ഏഴാം വയസിൽ കാഴ്ച നഷ്ടപ്പെട്ടു; ഇന്ന് വൈദികൻ

ഫാ. ടിയാഗോ വരന്‍ഡാ ഒരു അന്ധവൈദികനാണ്. 2019 ജൂലൈ 14-ന് പോർച്ചുഗലിലെ ബ്രാഗയിൽ വച്ച് അദ്ദേഹം വൈദികനായി. കാഴ്ചയില്ലാത്ത അവസ്ഥ അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. അംഗവൈകല്യത്തോടെ വൈദികനായ രാജ്യത്തെ ആദ്യത്തെ വൈദികനാണ് അദ്ദേഹം. കാഴ്ചയില്ലെങ്കിലും അദ്ദേഹം തന്റെ ഉൾക്കാഴ്ച കൊണ്ട് അജഗണങ്ങളുടെ ഇടയിൽ തീക്ഷ്ണമായി ശുശ്രൂഷ ചെയ്യുന്നു. ഫാ. ടിയാഗോയുടെ അത്ഭുതപ്പെടുത്തുന്ന ജീവിതം വായിച്ചറിയാം…

കണ്ണുകളിലെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഗ്ലോക്കോമ എന്ന രോഗം ബാധിച്ചാണ് ടിയാഗോ ജനിച്ചതു തന്നെ. ഏഴാമത്തെ വയസ്സിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 16 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ അവസ്ഥയെ തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞത് ദൈവത്തിലുള്ള വിശ്വാസവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം മൂലവും ആയിരുന്നു. വളരെയേറെ വിഷമിച്ച ഒരു കാലഘട്ടമായിരുന്നു ഇതെന്ന് ടിയാഗോ തന്നെ വെളിപ്പെടുത്തുന്നു.

“ഞാൻ എന്താണ് എന്റെ ജീവിതം കൊണ്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കാൻ തുടങ്ങി. ഒരു കുടുംബനാഥന്‍ ആകുവാനല്ല, പുരോഹിതനാകുവാനാണ് ദൈവം എന്നോട് ആവശ്യപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. ഒരു പുരോഹിതനും പിതാവാണ്. എന്നാൽ വൈദികനാകുവാനും നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. സെമിനാരിയിൽ പ്രവേശിക്കുവാൻ എനിക്ക് വേണ്ടത്ര ധൈര്യം ഉണ്ടായിരുന്നില്ല” – ഫാ. ടിയാഗോ കൂട്ടിച്ചേർത്തു.

വൈസു സർവ്വകലാശാലയിൽ പഠിക്കുമ്പോൾ, ഒരു സുഹൃത്ത് വഴി ഓപസ് ഡേയെ എന്ന സംഘടനയുടെ ഭാഗമാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ പരിശീലനപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുകയും ചെയ്തു. ഓപസ് ഡേയിൽ നിന്നുള്ള ഒരു പുരോഹിതനോട് തന്റെ ആത്മീയകാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു. അത് ദൈവവിളിയോട് ധൈര്യപൂർവ്വം പ്രതികരിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഓപസ് ഡേയുടെ സ്ഥാപകനും ആഴമായ ദൈവവിശ്വാസത്തിൽ വളർന്ന വി. ജോസ്മാരിയ എസ്‌ക്രിവയുടെ ജീവിതവും അദ്ദേഹത്തിന് കൂടുതൽ പ്രചോദനമായി.

“അങ്ങനെയാണ് ഞാൻ സെമിനാരിയിൽ പ്രവേശിക്കാൻ തീരുമാനിക്കുന്നത്. ധൈര്യക്കുറവ് ഉണ്ടെങ്കിലും പുരോഹിതനാകാനുള്ള ശക്തമായ ആഗ്രഹം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല. ക്രിസ്തുവിനെ കണ്ടെത്താൻ ആളുകളെ സഹായിക്കാൻ എനിക്കാകുമെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു” – അദ്ദേഹം പറയുന്നു.

ഫാ. ടിയാഗോ വൈദികനായത് 2019 ജൂലൈ 14-നാണ്. അടുത്ത ദിവസം ഫാത്തിമായിലെ മാതാവ് പ്രത്യക്ഷപ്പെട്ട ചാപ്പലിൽ അദ്ദേഹം തന്റെ ആദ്യത്തെ വിശുദ്ധ ബലി അർപ്പിച്ചു. ആ നിമിഷം തന്റെ ജീവിതത്തിലെ മഹാഭാഗ്യമായി ഈ വൈദികൻ ഓർക്കുന്നു. “ബാഹ്യമായി ഒരാളെ കാണാതിരിക്കുന്നതു കൊണ്ട് അവരിലേക്ക് കടന്നുചെല്ലാൻ പറ്റുന്നില്ല. എന്നാൽ, ഒരുവന്റെ ആന്തരികജീവിതത്തിലേക്ക് കടന്നുചെല്ലാൻ കാഴ്ച വേണമെന്നില്ലല്ലോ. മറ്റുള്ളവരെ കേൾക്കാൻ എനിക്ക് സാധിക്കും. അതിനാൽ തന്നെ അവരുടെ വേദനകളെ ശ്രവിക്കുന്ന ഒരു വൈദികനാകാൻ എനിക്ക് സാധിക്കും” എന്നാണ് ഈ അന്ധവൈദികൻ പറയുന്നത്. ഡീക്കനായിരിക്കുമ്പോൾ തന്നെ അന്ധർ വായിക്കാൻ ഉപയോഗിക്കുന്ന ബ്രയിൻ ലിപിയുടെ സഹായത്തോടെ അദ്ദേഹം വചനം വ്യാഖ്യാനിച്ചു.

“വെല്ലുവിളികളും പ്രതിസന്ധികളും തുടരുമെന്ന് എനിക്കറിയാം. എന്നാൽ ദൈവകൃപയാൽ ഞാൻ അവയെ തരണം ചെയ്യും” – ഈ വൈദികൻ പറയുന്നു. ദൈവപരിപാലനയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ഈ വൈദികൻ തന്റെ ബാഹ്യമായ അന്ധതയെ മറികടക്കുന്നു. ദൈവം നൽകുന്ന ഉൾക്കാഴ്ച കൊണ്ട് അനേകരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാക്ഷ്യമായി തീരുവാനും അദ്ദേഹത്തിന് കഴിയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.