ലോസാഞ്ചൽസിലെ ക്രൈസ്തവർക്ക് ക്രിസ്തുമസ് സമ്മാനം: ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുമതി

അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം സന്തോഷത്തോടെ ക്രിസ്തുമസ് ദിനത്തിൽ ദൈവാലയത്തിൽ പോകുവാൻ ഒരുങ്ങുകയാണ് ലോസാഞ്ചൽസിലെ ക്രൈസ്തവർ. കോവിഡിനെ തുടർന്ന് അടച്ചിട്ട ദൈവാലയങ്ങൾ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്കായി തുറന്നു കൊടുത്തതാണ് ഇവരെ സന്തോഷഭരിതരാക്കിയിരിക്കുന്നത്. തങ്ങൾക്കു ദൈവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഉള്ള അവസരം ലഭിച്ചത് ഒരു ക്രിസ്തുമസ് സമ്മാനമായി കരുതുകയാണ് ഇവർ.

കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലൈ മുതൽ ലോസാഞ്ചൽസിൽ ദൈവാലയങ്ങൾ അടച്ചിടുകയായിരുന്നു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഇൻഡോർ സേവനങ്ങൾക്കായി ദൈവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ലോസ് ഏഞ്ചൽസ് അതിരൂപതയുടെ വെബ്‌സൈറ്റായ ഏഞ്ചലസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

ദൈവാലയത്തിൽ പ്രവേശിക്കുവാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ആറ് അടി ശാരീരിക അകലം പാലിക്കുമ്പോൾ നിൽക്കുവാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കൂടുതൽ ആളുകളെ ദൈവാലയത്തിൽ അനുവദിക്കരുതെന്നു ആരോഗ്യ വകുപ്പ് നിഷ്ക്കർഷിക്കുന്നു. കൂടാതെ ദൈവാലയത്തിനു പുറത്തു വച്ച് നടത്തപ്പെടുന്ന കർമ്മങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.