മരണം വരെ കര്‍ത്താവിന്റെ ഭവനത്തിലെ ശുശ്രൂഷകയായി; ലൂസി ചേച്ചി യാത്രയായി

ജീവിതത്തിന്റെ അവസാനം വരെ ഞാന്‍ അങ്ങയോടു കടപ്പെട്ടവളായിരിക്കും എന്ന് വാക്ക് നല്‍കിയ ലൂസി ചേച്ചി വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് കര്‍ത്താവിന്റെ നിത്യ സമ്മാനം സ്വീകരിക്കാന്‍ യാത്രയായി. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ശ്രീലങ്കയിലെ മഹാവിളച്ചിയ നദീതീരത്തുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ ശുശ്രൂഷകയായി സേവനം ചെയ്യുകയായിരുന്നു ലൂസി തെരേസ ഫെര്‍ണാണ്ടോ എന്ന അറുപത്തൊന്‍പതുകാരി.

തികഞ്ഞ മരിയ ഭക്തയായിരുന്ന ലൂസി മാതാവിനോട് മാധ്യസ്ഥ്യം യാചിച്ചു പ്രാര്‍ത്ഥിച്ചതിനു ഫലമായി നാളുകളായി ഉണ്ടായിരുന്ന ശ്വാസ സംബന്ധമായ അസുഖം മാറിയതിനെ തുടര്‍ന്നാണ് വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നത്. തുടര്‍ന്ന് മാതാവിനോടുള്ള ഭക്തിയില്‍ ആഴപ്പെട്ട ഇവര്‍ തന്റെ കൈവശം ഉണ്ടായിരുന്ന ചെറിയ മാതാവിന്റെ രൂപം അടുത്തുള്ള വീടുകളിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ ഒക്കെ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. ഒപ്പം തന്നെ ദൈവത്തിനും ദൈവജനത്തിനുമായി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുവാനും അവര്‍ തീരുമാനിച്ചു.

അതിരാവിലെ എഴുന്നേറ്റ് പ്രഭാത മണി അടിക്കുക, വിശ്വാസികള്‍ പള്ളിയില്‍ എത്തുന്നതിനു മുന്‍പ് പള്ളിയും പരിസരവും വൃത്തിയാക്കി ഇടുക, അള്‍ത്താര അലങ്കരിക്കുക, കുര്‍ബാനയ്ക്കായി ഉള്ള ഒരുക്കങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താതെ നടത്തുവാന്‍ കഴിഞ്ഞ നാല്‍പതു വര്‍ഷം ലൂസി ചേച്ചി ശ്രദ്ധിച്ചിരുന്നു. ദേവാലയത്തിന് അടുത്തുള്ള ഒരു ചെറിയ വീട്ടില്‍ തീര്‍ത്തും ലളിതമായ ഒരു ജീവിതം നയിച്ച വ്യക്തിയായിരുന്നു ലൂസി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.