ഫാത്തിമാദര്‍ശനശേഷം സി. ലൂസിയയുടെ ഉപദേശം: എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുക

ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച സി. ലൂസിയ തനിക്ക് തന്നിരുന്ന വ്യക്തിപരമായ ഉപദേശം എല്ലാ ദിവസം എന്തെങ്കിലുമൊക്കെ പ്രാര്‍ത്ഥിക്കുക എന്നതായിരുന്നുവെന്ന് സി. ലൂസിയയുടെ സഹോദരീപുത്രിയായ മരിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ”ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സി. ലൂസിയ എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാരണം ഈ പ്രാര്‍ത്ഥന ചൊല്ലാത്ത നിരവധിപേര്‍ ഉണ്ടായിരുന്നു,” മരിയ പറഞ്ഞു.

”നമ്മുടെ പരിശുദ്ധ അമ്മ ആവശ്യപ്പെട്ടത് ഇതാണ്: എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. കാരണം പ്രാര്‍ത്ഥിക്കാത്ത നിരവധിപേര്‍ ഉണ്ട്. അതിനാല്‍ ആരുടെയും പ്രാര്‍ത്ഥന ലഭിക്കാതെ നിരവധി ആത്മാക്കള്‍ നരകത്തിലേക്ക് തള്ളപ്പെടുന്നു.”

മഠത്തിലായിരുന്നപ്പോള്‍ സി. ലൂസിയയെ സന്ദര്‍ശിച്ച മരിയ ആന്‍ജോസിന് ലഭിക്കുമായിരുന്ന ഉപദേശവും നിരന്തരം പ്രാര്‍ത്ഥിക്കാനും ഇത് മറന്നുപോകരുതെന്നുമായിരുന്നു. ജോലിഭാരം നിമിത്തം ചിലപ്പോഴൊക്കെ ജപമാല ചൊല്ലി പൂര്‍ത്തിയാക്കാനാവാതിരുന്ന സമയങ്ങളെക്കുറിച്ച് ഏറ്റ് പറഞ്ഞപ്പോള്‍ സി. ലൂസിയയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”എപ്പോഴും ജപമാല ചൊല്ലാന്‍ ആരംഭിക്കുക. ചൊല്ലിത്തീര്‍ക്കാനാവുന്നില്ലെങ്കില്‍ പരിശുദ്ധ അമ്മ അത് തീര്‍ത്തുകൊള്ളും.”

97 വയസ്സുള്ള മരിയ ആന്‍ജോസ് സി. ലൂസിയയുടെ മൂത്ത സഹോദരിയുടെ പുത്രിയാണ്. സി. ലൂസിയയുടെ വീടിന്റെ എതിര്‍വശത്തായിരുന്നു മരിയ ആന്‍ജോസിന്റെ വീട്. അവര്‍ ഇപ്പോഴും തന്റെ ഒരു മകനോടൊപ്പം അവിടെ താമസിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം കയ്യില്‍ ജപമാലയുമായി വീടിന്റെ മുന്‍വശത്തായി മരിയ ആന്‍ജോസിനെ കാണാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.