“ഭീകര”പ്രണയത്തിലെ അപ്രിയസത്യങ്ങള്‍

നോബിള്‍ തോമസ് പാറക്കല്‍

പ്രണയത്തിന്‍റെ കനമുള്ള ഒരു വിപരീതപദമായിട്ടാണ് ‘ഭീകരത’യെ മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ, നമ്മുടെ ഈ കാലക്ത് പ്രണയത്തിന് ഏറ്റവും യോജിക്കുന്ന പര്യായമായി ‘ഭീകരത’ മാറിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയാണ് പ്രണയചിന്തകളിലെ പേലവത്വങ്ങള്‍ കൈമോശം വന്ന് അതില്‍ ആസിഡും കൈബോംബും കയറിപ്പറ്റിയത്. മുല്ലപ്പൂമണമുള്ള രാവുകള്‍ രക്തം മണക്കുന്ന ചാവേറുകള്‍ക്ക് വഴിമാറിക്കൊടുത്തത്.

പ്രണയജിഹാദ് സത്യമോ?

വിഷയം പ്രണയജിഹാദ് തന്നെയാണ്. ദീര്‍ഘകാലമായി ക്രൈസ്തവസമുദായം ആകുലതയോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. പലവിധ പഠനങ്ങളും ചര്‍ച്ചകളും അന്വേഷണങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അവയുടെയെല്ലാം വെളിച്ചത്തില്‍ പ്രണയജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. പ്രണയജിഹാദ് നടക്കുന്നുവെന്ന് പറയുന്നവര്‍ പ്രണയാനന്തരം ഭീകരതയുടെ നാട്ടുരാജ്യങ്ങളിലേക്ക് വിമാനം കയറിപ്പോയ പെണ്‍മക്കളെയാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, തെളിവുകളവേശേഷിപ്പിക്കാതെ എവിടേക്കോ അപ്രത്യക്ഷമായവരേയും. പ്രണയത്തിന്‍റെ ഭീകരമുഖങ്ങള്‍ സന്നിഹിതമല്ലെങ്കില്‍ ഇതൊക്കെ എങ്ങനെ സംഭവിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

അതേസമയം, പ്രണയജിഹാദ് ഇല്ലെന്ന് സ്ഥാപിക്കുന്നവര്‍ക്ക് സംഘടിതനീക്കത്തിന്‍റെ തെളിവുകള്‍ ലഭ്യമല്ലത്രേ. ഏതൊരു ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകള്‍ സ്വാധീനിക്കപ്പെടാനുള്ള സകല സാധ്യതകളും ഭാരതത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച്, സാമുദായികവിഷയങ്ങളില്‍. അവിടെ സമ്പത്ത്, സ്വാധീനം, അധികാരം, ഭയം, അന്വേഷിക്കുന്ന സംവിധാനത്തിന്‍റെ കഴിവില്ലായ്മ, പക്ഷപാതിത്വം എന്നിങ്ങനെ അന്വേഷണഫലങ്ങള്‍ ചായംപുരളാനിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനാല്‍ത്തന്നെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിയുടെയോ ഒന്നിലധികം ഏജന്‍സികളുടെയോ റിപ്പോര്‍ട്ടനുസരിച്ച് പ്രണയജിഹാദ് സത്യമല്ലെന്ന് സ്ഥാപിക്കപ്പെട്ടാലും പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടവരുടെ കണ്ണീരും പ്രണയാനന്തരം കാണാതായവരുടെ പ്രേതങ്ങളും ഭീകരനാടുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടവരുടെ മസ്തിഷ്കക്ഷാളനം ചെയ്യപ്പെട്ട സംഭാഷണങ്ങളും നഗ്നയാഥാര്‍ത്ഥ്യങ്ങളായി നമുക്ക് മുമ്പില്‍ അവശേഷിക്കുക തന്നെ ചെയ്യുന്നു.

അന്താരാഷ്ട്ര സാഹചര്യം

മതത്തിന്‍റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ധാരാളമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് സകലരും സമ്മതിക്കുന്ന ഒരു സത്യമാണ്. അത് കേവലമായ ഒരു വര്‍ത്തമാനകാലസത്യം മാത്രമല്ല, ചരിത്രയാഥാര്‍ത്ഥ്യം കൂടെയാണ്. ഒരുകാലത്ത് ക്രൈസ്തവരാഷ്ട്രങ്ങളായിരുന്ന മദ്ധ്യപൂര്‍വ്വദേശത്തേക്ക് പടയോട്ടം നടത്തിയ മതഭീകരര്‍ അവിടങ്ങളിലെ പുരുഷപ്രജകളെ വാളിനിരയാക്കിയതും സ്ത്രീകളെ ബലാല്‍ക്കാരം ചെയ്തതും തട്ടിക്കൊണ്ടുപോയതും അടിമകളാക്കി പാര്‍പ്പിച്ചതുമെല്ലാം ചരിത്രത്തിലെ മറയ്ക്കാനാവാത്ത കറകളാണ്. അര്‍മേനിയന്‍ വംശഹത്യ ഒരുപാട് കാലം പിന്നിലേക്ക് പോകേണ്ടതല്ലാത്ത ചരിത്രസംഭവമാണ്. ഒരു വംശം മുഴുവനും ക്രൂരമായി ഇല്ലായ്മ ചെയ്യപ്പെട്ടതിന്‍റെ മറവില്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കവര്‍ന്നെടുക്കപ്പെട്ട മാനം ചരിത്രത്താളുകളില്‍ ഗൗരവത്തോടെ ഗണിക്കപ്പെടാതെ പോയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീകരരുടെ ലൈംഗിക അടിമയായി ജീവിക്കുകയും രക്ഷപ്പെടുകയും ചെയ്ത സ്ത്രീയാണ് നാദിയ മുറാദ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ നാദിയ മുറാദ് താന്‍ കടന്നുപോന്ന അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ട്. അതിക്രമത്തിന്‍റെ അങ്ങേയറ്റം ജീവിക്കുന്ന ഈ ഭീകരര്‍ക്ക് അവരുടെ വന്യമായ ഭാവനകള്‍ക്കനുസൃതം ലൈംഗികസുഖം പകരല്‍ മാത്രമാണ് ജീവന്‍ മാത്രം അവശേഷിക്കുന്ന ഈ പെണ്‍ശരീരങ്ങള്‍ ചെയ്യേണ്ടത് എന്ന് നാദിയ മുറാദ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നെഞ്ചത്ത് കെട്ടി വച്ച ബോംബുമായി എങ്ങനെയോ ബൊക്കോ ഹറാം ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഹാദിയ പുനരധിവാസകേന്ദ്രത്തിലിരുന്ന് ഓര്‍ത്തെടുക്കുന്ന ദുരനുഭവങ്ങളുടെ നിര കണ്ണീരോടെയല്ലാതെ കേട്ടിരിക്കാന്‍ മനുഷ്യഹൃദയമുള്ളവര്‍ക്ക് സാധിക്കുകയില്ല. അത്രമാത്രം ഭയാനകമാണ് ഭീകരതയോട് ബന്ധപ്പെടുത്തുന്ന സ്ത്രീജീവിതങ്ങളുടേത്. ഭീകരതയ്ക്ക് സ്ത്രീ വ്യക്തിയല്ല, വെറും ശരീരം മാത്രമാണ്. ഭോഗിക്കപ്പെടാനുള്ള മാംസക്കഷണവും ചാവേറായി ചിതറാനുള്ള ഉപകരണവും മാത്രമാണ് അത്.

പ്രണയിക്കുന്നതിലെന്താണ് തെറ്റ്?

പ്രണയത്തിലെ ശരിതെറ്റുകളെക്കുറിച്ച് അന്വേഷിക്കുന്ന കൗമാരപ്രായക്കാര്‍ക്ക് പ്രണയവും പ്രണയത്തോടു ബന്ധപ്പെട്ടവയും അതീവകൗതുകകരമായ കാര്യങ്ങളാണ്. പ്രണയത്തിന്‍റെ മൃദുലകരങ്ങളാല്‍ തഴുകപ്പെടാത്തവര്‍ ആരുണ്ട്? പ്രണയത്തിന്‍റെ സുഖദുഖങ്ങളെ നേരിട്ടറിയാത്തവര്‍ എവിടെയാണുള്ളത്? ഈ ചോദ്യങ്ങളില്‍ കഴമ്പുണ്ട്. മാത്രവുമല്ല, ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പ്രണയത്തെ തിരുസ്സഭ അതില്‍ത്തന്നെ പാപമായി പരിഗണിക്കുന്നില്ല എന്നത് ഒരുതരം ആശ്വാസമാണ്. അതേസമയം അത് പാപത്തിലേക്ക് നയിക്കാമെന്നുമുള്ള മുന്നറിയിപ്പുകള്‍ നല്കുന്നതിനെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.

പ്രായത്തിന്‍റെ കൗതുകകങ്ങളിലും ശാരീരികലൈംഗികതയുടെ ആകര്‍ഷണങ്ങളിലും കമിതാവ് നല്കുന്ന വൈകാരികഉണര്‍വ്വിന്‍റെ സുഖത്തിലും സ്വയമറിയാതെ അടിമപ്പെടുന്ന കൗമാരപ്രായക്കാര്‍ വിളക്കിലേക്ക് പറന്നടുക്കുന്ന ഈയാംപാറ്റകളെപ്പോലെ അസംഖ്യമാണ്. പ്രായത്തേക്കാള്‍ മുമ്പ് പക്വത പ്രാപിക്കുന്ന ശരീരം അതിന്‍റെ ആവശ്യങ്ങള്‍ സ്വാഭാവികമായിത്തന്നെ മുമ്പോട്ടു വെക്കുമ്പോള്‍ ശരിതെറ്റുകളെ വിവേചിച്ചറിയാന്‍ സാധിക്കാത്ത ഇളംമനസ്സുകള്‍ അത്തരം ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്ന ഏതിടങ്ങളിലേക്കും ഓടിച്ചെല്ലുന്നു. രുചിയുള്ള ഭക്ഷണം, ശാരീരികസാന്നിദ്ധ്യം, ദീര്‍ഘമായ സംസാരം എന്നിവയില്‍ സാവകാശമാരംഭിക്കുന്ന പ്രണയരംഗങ്ങള്‍ അതിവേഗം സ്പര്‍ശനത്തിലേക്കും ചുംബനത്തിലേക്കും ശാരീരികലൈംഗികതയുടെ വിവിധതലങ്ങളിലേക്കും ചെന്നുവീഴുന്നു. പിന്തിരിയാനാവാത്തവിധം താന്‍ അകപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴേക്കും മൂല്യമുള്ളതെല്ലാം -ശരീരത്തിന്‍റെ ശുദ്ധത, വ്യക്തിത്വം, സ്വാതന്ത്ര്യം- ബലിനല്കപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നീട് തന്‍റെ നഷ്ടബോധത്തെ ന്യായീകരിക്കുന്ന പ്രതിരോധങ്ങള്‍ കണ്ടെത്താനും അത്തരം പ്രസ്ഥാനങ്ങളില്‍ അണികളായിച്ചേരാനും എളുപ്പത്തില്‍ സാധിക്കുന്നു. പല സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ആശയഗതികള്‍ പരിശോധിച്ചാല്‍ ഉള്ളറകളില്‍ മറഞ്ഞുകിടക്കുന്ന ഈ നഷ്ടബോധത്തിന്‍റെ കനലുകള്‍ കാണാന്‍ സാധിക്കും.

ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരം

പ്രണയം ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരമാണ്. പ്രണയജിഹാദില്‍ പ്രണയം ഭീകരതയെ പൊതിഞ്ഞിരിക്കുന്ന മധുരം മാത്രമാണ്. ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്:

1. പ്രണയത്തില്‍പ്പെട്ട് കാണാതായ ഞങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെവിടെ?
2. പ്രണയത്തില്‍പ്പെട്ട് നാടുവിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിതപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ യുക്തിയെന്താണ്?
3. പ്രണയിക്കുന്ന പുരുഷനുവേണ്ടി പെണ്‍കുട്ടിയെ നേടാന്‍ കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന വിലകൂടിയ കാറുകളില്‍ വരുന്ന മണിക്കൂറിന് പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍ എന്തുകൊണ്ടാണ്?
4. പ്രണയിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ഏതാനും മാസങ്ങള്‍ കൊണ്ട് അറബിഭാഷ പഠിച്ച് ഇസ്ലാം മതഗ്രന്ഥം സ്വായത്തമാക്കുന്നത്?
5. നാടുവിട്ടോടുന്നവരെല്ലാം എന്തുകൊണ്ടാണ് ഭീകരവാദത്തിന് ശക്തമായ വേരോട്ടമുള്ള നാടുകളിലേക്ക് മാത്രമായി അപ്രത്യക്ഷരാകുന്നത്?
6. പ്രണയത്തിന്‍റെ ആരംഭത്തിലില്ലെങ്കിലും പിന്മാറില്ലെന്ന് ഉറപ്പാകുന്ന നാളുകള്‍ മുതല്‍ അവരോട് മതം മാറണമെന്ന് നിര്‍ബന്ധിക്കുന്നതിന്‍റെ പിന്നിലെ യുക്തിയെന്താണ്?

ഉത്തരം നല്കാതെ ഇത്തരം ചോദ്യങ്ങളെ അവഗണിച്ച് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രമാണ് പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്. പ്രണയം പെണ്‍കുഞ്ഞുങ്ങളെ വീഴ്ത്താനുള്ള തീവ്രവാദത്തിന്‍റെ ഉപകരണമായി ഉപയോഗിക്കപ്പെടുന്നുവെന്നിടത്താണ് പ്രണയത്തിലെ വര്‍ത്തമാനകാലദുരന്തം മറഞ്ഞിരിക്കുന്നത്.

പ്രണയമാണോ മതംമാറ്റമാണോ പ്രശ്നം

പ്രണയവും മതംമാറ്റവുമാണ് നാമുന്നയിക്കുന്ന പ്രശ്നം എന്ന് വ്യാജമായി ആരോപിച്ചുകൊണ്ട് പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതില്‍ തത്പരകക്ഷികള്‍ വിജയിക്കാറുണ്ട്. പ്രണയിക്കുക എന്നതും മതം മാറുക എന്നതും ഒരു വ്യക്തിയുടെ മൗലികമായ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. പ്രണയത്തിന്‍റെ പേരില്‍ സ്വയം മതംമാറുന്നതിലും നാം ആശങ്കാകുലരാകേണ്ടതില്ല. എന്നാല്‍ മതംമാറ്റാന്‍ വേണ്ടി മാത്രമായി പ്രണയിക്കുന്നതിലെ ദുരൂഹതകളെയും ഗൂഢാലോചനകളേയുമാണ് നാം ശക്തമായി ചൂണ്ടിക്കാട്ടുന്നത്, ഒപ്പം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ പെണ്‍കുട്ടികളുടെ നിഷ്കളങ്കതയെ മുതലെടുത്തുകൊണ്ട് അവരുടെ വൈകാരികനിലയെ ചൂഷണം ചെയ്ത് സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് തികച്ചും അപലപനീയമാണ്. അവളെ അത്രമാത്രമാക്കിയ കുടുംബത്തെ ഏതാനും ദിവസങ്ങള്‍കൊണ്ടുപോലും തള്ളിപ്പറയിപ്പിക്കാന്‍ സാധിക്കും വിധം അവരുടെ ആലോചനാശേഷിയെ സ്വാധീനിക്കുകയും ബുദ്ധിയെ തിരുത്തിയെഴുതുകയും ചെയ്യുന്നതിന് തത്പരകക്ഷികള്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിസ്സാരമെന്നോ നിരുപദ്രവകരമെന്നോ നാം കരുതേണ്ടതില്ല. അതിനര്‍ത്ഥം കത്തോലിക്കാവിശ്വാസം കാര്യമായി ഗണിക്കാത്ത മന്ത്രവാദം, കൂടോത്രം പോലുള്ള ആശയഗതികളെ ഭയപ്പെടണമെന്നല്ല, മറിച്ച്, ശത്രുവിന്‍റെ കെണികളെക്കുറിച്ച് തിരിച്ചറിവുണ്ടായിരിക്കണമെന്ന് മാത്രമാണ്.

ക്രൈസ്തവരും ഹിന്ദുക്കളം പ്രണയാനന്തരം മതം മാറ്റുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. തികച്ചും ദുര്‍ബലമായ വാദമുഖങ്ങളാണിവ. ഇരുവിഭാഗങ്ങളിലും വിവാഹത്തിന് മുന്നോടിയായി മതംമാറണമെന്ന നിര്‍ബന്ധബുദ്ധികളില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. അവരവരുടെ വിശ്വാസത്തില്‍ത്തന്നെ തുടരുന്നവര്‍ എത്രയോ ഇന്ന് ക്രൈസ്തവസഭകളിലുണ്ട്. എന്നാല്‍ പ്രണയജിഹാദില്‍ വിവാഹത്തിന്‍റെ അവിഭാജ്യഘടകമാണ് മതംമാറ്റം. അതു മാത്രവുമല്ല, ക്രൈസ്തവമതത്തിലേക്കോ ഹിന്ദുമതത്തിലേക്കോ പോയവര്‍ ഇന്നും അവരുടെ ചിരികള്‍ മായാതെയും സന്തോഷം നഷ്ടപ്പെടാതെയും അവരവരുടെ നാടുകളില്‍ ബന്ധുമിത്രങ്ങളോടൊപ്പം സുഖമായി കഴിയുന്നുണ്ട്. പ്രണയജിഹാദില്‍പ്പെട്ട് മതംമാറിയവരിലെത്രപേര്‍ പിറന്ന നാടും വീടും വിട്ട് വിലാസമില്ലാത്ത ജീവിതങ്ങള്‍ക്കുടമകളായിത്തീരുന്നു.

സ്വാതന്ത്ര്യവും പുഞ്ചിരിയും നഷ്ടപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരും കാണാതാകുന്നവരുമായ പെണ്‍കുട്ടികളെ പ്രതിയുള്ള ആകുലതകളാണ് പ്രണയജിഹാദിന്‍റെ പ്രതിരോധവേദികളെ ഇന്ന് ശക്തമാക്കിത്തീര്‍ക്കുന്നത് എന്നോര്‍ക്കുക.

കവര്‍ന്നെടുക്കപ്പെടുന്ന മാനം

മാനം നഷ്ടപ്പെട്ടവള്‍ക്ക് ശേഷിക്കുന്നത് അപമാനമാണ്. കോഴിക്കോട് സംഭവിച്ചത് പുറത്താക്കപ്പെട്ട ഒരു രഹസ്യമാണ്. അത് വിളിച്ചുപറയാനും അതിനെ പ്രതിരോധിക്കാനും ആ പെണ്‍കുട്ടിക്ക് നട്ടെല്ലുള്ള ഒരപ്പനുണ്ടായിരുന്നു. പ്രണയജിഹാദിന്‍റെ ഒളിവിടങ്ങളില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിതൊക്കെയാണ്. ഹോസ്റ്റലുകളില്‍ നിന്ന് തലമൂടുന്ന കുപ്പായങ്ങളിട്ട് അവധിദിനങ്ങളില്‍ ബൈക്കിലും കാറിലുമായി എവിടേക്കോ പോകുന്നവര്‍. ഹോസ്പിറ്റലുകളിലെ ഡ്യൂട്ടി സമയങ്ങളിലും മറ്റും കൈമാറ്റം ചെയ്യപ്പെടുന്ന രഹസ്യസന്ദേശങ്ങളായും കോളേജുകളില്‍ ഉത്തമസൗഹൃദത്തിന്‍റെ പുറംമേനിയിലും യാത്രകളില്‍ വച്ചുനീട്ടപ്പെടുന്ന ഒരു ലിഫ്റ്റ് ഓഫറായും ഒരു നേരത്തെ ഭക്ഷണമായുമൊക്കെ ചെറിയ ചൂണ്ടകള്‍ ഒരുങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ പ്രണയങ്ങളില്‍ കളങ്കപ്പെട്ടതേത് നിഷ്കളങ്കമേത് എന്ന് നിശ്ചയിക്കാനാവാത്ത ഒരു ചരിത്രസന്ധിയില്‍ ക്രൈസ്തവയുവതികള്‍ “പ്രണയമേ വേണ്ടതില്ലിനി, ഇക്കൂട്ടരുമായി” എന്ന് നിശ്ചയിക്കാതെ നിവര്‍ത്തിയില്ലാതെ വരുന്നു.

കവര്‍ന്നെടുക്കപ്പെടുന്ന മാനം വെച്ച് മതംമാറ്റത്തിന് വിലപേശുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പെണ്‍മക്കള്‍ നിശ്ചയമെടുക്കണം. അതിന് ഇപ്രകാരം മതംമാറിപ്പോയി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ പലരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ രഹസ്യഭാഗങ്ങളില്‍ പച്ചകുത്തിയിരുന്നു എന്നെഴുതിയിരുന്നതിന്‍റെ സാംഗത്യം കൂടി മനസ്സിലാക്കണം. ഏതോ ദുര്‍ബലനിമിഷത്തില്‍ കാമുകന് മുന്നില്‍ ശരീരത്തെ അനാവൃതമാക്കേണ്ടിവരുമ്പോള്‍ അത് കൈകാര്യം ചെയ്യപ്പെട്ടതിന്‍റെ തെളിവായിട്ടാണ് പച്ചകുത്തിയ അടയാളങ്ങള്‍ ശേഷിക്കുന്നത്. കവര്‍ന്നെടുക്കപ്പെട്ട മാനം മാത്രമല്ല മായ്ക്കാനാവാത്ത അപമാനവും അവളെ ജീവത്യാഗത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

പ്രണയജിഹാദില്‍ സമുദായസ്പര്‍ദ്ധയോ?

പ്രണയജിഹാദ് എന്ന ഗൗരവതരമായ പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ അത് ഇസ്ലാം എന്ന മതത്തിന് നേരേയുള്ള ആക്രമണമണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലുമല്ല. അത് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരമായ തീവ്രവാദത്തിനെതിരേ നടത്തുന്ന വിമര്‍ശനമാണ്. ഇനിയും കാണാതാകുന്ന പെണ്‍കുഞ്ഞുങ്ങളെപ്രതി ഞങ്ങള്‍ക്ക് കരയാനാവില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്. അതിന് തീവ്രവാദത്തെ എല്ലാ മതങ്ങളോടുമൊപ്പം തള്ളിപ്പറയാനും തീവ്രവാദത്തിലേക്ക് യുവത്വത്തെ വഴിതെറ്റിക്കുന്ന വിശ്വാസപ്രമാണങ്ങളെയും ആശയഗതികളെയും തിരുത്താനും തയ്യാറാവുകയാണ് സംസ്കാരമുള്ള ഒരു ആധുനികസമൂഹം ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല, മറിച്ച്, പ്രതിരോധവും ന്യായീകരണവും മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

സമാപനം

ഉത്തമഗീതത്തിലെ മണവാളന്‍റെ അഭ്യര്‍ത്ഥനയിതാണ്: “ജറുസലെം പുത്രിമാരെ ഞാന്‍ കെഞ്ചുന്നു, സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ” (8,4). ഈ അഭ്യര്‍ത്ഥനയെ നിരന്തര പ്രാര്‍ത്ഥനയാക്കി മാറ്റേണ്ട സമയം പ്രിയ ജറുസലേം പുത്രിമാരേ, അതിക്രമിച്ചിരിക്കുന്നു. നാം നമ്മുടെ സമുദായത്തിന്‍റെ ഉന്നതമായ ഗുണനിലവാരത്തെയും അത് ജീവിതത്തിന് നല്കുന്ന സുരക്ഷിതത്വത്തെയും കുടുംബത്തിലനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് ബോധവതികളാവുക. മരിച്ചാലും കൈവിടാത്ത ഈ വിശ്വാസ-ധാര്‍മ്മിക ജീവിതശൈലിയോട് കൂറുള്ളവരാവുക. ഒരുമിച്ച് നില്‍ക്കുന്നവരും പരാജയങ്ങളില്‍ പതറാത്തവരും തിരുത്തലുകളില്‍ ശക്തിപ്പെട്ട് മുന്നോട്ട് കുതിക്കുന്നവരുമാവുക. നിന്‍റെ കുടുംബത്തിലെ സായാഹ്നങ്ങളെയും മെഴുതിരിവെട്ടങ്ങളെയും കുന്തുരിക്കഗന്ധത്തെയും വിശുദ്ധ ബലിയെയും കൂട്ടായ്മകളെയും സദാ സ്മരിക്കുക. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണവും പങ്കുവെക്കലും കൈമോശം വരാതെ കുടുംബങ്ങള്‍ കാക്കുക. അറിവുള്ള ഇടങ്ങളില്‍ നിന്നല്ല ഉറപ്പുള്ള ഇടങ്ങളില്‍ നിന്ന് കഴിക്കുക: ഭക്ഷണം മാത്രമല്ല, ആശയങ്ങളും… മധുരമുള്ളതെല്ലാം നല്ലതാകണമെന്നില്ല, അവയില്‍ നമ്മെ മയക്കുന്ന പലതും കലര്‍ത്തിയിട്ടുണ്ടാവാം.

നോബിള്‍ തോമസ് പാറക്കല്‍