അലസതമൂലം ജീവിതത്തിൽ വന്നുകൂടാവുന്ന ചില പോരായ്മകൾ

അലസതകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത വ്യക്തികളാണ് നിങ്ങൾ എങ്കിൽ  ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവിത വിജയം നേടണമെങ്കിൽ സ്ഥിരോത്സാഹം കൂടിയേ തീരൂ. അലസതയ്ക്ക് വഴങ്ങുക എന്നതിനർത്ഥം പരാജയം സ്വീകരിക്കുക എന്നാണ്. അലസതയുള്ള വ്യക്തിയാണോ നമ്മൾ എന്നറിയാനുള്ള വഴി, ‘പിന്നെ ചെയ്യാം, കുറച്ചു കഴിയട്ടെ’… എന്നൊക്കെയുള്ള നമ്മുടെ മനോഭാവങ്ങൾ ആണ്. അലസത നമ്മുടെ ജീവിതത്തെ ദോഷകരമായി എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം…

1. നാളെയെന്ന് പറഞ്ഞു നീട്ടി വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക

ഒരു കാര്യം ചെയ്യാൻ ഉണ്ടെങ്കിൽ നാളെ, നാളെ എന്നുപറഞ്ഞുകൊണ്ട് നീട്ടി വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. എൻ്റെ കടമകൾ ഞാൻ യഥാസമയം പൂർത്തിയാക്കും എന്ന് തീരുമാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. കാരണം, ഒരു പ്രാവശ്യം നാം ഇപ്രകാരം ഉപേക്ഷ വിചാരിച്ചാൽ പിന്നെ പതിയെ അതൊരു ശീലമായി മാറും. അതിനാൽ, ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ കൃത്യസമയത്ത് തന്നെ ചെയ്തു തീർക്കുക.

2. അലസത പല തെറ്റുകളിലേക്കും നമ്മെ നയിക്കും 

അലസതയ്ക്ക് അടിമയായ വ്യക്തി പതിയെ പല തെറ്റുകളിലും ചെന്ന് വീഴാൻ ഇടയുണ്ട്. അലസന്റെ മനസ് പിശാചിന്റെ പണിപ്പുരയാകുന്നു എന്നാണല്ലോ വചനം പറയുന്നത്. അലസതയിൽ ഏർപ്പെടുന്നത് ഒരു വിള്ളലിലൂടെ തണുത്ത വായു പ്രവേശിക്കാൻ അനുവദിക്കുന്നതിനു തുല്യമാണ്. കാരണം, അത് ഒരു ചെറിയ വിള്ളലാണെങ്കിലും, ക്രമേണ അത് മുറി മുഴുവൻ തണുപ്പിക്കുകയും മുറിയിലുള്ളവയെ ചൂടാക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു.

3. അലസരുടെ ജീവിതത്തിൽ പ്രധാനപ്പെട്ട പല നഷ്ടങ്ങളും സംഭവിക്കാം

അലസത എന്ന ഒറ്റ കുറവുകൊണ്ട് അലസരുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും നഷ്ടപ്പെട്ടു പോകുവാൻ ഇടയുണ്ട്. ഉദാഹരണത്തിന്, മടിയനായ ഒരാൾക്ക് കൃത്യ സമയത്ത് ഒരു കാര്യം ചെയ്തു തീർക്കുന്നതിനോ കൃത്യത ആവശ്യമായ പ്രവർത്തി ചെയ്യുന്നതിനോ  ബുദ്ധിമുട്ടാണ്. കൃത്യസമയത്ത് ഇറങ്ങിയില്ലെങ്കിൽ, ഒരു തൊഴിൽ അവസരം തന്നെ ജീവിതത്തിൽ നഷ്ടപ്പെടും.

4. സ്വയം ന്യായീകരിക്കുന്ന സ്വഭാവം

അലസരാണ് എന്നുള്ളതിന്റെ പ്രധാന തെളിവാണ് നമ്മുടെ പ്രവർത്തികളെ ന്യായീകരിക്കുന്ന സ്വഭാവം. “ആരും എന്നോട് പറഞ്ഞില്ല,” “എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതി, പക്ഷേ എനിക്കറിയില്ല…” എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ നിരത്തുവാൻ ഇക്കൂട്ടർ ശ്രമിക്കും.

5. ഏൽപ്പിക്കുന്ന കാര്യങ്ങൾ എങ്ങനെയും തീർത്താൽ മതിയെന്ന മനോഭാവം

അലസത വെടിയുകയാണെങ്കിൽ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് സാധിക്കും. അലസരായി നടന്നു സമയം നഷ്ടപ്പെടുത്തിയിട്ട് എന്തെങ്കിലും ചെയ്യാൻ വേണ്ടി കാര്യങ്ങൾ ചെയ്തു തീർക്കുന്ന അവസ്ഥ. ഇത് മടിയന്റെ ജീവിതത്തിൽ ഉണ്ടാകും. അതിനാൽ പൂർണ്ണമായ ശ്രദ്ധയോടെ ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുക.

6. അലസത പലതരം മുഖംമൂടികൾ ധരിക്കുവാൻ കാരണമാകുന്നു 

അലസത എന്ന ഒറ്റക്കുറവ് മൂലം നാം ജീവിതത്തിൽ പലതരം മുഖംമൂടികൾ ധരിക്കുവാൻ ഇടയാകുന്നു. കാരണം, കുറവുകൾ ഉണ്ടാകുമ്പോൾ അവയെ അഭിമുഖീകരിക്കുവാൻ പല കാരണങ്ങളും കണ്ടുപിടിക്കേണ്ടി വരുന്നു. വീടുകളിൽ ഒരു മുഖം ജോലി സ്ഥലത്ത് മറ്റൊരു മുഖം കുടുംബാങ്ങളുടെ അടുത്ത് മറ്റൊരു മുഖം. ഇങ്ങനെ പോകുന്നു ഇത്തരക്കാരുടെ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.