വിശുദ്ധ പത്രോസിന്റെയും അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്ന ഇടത്തെ ദേവാലയം കണ്ടെത്തി

വി. പത്രോസിന്റെയും സഹോദരനായ വി. അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്ന ഇടത്തെ ദേവാലയ അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഗലീലി കടല്‍ത്തീരത്തെ എല്‍ആരാഷില്‍ നടത്തിയ ഖനനത്തിലാണ് ദേവാലയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ദേവാലയം എന്ന് ഗവേഷണത്തിനു നേൃത്വം നല്കുന്ന മൊര്‍ഡോക്കായ് അവിയാം വെളിപ്പെടുത്തി.

ബൈബിളില്‍ വിവരിക്കുന്ന പുരാതന മത്സ്യബന്ധന ഗ്രാമമായ ബെദ്സെയ്ദ നിലനിന്ന സ്ഥലമാണ് എല്‍ആരാഷെന്നത് പുരാവസ്തു ഗവേഷകരുടെ നിഗമനത്തെ ശരിവയ്ക്കുന്നു. കൂടാതെ പത്രോസും അന്ത്രയോസും ബെദ്സെയ്ദ സ്വദേശികളാണെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നതും.

രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ ഖനനം ആരംഭിച്ചത്. ഖനനം പൂര്‍ത്തിയാകുമ്പോള്‍ കണ്ടെത്തല്‍ ആധികാരികമായി തെളിയിക്കാന്‍ ഉതകുന്ന കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷണസംഘം.