വൃക്കരോഗിയായ വീട്ടമ്മയുടെ പ്രാർത്ഥന കേട്ട് ദൈവം; വൃക്ക നൽകി വൈദികൻ

വിശ്വാസത്തോടെയുള്ള പ്രാർത്ഥനകൾ നിരസിക്കുവാൻ ദൈവത്തിനു കഴിയുകയില്ല. ഇനി അത് എത്ര അസാധ്യം ആണെങ്കിലും ആഴമായ വിശ്വാസത്തോടെയാണ് നാം പ്രാർത്ഥിക്കുന്നതെങ്കിൽ ദൈവം ഉറപ്പായും അത് സാധിച്ചു തരും. അത്തരം ഒരു അനുഭവമാണ് ഇന്ത്യാനാപോളിസിലെ വീട്ടമ്മയായ റെബേക്ക ബാർസെനാസിന്റേത്. വൃക്ക തകരാറിൽ ആയ ഈ വീട്ടമ്മയുടെ പ്രാർത്ഥന കേട്ട് ദൈവം സഹായത്തിനായി അയച്ചത് ഒരു വൈദികനെയും. ദൈവത്തോടുള്ള ആഴമായ വിശ്വാസം കൂട്ടിമുട്ടിച്ച രണ്ടു വ്യക്തികളുടെ ജീവിതം വായിക്കാം.

മക്കളെ നല്ല രീതിയിൽ വളർത്തണം. നല്ല കുടുംബമായി മുന്നോട്ട് പോകണം ഇതായിരുന്നു റബേക്കയുടെ ആഗ്രഹം. അവളുടെ ആഗ്രഹംപോലെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് വൃക്ക തകരാറിലാകുന്നതും ജീവിതം പ്രയാസത്തിലേയ്ക്ക് പതിക്കുന്നതും. പിന്നീട് നിരവധി വർഷങ്ങൾ ഡയാലിസിസിലൂടെ മുന്നോട്ട് പോയി. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്ന അവസ്ഥ വന്നു. പരിചയക്കാരിൽ നിന്നും വൃക്ക സ്വീകരിക്കുന്നത് സാധ്യമല്ലാത്ത അവസ്ഥയും എത്തി. ഈ സമയം ഒക്കെയും റബേക്ക ആഴമായ വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഈ സമയം തന്നെ സെന്റ് ഫിലിപ്പ് നേരി ഇടവകയിലെ വൈദികനായ ക്രിസ്റ്റഫർ വാഡിൽടൺ പ്രാർത്ഥനയിൽ ആയിരുന്നു. റെബേക്കയെയും കുടുംബത്തെയും നേരത്തെ തന്നെ അറിയാമായിരുന്നു എങ്കിലും അദ്ദേത്തെ ഒരിക്കൽ പോലും വൃക്കദാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് അവയവദാനത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതും അതിന്റെ മഹനീയതയെ കുറിച്ച് ഇടവക ജനങ്ങളോട് പറയുകയും ചെയ്തത്. ഈ സമയം റെബേക്ക ഡയാലിസിസിലൂടെ ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട് ഏഴു വർഷം പൂർത്തിയായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഫാ. വാഡിൽടൺ റെബേക്കയെ കാണുകയും അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് താൻ ചിന്തിക്കുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്. ആദ്യം അവൾക്കു അത്ഭുതമായി എങ്കിലും പിന്നീട് അതുവരെയുള്ള തൻറെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുകയാണെന്ന് മനസിലാക്കുകയും ചെയ്യുകയായിരുന്നു.

വൈകാതെ തന്നെ ടെസ്റ്റുകൾ ആരംഭിച്ചു. ടെസ്റ്റുകളിൽ എല്ലാം മാച്ചിങ് ആയതോടെ വൈദികന്റെ വൃക്കദാനം നടന്നു. റെബേക്ക ജീവിതത്തിലേയ്ക്ക് പതിയെ നടന്നുതുടങ്ങി. “ഞങ്ങൾ കടന്നുപോയ വേദനയുടെ അനുഭവങ്ങളെ മായ്കുന്നതിനായി ദൈവം അയച്ച അവിടുത്തെ മാലാഖ ആണ് ഈ വൈദികൻ.” -റെബേക്ക വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.