
ഫ്രാൻസിസ് മാർപാപ്പയുടെ സുഹൃത്തായ അർജന്റീനിയൻ പത്രപ്രവർത്തകനും ഡോക്ടറുമായ നെൽസൺ കാസ്ട്രോ, മാർപാപ്പയുടെ കാൽമുട്ട് വേദന, ശരീരഭാരം കുറയ്ക്കുന്നതിലൂടെ വളരെയധികം മെച്ചപ്പെടുമെന്ന് പാപ്പാ തന്നെ തന്നോട് പറഞ്ഞുവെന്ന് വെളിപ്പെടുത്തുന്നു. “അദ്ദേഹത്തിന്റെ അമിതഭാരം കുറയ്ക്കുന്നത്, കാൽമുട്ടിൽ അനുഭവിക്കുന്ന വേദന കുറക്കുന്നതിന് സഹായിക്കും” – ഡോ. കാസ്ട്രോ ഒരു അഭിമുഖത്തിൽ പറഞ്ഞു.
പുറം, ഇടുപ്പ്, കാലുവേദന എന്നിവയ്ക്ക് കാരണമാകുന്ന സയാറ്റിക്ക എന്ന വിട്ടുമാറാത്ത നാഡീവേദനയും അദ്ദേഹം അനുഭവിക്കുന്നു. ഇത് ഇടയ്ക്കിടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. ദീർഘനാളായി നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന വേദന മൂലം മാർപാപ്പയ്ക്ക് പലതവണയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ പൊതുസമയക്രമത്തിലും നിരവധി മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. ഫെബ്രുവരി 27 -ന് നിശ്ചയിച്ചിരുന്ന, ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിലേക്കുള്ള യാത്രയും നോമ്പുകാലത്തിന്റെ ആരംഭത്തിൽ വിഭൂതി ബുധൻ മാസാചരണം നടത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികളും റദ്ദാക്കാൻ പാപ്പാ നിർബന്ധിതനായി. ഏപ്രിൽ 22 -ന്, വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു മുന്നോടിയായി ആവശ്യമായ മെഡിക്കൽ ചെക്കപ്പിന് വിധേയമാകാൻ തന്റെ പൊതുപരിപാടികൾ ഫ്രാൻസിസ് പാപ്പാ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഫെബ്രുവരി 14 -ന് വത്തിക്കാനിൽ മാർപാപ്പയെ അവസാനമായി സന്ദർശിച്ച ഡോ. കാസ്ട്രോ, ‘തനിക്ക് മൂന്ന് പൗണ്ടിൽ കൂടുതൽ ഭാരം കുറഞ്ഞുവെന്ന്’ മാർപാപ്പ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി. 2015 മുതൽ, ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് പ്രകാരം, പാസ്ത കഴിക്കുന്നത് കുറയ്ക്കാൻ ഡോക്ടർമാർ പാപ്പയോട് നിർദ്ദേശിച്ചിരുന്നു. പോപ്പ് ലിയോ പതിമൂന്നാമൻ മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ള പാപ്പാമാരുടെ ആരോഗ്യത്തെക്കുറിച്ചു വിശദീകരിക്കുന്ന 2021 -ലെ ‘ദി ഹെൽത്ത് ഓഫ് ദി പോപ്പ്സ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഡോ. കാസ്ട്രോ. ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ എഴുതാൻ പ്രോത്സാഹിപ്പിച്ച പുസ്തകത്തിൽ, 2019 -ൽ പാപ്പയും ഡോ. കാസ്ട്രോയും തമ്മിലുള്ള അഭിമുഖവും ഉൾപ്പെടുന്നു.
ഏപ്രിൽ 22 -ന് അർജന്റൈൻ ദിനപത്രമായ ‘ലാ നാസിയോണി’നു നൽകിയ അഭിമുഖത്തിൽ, തന്റെ വലതു കാൽമുട്ടിൽ ഒരു അസ്ഥിബന്ധത്തിൽ വിണ്ടുകീറൽ ഉണ്ടായതായി ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഐസിംഗും വേദനസംഹാരികളും ഉപയോഗിച്ചാണ് ചികിത്സിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ പ്രായത്തിൽ ലിഗമെന്റ് വീണ്ടെടുക്കൽ മന്ദഗതിയിലാണ്. കാലക്രമേണ അത് മെച്ചപ്പെടുമെന്ന് ഡോക്ടർമാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും മാർപാപ്പ പറഞ്ഞു. ആ സമയത്ത് മാർപാപ്പ തന്നോടു പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കാൽമുട്ടിന്റെ പ്രശ്നത്തിന് വ്യക്തമായ മെഡിക്കൽ പരിഹാരമില്ലെന്ന് ഡോ. കാസ്ട്രോ പറഞ്ഞു. അസ്ഥിയിലെ വിള്ളൽ ചികിത്സിക്കുന്നതിനുള്ള ഒരു ഏകമാർഗ്ഗമാണ് സർജറി. എന്നാൽ അത് വേദനക്ക് ഫലപ്രദമാകണമെന്നില്ല.
കഴിഞ്ഞ ജൂലൈയിലെ, കുടൽ ശസ്ത്രക്രിയക്കു ശേഷം 10 ദിവസത്തോളം ആശുപത്രിയിലായിരുന്നു പാപ്പാ. മാർപാപ്പ “ആ ഓപ്പറേഷനിൽ കൂടി അസുഖത്തിൽ നിന്നും നന്നായി സുഖം പ്രാപിച്ചിരുന്നു” എന്ന് ഡോ. കാസ്ട്രോ പറഞ്ഞു.
വത്തിക്കാനിലെ വിശുദ്ധവാര പരിപാടികളിലെ പാപ്പായുടെ ദൃശ്യങ്ങളിൽ, സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പതിനായിരക്കണക്കിന് തീർത്ഥാടകരുടെ ഇടയിൽ ഫ്രാൻസിസ് പാപ്പാ വളരെയധികം സന്തോഷവാനായി കാണപ്പെട്ടുവെന്ന് ഡോ. കാസ്ട്രോ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്കൊപ്പം മാർപാപ്പയ്ക്ക് ഇതിനകം ഒരു സമ്പൂർണ്ണ വേനൽക്കാല യാത്രാപരിപാടിയുണ്ട്. “വേദന വീണ്ടും വഷളായാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും” – കാസ്ട്രോ പറഞ്ഞു. “പൊതുവെ മാർപാപ്പയുടെ മറ്റു ആരോഗ്യകാര്യങ്ങളിൽ ആശങ്കയില്ല” – കാസ്ട്രോ കൂട്ടിച്ചേർത്തു. മാർപാപ്പമാരായ ജോൺപോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ചില സമയങ്ങളിൽ വോക്കിങ് സ്റ്റിക്കും വീൽചെയറും സഞ്ചരിക്കാൻ ഉപയോഗിച്ചപ്പോൾ, ഫ്രാൻസിസ് പാപ്പായും അത് സ്വീകരിക്കുമോ എന്ന് കാസ്ട്രോ സംശയിക്കുന്നു.
ഈ മാസം ആദ്യം മാൾട്ടയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള യാത്രാമധ്യേ, തന്റെ ആരോഗ്യം പ്രവചനാതീതമാണെന്ന് ഫ്രാൻസിസ് മാധ്യമപ്രവർത്തകരോട് സമ്മതിച്ചു. എന്നാൽ താൻ ശുഭാപ്തിവിശ്വാസിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഈ പ്രായത്തിൽ, ഗെയിം എങ്ങനെ അവസാനിക്കുമെന്ന് അറിയില്ല; അത് നന്നായി നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം” – പാപ്പാ പറഞ്ഞു.
ടോണി ചിറ്റിലപ്പിള്ളി