച ഒരാൾ. പള്ളിക്കാര്യമായാലും, പൊതുക്കാര്യമായാലും സുഹൃത്ത് മുന്നിലുണ്ടാകും. ചെയ്തതിനോ കൊടുത്തതിനോ കണക്ക് പറയാത്ത ഒരു മനുഷ്യസ്നേഹി.

എങ്ങനെയാണ് സുഹൃത്ത് എന്ന പേര് വീണതെന്നോ? അദ്ദേഹം എല്ലാവരെയും “സുഹൃത്തേ” എന്ന് വിളിക്കുമായിരുന്നത്രേ. ശരിയാണ്, ആ വിളിക്ക് വല്ലാത്ത ആഴമുണ്ടായിരുന്നു.. ആരെയും അകറ്റി നിർത്തിയില്ല, ആരോടും കലഹിച്ചില്ല, സകലരെയും സ്നേഹിച്ച മനുഷ്യൻ.. എല്ലാവർക്കും സുഹൃത്ത് !

ദൈവരാജ്യം പ്രസംഗിച്ചും രോഗശാന്തി നൽകിയും കടന്നുപോയ ക്രിസ്തുതമ്പുരാൻ –
“അവൻ എല്ലാവരുടെയും സുഹൃത്തായിരുന്നു”, എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. “ചുങ്കക്കാരുടെയും പാപികളെയും സ്നേഹിതൻ” എന്നും “വേശ്യകളുടെ കൂട്ടുകാരൻ” എന്നുമൊക്കെ അവൻ വിളിക്കപ്പെട്ടത്‌ അവന്റെ ഹൃദയവിശാലത കൊണ്ടല്ലേ ? അവന്റെ ഊട്ടുമേശകളിൽ എന്തൊരു തിരക്കായിരുന്നു !

സുഹൃത്താവുക എന്നത് അത്ര നിസ്സാര കാര്യമല്ല. ദൈവരാജ്യപ്രഘോഷണമാണത് !

വാക്കുകൊണ്ടും പുഞ്ചിരികൊണ്ടും ഹസ്തദാനംകൊണ്ടും ഒരു പൊട്ടതമാശ കൊണ്ടുമൊക്കെ നമ്മൾ ക്രിസ്തുവിനെ വിളമ്പുകയല്ലേ ? കറയില്ലാത്ത കൂട്ടുകൂടലും സവാരികളും തട്ടുദോശയുമൊക്കെ ദൈവരാജ്യത്തിന്റെ അതിർത്തികൾ വിശലമാക്കുകയല്ലേ ?

രക്തബന്ധങ്ങളെക്കാൾ ആഴമുള്ള ചില സൗഹൃദങ്ങളുണ്ടീ ഭൂമിയിൽ..
ദൈവത്തെപ്പോലെ നമ്മെ സ്നേഹിക്കുന്ന ചില മനുഷ്യർ..
അതുകൊണ്ടാവണം “സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെ”ന്നുപോലും പ്രഖ്യാപിക്കാൻ ക്രിസ്തു ധൈര്യം കാട്ടിയത്.

സൗഹൃദങ്ങളെ ആഘോഷമാക്കിയ ക്രിസ്തു. ഇന്നായിരുന്നു അവൻ ജീവിച്ചിരുന്നതെങ്കിൽ എന്തായേനെ സീൻ ?
ഗുണവും നിറവും നോക്കാതെ സർവരുടെയും ‘ചങ്ക് ബ്രോ’ ആയി വിലസിയേനെ !
ഒരാളെ പോലും മാറ്റി നിർത്താതെ സ്നേഹിച്ചേനെ !

എൻ്റെ സൗഹൃദങ്ങളെ പൊന്നാക്കണേ തമ്പുരാനേ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്