മറിയത്തോടുള്ള പ്രാർത്ഥന ദൈവത്തിലേക്ക് എത്തുന്നതെങ്ങനെയെന്ന് വി. ലൂയിസ് ഡി മോൺഫോർട്ട് വിവരിക്കുന്നതിങ്ങനെ

കത്തോലിക്കർ പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും മറിയത്തോട് മാത്രമുള്ള ആരാധനയാവുന്നില്ല. മറിച്ച്, ദൈവത്തിന് മാത്രമാണ് ആരാധന അർപ്പിക്കുന്നതെന്ന് വി. ലൂയിസ് ഡി മോൺഫോർട്ട് വിശദമാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ‘ട്രൂ ഡിവോഷൻ ടു മേരി’ എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

പരിശുദ്ധ മറിയത്തോടുള്ള ഭക്ത്യാദരങ്ങളിലൂടെ ദൈവത്തിനും ഈശോയ്ക്കുമുള്ള സ്തുതിയും ആരാധനയുമാണ് നൽകപ്പെടുന്നതെന്ന് വിശുദ്ധൻ പറഞ്ഞുവയ്ക്കുന്നു. അനേകം നാളത്തെ ആരാധനകളേക്കാൾ കൂടുതൽ ആരാധന, പരിശുദ്ധ മറിയത്തിലൂടെ സമർപ്പിച്ചാൽ ഈശോയ്ക്ക് നൽകാനാവുമെന്നും അദ്ദേഹം പറയുന്നു.

“ദൈവത്തിന്റെ വാക്കുകൾ മനുഷ്യരിൽ എത്തിക്കുന്ന ഒരു എക്കോ സംവിധാനമാണ് പരിശുദ്ധ മറിയം. മറിയമേ… എന്ന് നിങ്ങള്‍ വിളിക്കുമ്പോൾ, ദൈവമേ… എന്ന് അവർ വിളിക്കും. കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എവിടെ നിന്ന് എന്ന് എലിസബത്ത് ചോദിക്കുമ്പോൾ എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു എന്നാണ് മറിയം പറഞ്ഞത്. അതുകൊണ്ടാണ് പറയുന്നത്, പരിശുദ്ധ മറിയത്തിന് കൊടുക്കുന്ന ഓരോ സ്തുതിയും ആരാധനയും ദൈവത്തിലേക്കാണ് എത്തിപ്പെടുന്നത് എന്ന്.”

മറിയത്തോട് ചേര്‍ന്നിരിക്കുമ്പോൾ നാം ദൈവത്തോടും ചേര്‍ന്നിരിക്കുകയാണ് ചെയ്യുന്നതെന്നും വി. ലൂയിസ് ഡി മോൺഫോർട്ട് പറയുന്നു.