വ്യക്തിലോകത്തെ ചിന്താസംരക്ഷകന്‍

”മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍ കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും” (യോഹ 5:27-29).

സോറന്‍ കിര്‍ക്കേഗാഡ്
(05.05.1813 – 11.11.1855)

ആധുനിക അസ്തിത്വ ചിന്തയുടെ പ്രണേതാവ് എന്ന നിലയിലാണ് സോറന്‍ കിര്‍ക്കേഗാഡ് അറിയ പ്പെടുന്നത്. 42 വര്‍ഷത്തെ ജീവിതമാണ് ഇഹലോകത്തില്‍ കിര്‍ക്കേഗാഡിനുണ്ടായിരുന്നുള്ളുവെങ്കി ലും സംഭവബഹുലമായിരുന്നു ഈ തത്വചിന്തകന്റെ ഹൃസ്വകാല ജീവിതം. ദാര്‍ശനിക ലോകത്ത് വിപ്ലവം സൃഷ്ടിച്ച കൃതികളായിരുന്നു ഇദ്ദേഹത്തിന്റെ രചനകള്‍.

തത്വചിന്തയില്‍ വ്യക്തിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തുവെന്നതാണ് കിര്‍ക്കേഗാഡിന്റെ നേട്ടം. അദ്ദേഹം അഴിച്ചുവിട്ട വിചാരവിപ്ലവം പിന്തുടരാന്‍ ഒട്ടനവധിപേരുണ്ടായിരുന്നു. മാര്‍ട്ടിന്‍ ബൂബര്‍, മാര്‍ട്ടിന്‍ ഹൈഡഗര്‍, കാള്‍ ജാസ്‌പേഴ്‌സണ്‍, ഗബ്രിയേല്‍ മാഴ്‌സല്‍, എഡ്മണ്ട് ഹുസ്സറല്‍, ഴാങ്ങ് പോള്‍ സാര്‍ത്ര് തുടങ്ങിയവര്‍ ഇതിനുദാഹരണങ്ങളാണ്. സോറന്‍ കിര്‍ക്കേഗാഡ് ചിന്താലോകത്ത് വ്യക്തിസംരക്ഷകനായാണ് പ്രത്യക്ഷനായത്. നാളതുവരെയുള്ള തത്വചിന്തകള്‍ സമഷ്ടിയെ ആസ്പദമാക്കിയുള്ളതായിരുന്നു. ഹേഗലിന്റെ സമഷ്ടിവദത്തില്‍ മനുഷ്യനെന്ന വ്യക്തിക്ക് സ്ഥാനമില്ലായിരുന്നു. മര്‍ക്‌സിന്റെ പദാര്‍ത്ഥവാദത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യമഹത്വത്തിനും സ്ഥാനമുണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക ശാസ്ത്രത്തില്‍ മനുഷ്യന്‍ കേവലം യന്ത്രവത്കൃത സ്ഥാപനങ്ങളായി അധഃപതിക്കുമെന്ന ക്രാന്തദര്‍ശിത്വം ഹേഗലിനും മാര്‍ക്‌സിനും ഇല്ലാതെപോയി. ഇവിടെയാണ് അസ്ഥിത്വചിന്തയുടെ പ്രസക്തി കാണേണ്ടത്. മനുഷ്യന് അവന്റെ വ്യക്തിത്വവും അനന്യതയും പ്രാമാണികതയും സമൂര്‍ത്തതയും നേടിക്കൊടുക്കുക എന്നതാണ് ഇന്ന് തത്വചിന്തകര്‍ ഏറ്റെടുക്കേണ്ട പ്രതിജ്ഞാബദ്ധത. ഇവിടെയാണ് കിര്‍ക്കേഗാഡിന്റെ ദാര്‍ശനിക സത്യങ്ങളെ വിലയിരുത്തേണ്ടത്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തത്വചിന്ത, ദൈവശാസ്ത്രം, പാശ്ചാത്യ സംസ്‌ക്കാരം ന്നിവയില്‍ സോറന്‍ കിര്‍ക്കെഗാഡിന്റെ സ്വാധീനം പ്രകടമായിരുന്നു. മനുഷ്യന്‍ മൂന്ന് അവസ്ഥകളിലൂടെയാണ് അവന്റെ സ്വാസ്ത്യം സ്ഥാപിക്കുന്നതെന്ന് കിര്‍ക്കേഗാഡ് പറയുന്നു. സൗന്ദര്യാനുഭാവം, ധാര്‍മികാനുഭാവം, മതാനുഭാവം. അതിനാല്‍ ആധുനിക തത്വചിന്തയുടെ പിതാവെന്ന് കിര്‍ക്കേഗാഡിനെ വിശേഷിപ്പിക്കുന്നു.

ഡന്‍മാര്‍ക്കിലെ കോപ്പണ്‍ ഹെയ്ഗനില്‍ 1813 മെയ് അഞ്ചിനാണ് സോറന്‍ കിര്‍ക്കേഗാഡിന്റെ ജനനം. തന്റെ പ്രാഥമിക പഠനങ്ങളും തത്വശാസ്ത്രപഠനങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് തത്വശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ സോറനാരംഭിക്കുന്നത്. താത്വിക ലോകത്ത് ഏറെ ചര്‍ച്ചചെയ്തിട്ടുള്ളവയാണ് സോറന്റെ കൃതികളേറെയും. വേണമോ വേണ്ടയോ, ഭയവും വിറയലും, ഉത്കണ്ഠയുടെ വിശകലനം, ജീവിത പന്ഥാവിലെ പടവുകള്‍, തത്വശകലങ്ങളുടെ അശാസ്ത്രീയ സമാഹാരക്കുറിപ്പ് തുടങ്ങിയവ സോറന്‍ കിര്‍ക്കേഗാഡിന്റെ പ്രശസ്തകൃതികളാണ്. ഇദ്ദേഹത്തിന്റെ രചകളൊക്കെ ഫ്രഞ്ച്, ജര്‍മന്‍, മറ്റ് യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഈശ്വരസത്തയിലേക്ക് വ്യക്തിഗതമായി കടന്നുവരണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന കൃതിയാണ് ‘ഭയവും വിറയലും’ (Fear & Trembling). മനുഷ്യാസ്ഥിത്വത്തിന്റെ പൂര്‍ണ്ണത ഈശ്വരാസ്ഥി ത്വത്തിലാണ് വിലയം പ്രാപിച്ചിരിക്കുന്നതെന്ന് ഈ കൃതി അനുസ്മരിപ്പിക്കുന്നു. ഈശ്വരനുമായുള്ള മനുഷ്യബന്ധത്തിന് യാതൊരുവിധ മാധ്യമങ്ങളും പാടില്ലെയെന്നാണ് കിര്‍ക്കേഗാഡ് പറയുന്നത്. മനുഷ്യന്‍ പരിമിതനും ദൈവം അപരിമിതനുമാണ്. ഇത് മനുഷ്യന് ബോധ്യമുണ്ടായിരിക്കണം. അതിനാല്‍ മനുഷ്യന്‍ ഈശ്വരനില്‍ വിലയം പ്രാപിക്കണം. മനുഷ്യന്‍ വ്യതിരിക്തനായ വ്യക്തിയാണ്. ആ നിലയില്‍ അവന്‍ വ്യക്തിഗതമായിട്ടുവേണം ഈശ്വരനെ സമീപിക്കാനെന്ന വാദമാണ് കിര്‍ക്കേഗാഡിനുള്ളത്. ഇതിനുദാഹരണമായി പഴയനിയമത്തിലെ പൂര്‍വ്വപിതാവായ അബ്രഹാമിന്റെ കഥ അദ്ദേഹം സൂചിപ്പിക്കുന്നു. മക്കളില്ലാതിരുന്ന അബ്രഹാമിന് വാര്‍ധക്യത്തില്‍ ഒരു മകനെ നല്‍കുന്നതും ആ മകനെ തനിക്കായി ബലികഴിക്കാന്‍ യാഹ്‌വേ ആവശ്യപ്പെടുന്നതുമെല്ലാം അബ്രാഹത്തിനെ വിഷമസന്ധിയിലാക്കുന്നുണ്ട്. ഏകമകനെ സ്വന്തം പിതാവ് തന്നെ പതിച്ച് ബലിയര്‍പ്പിക്കുക എന്നത് ഒരു പിതാവിനെ സംബന്ധിച്ച് വിഷമകരം തന്നെയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ ധാര്‍മിക നിയമങ്ങളുടെ സാര്‍വ്വത്രികതയില്‍ നിന്നുയര്‍ന്ന് വ്യക്തിഗതമായി ഈശ്വരനെ പ്രാപിക്കാനുള്ള അവസരത്തിലേക്ക് അബ്രഹാം ഉയരുന്നുണ്ട്. ഇത് മനുഷ്യന്റെ മതാത്മകതയിലേ ക്കുള്ള കയറ്റമാണെന്ന് കിര്‍ക്കേഗാഡ് ചൂണ്ടിക്കാട്ടുന്നു.

ഉത്കണ്ഠ മനുഷ്യാസ്ഥിത്വത്തിന്റെ ഇല്ലായ്മയുടെ ഉറവിടമെങ്കില്‍ വിശ്വാസം ഈശ്വരസത്തയുടെ ഉണ്മയുടെ ഉറവിടമാണ്. വിശ്വാസം വൈരുദ്ധ്യാത്മികവും ആന്തരികവും വ്യക്തിഗതവുമായിരിക്കണമെന്നാണ് കിര്‍ക്കേഗാഡ് ഓര്‍മ്മപ്പെടുത്തുന്നത്. തത്വശാസ്ത്രസംബന്ധി യായ 21-ല്‍ പ്പരം ഗ്രന്ഥങ്ങളാണ് സോറന്‍ കിര്‍ക്കേഗാഡ് രചിച്ചത്. ഇതെല്ലാം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടി ട്ടുള്ള അമൂല്യ കൃതികള്‍ തന്നെയാണ്. സൗന്ദര്യശാസ്ത്രം, ക്രിസ്തുമതം, തത്വമീമാംസ, നീതിശാസ്ത്രം, എപ്പിസ്റ്റിമോളജി, കവിത, സൈക്കോളജി ഇതൊക്കെ സോറന്‍ സ്പര്‍ശിച്ച മേഖലകളാണ്. പക്ഷേ ജ്വലിച്ചുയരുന്നതിനു മുമ്പേ ഈ താത്വികാചാര്യന്‍ പൊലിഞ്ഞു. 42-ാം വയസ്സില്‍ 1855 നവംബര്‍ 11-ന് തത്വശാസ്ത്രങ്ങളില്ലാത്ത ദൈവശാസ്ത്ര ലോകത്തേക്ക് സൗന്ദര്യശാസ്ത്രവും നീതിശാസ്ത്രവും സമന്വയിപ്പിച്ച ഈ തത്വചിന്തകന്‍ ആനീതനായി.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.