കുഞ്ഞുങ്ങളെ എങ്ങനെ ദിവ്യകാരുണ്യ ഭക്തിയിൽ വളർത്താം?

നമ്മുടെ കുഞ്ഞുങ്ങൾ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുന്നവരാണ്. എന്നാൽ അവരിൽ ദിവ്യകാരുണ്യ ഭക്തി ഉണ്ടോ എന്നകാര്യം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കുട്ടിക്കാലം മുതൽ തന്നെ അവരിൽ ദിവ്യകാരുണ്യ ഭക്തി വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ദിവ്യകാരുണ്യ ഭക്തിയിൽ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരാനുള്ള മികച്ച മാർഗ്ഗങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

1. അടിസ്ഥാന സിദ്ധാന്തം പഠിപ്പിക്കുക

“യേശു ക്രിസ്തു കുർബാനയിൽ സവിശേഷവും സമാനതകളില്ലാത്തതുമായ രീതിയിൽ സന്നിഹിതനാണ്. അവൻ ശരീരത്തോടും രക്തത്തോടും ആത്മാവോടും ദൈവികതയോടും കൂടെ സത്യവും യാഥാർത്ഥവും ആയ രീതിയിൽ സന്നിഹിതനാണ്. ദിവ്യബലിയിൽ കൂദാശയായി അതായത്, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ദൈവവും മനുഷ്യനുമായ യേശുക്രിസ്തു ഉണ്ട്” എന്ന അടിസ്ഥാനപരമായ വസ്തുത കുഞ്ഞുങ്ങളെ പഠിപ്പിക്കുക. അവൻ വെറും അപ്പം പോലെ കാണപ്പെടുന്നുവെങ്കിലും അതിൽ അവൻ പൂർണ്ണമായും സന്നിഹിതനാണ്. വി. അഗസ്റ്റിൻ പറയുന്നതുപോലെ അന്ത്യത്താഴവേളയിൽ “അവൻ തന്നെത്തന്നെ കരങ്ങളിൽ പിടിച്ചു”. ഇന്ന് പുരോഹിതൻ യേശുവിനെ കരങ്ങളിൽ ഉയർത്തി കൂട്ടായ്‌മയിൽ പങ്കുവെച്ചു നൽകുന്നു.

2. വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകൾ കുട്ടികളെ പഠിപ്പിക്കുക

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ” എന്ന ഏറ്റവും ചെറുതും എന്നാൽ മികച്ചതുമായ ഈ ദിവ്യകാരുണ്യ സ്തുതി നമുക്ക് മക്കളെ പഠിപ്പിക്കാം. അതുപോലെ തന്നെ ദിവ്യകാരുണ്യ സ്തുതിക്കായുള്ള നിരവധി ചെറിയ പ്രാർത്ഥനകൾ നമുക്കവരെ പഠിപ്പിക്കാം.

3. ആചാരരീതികൾ പഠിപ്പിക്കാൻ മറക്കരുത്

സക്രാരിക്കു മുൻപിലോ ദിവ്യകാരുണ്യ ആരാധനയുടെ മുൻപിലോ എത്തുമ്പോൾ മുട്ടുകുത്തി തലകുമ്പിട്ട് ആചാരം ചെയ്യാൻ കുട്ടികളെ ഓർമ്മിപ്പിക്കുക. ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന യഥാർത്ഥ രാജാവായ മിശിഹായെ ആണ് നാം ആരാധിക്കുന്നതെന്നു അവരെ ബോധ്യപ്പെടുത്തുക.

4. സമർപ്പണത്തിലേക്ക് അവരുടെ ചിന്തകളെ ഉയർത്തുക

“ഇതെന്റെ ശരീരമാകുന്നു”, “ഇത് എന്റെ രക്തമാകുന്നു” എന്ന് പുരോഹിതൻ പറയുമ്പോൾ അത് ഈശോ വരുന്ന സമയമാണെന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. കുറച്ചുകൂടി മുതിർന്ന കുട്ടികളാണെങ്കിൽ ആ സമയത്ത് ,’എൻറെ കർത്താവേ, എന്റെ ദൈവമേ’ എന്നും ദിവ്യകാരുണ്യം ഉയർത്തുമ്പോൾ ‘എന്റെ ദൈവമേ, കാരുണ്യമേ’ എന്നും മനസ്സിൽ പ്രാർത്ഥിക്കാൻ അവരോട് പറഞ്ഞുകൊടുക്കുക.

5. ഞായറാഴ്ചകളിൽ നിർബന്ധമായും ദിവ്യബലിയിൽ സംബന്ധിക്കണം

ഞായറാഴ്ച കുർബാനയിൽ സംബന്ധിക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും കടമയും ഉത്തരവാദിത്വവുമാണ്. യേശുവിന്റെ സ്നേഹത്തിന്റെ ബലിയുടെ അവിസ്മരണീയമായ ഓർമ്മ പുതുക്കലാണ് ഓരോ വിശുദ്ധ ബലിയും. അതിനാൽ നാം അത്യന്തം ഗൗരവത്തോടെ വേണം പങ്കുചേരുവാൻ. മാതാപിതാക്കൾ ഒരിക്കൽ പോലും ഒഴിവുകഴിവുകൾ പറയരുത്. കുട്ടികളും അതൊരു സാധ്യതയായി കണക്കാക്കും.

6. ദിവ്യകാരുണ്യ സ്വീകരണത്തിന് മുൻപായി കുമ്പസാരിച്ചൊരുങ്ങുക

നമ്മുടെ പാപങ്ങൾ ഏറ്റുപറയുക എന്നതിനേക്കാൾ മാനസികവും ആത്മീയവുമായ ഒരു സന്തോഷമാണ് കുമ്പസാരത്തിലൂടെ നമുക്ക് ലഭിക്കുക. ഈ ആത്മീയ ആനന്ദത്തിന്റെ പൂർണ്ണത നമുക്ക് ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്. അതിനാൽ ദിവ്യബലിക്ക് മുൻപായി കുമ്പസാരിച്ചൊരുങ്ങുന്നത് ഏറ്റവും അഭിലഷണീയമാണ്.

7. ഉപവാസം

വി. കുർബാന സ്വീകരണത്തിന് മുൻപ് ഒരുമണിക്കൂർ നേരത്തേക്ക് ഉപവസിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ദിവ്യബലി വളരെ പ്രത്യേകത നിറഞ്ഞതാണെന്നു കുട്ടികളെ ഓർമ്മിപ്പിക്കുന്നു.

8. ദിവ്യകാരുണ്യ സന്ദർശനം

വി. ബലിയിൽ പങ്കുചേരുന്നതിനോടൊപ്പം തന്നെ സാധിക്കുന്ന സമയങ്ങളിൽ ദിവ്യകാരുണ്യ സന്ദർശനം നടത്തി അവിടുത്തെ ആരാധിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക. കൊച്ചു കൊച്ചു പ്രാർത്ഥനകളിലൂടെ അവിടുത്തെ ആരാധിക്കാൻ ഈ സമയം പ്രയോജനപ്പെടുത്താവുന്നതാണ്.

9. മാതൃകയായിരിക്കുക

ദിവ്യകാരുണ്യ ഭക്തിയിലേക്ക് കുട്ടികളെ ചേർത്തുവെയ്ക്കുവാൻ ഏറ്റവും മികച്ച മാർഗ്ഗം മാതൃകകൾ ആയിരിക്കുക എന്നതാണ്. മാതാപിതാക്കൾ ദിവ്യകാരുണ്യത്തെ കൂടുതൽ ഭക്തിപുരസ്സരം കാണുമ്പോൾ മക്കളും അത് മാതൃകയായി സ്വീകരിക്കും.

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.