നോട്ടം

സി. രമ്യ മാത്യു
സി. രമ്യ മാത്യു

കണ്ണട വാങ്ങുന്നതിനായി എത്തിയ രത്‌നമ്മയുടെ കണ്ണില്‍, കാഴ്ച ടെസ്റ്റ് ചെയ്യുന്നതിനായി ഓരോ ലെന്‍സും മാറിമാറി വച്ചുകൊണ്ട് ടെക്‌നീഷ്യന്‍ ചോദിച്ചു: ‘ഇപ്പോഴാണോ ക്ലിയര്‍..? ഇപ്പോഴാണോ ക്ലിയര്‍..?’ അവ ഓരോന്നും മാറിമാറി വച്ചിട്ടും രത്‌നമ്മയ്ക്ക് ആകെ കണ്‍ഫ്യൂഷന്‍. നിജസ്ഥിതി മനസ്സിലാക്കാന്‍ പറ്റാതെ കുഴഞ്ഞ ടെക്‌നീഷ്യന്‍, അവസാനം ഒരു ചെറിയ ബുദ്ധി പ്രയോഗിച്ചു. കണ്ണിനു മുമ്പില്‍ മറ്റൊരു ലെന്‍സ് വെക്കുന്നതായി ഭാവിച്ച് ടെക്‌നീഷ്യന്‍ ചോദിച്ചു: ‘ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിക്കേ? ഇപ്പോള്‍ ശരിക്കും കാണത്തില്ലേ..?’ ‘യേസ്, യേസ്. ഇപ്പോള്‍ നന്നായി കാണാം.’ രത്‌നമ്മ ഒരു സംശയവുമില്ലാതെ പറഞ്ഞു. ചിരിച്ചുകൊണ്ട് ടെക്‌നീഷ്യന്‍ പറഞ്ഞു: ‘ഹ…ഹ… അതിനു ഞാന്‍ അമ്മയുടെ കണ്ണില്‍ ലെന്‍സൊന്നും വെച്ചില്ലല്ലോ.. അപ്പോള്‍ ഒരു കണ്ണടയുടെയും ആവശ്യമില്ല.’

വ്യക്തമായ കാഴ്ചയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ മുന്‍വിധികളുടെ ഗ്ലാസ്സുകളിലൂടെ നോക്കുമ്പോള്‍ വ്യക്തതയില്‍ വ്യത്യാസം വരുന്നു. അല്ലെങ്കില്‍ കാഴ്ചപ്പാടില്‍ വ്യതിരിക്തത ഉണ്ടാകുന്നു.

ഇന്നെല്ലാവരും നോട്ടം’മാറി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. സാങ്കേതികവിദ്യ ഒന്നിനൊന്ന് മെച്ചപ്പെടുന്നതിനനുസരിച്ച് മനുഷ്യന്റെ ഓട്ടത്തിന്റെ ദൈര്‍ഘ്യവും കൂടുകയാണ്. എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന് ശാസ്ത്രം പറയുമ്പോഴും ഒന്നും കൈപ്പിടിയില്‍ ഒതുങ്ങുന്നില്ലെന്നതാണ് വാസ്തവം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ല. എല്ലാവരും കാഴ്ചയുടെ കാണാമറയത്താകുന്നു. വീടിന്റെ നാല് ചുവരിനുള്ളിലെ സങ്കടങ്ങള്‍ പരസ്പരം കാണുവാനോ, അയല്‍ക്കാര്‍ ആരെന്നുപോലും അറിയുവാനോ കഴിയാത്ത അവസ്ഥ. നെട്ടോട്ടങ്ങളുടെ ഫലമായി ബന്ധങ്ങളുടെ ചരടുകള്‍ അയയുന്നത് അവര്‍ അറിയുന്നില്ല. കാഴ്ചയിലെ ആര്‍ദ്രത മങ്ങുമ്പോള്‍ കാണേണ്ടത് കാണാതെ പോകുന്നു.

ഇന്ന് നോട്ടങ്ങളൊക്കെ ഭാരമായി തുടങ്ങി; ബന്ധങ്ങളൊക്കെ ബന്ധനങ്ങളായി. വെറും വാക്കുകള്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് ഇവയ്ക്ക് ആയുസ്സില്ലാതായി. പെറ്റമ്മയ്ക്ക് തന്റെ മകനെ മറക്കാനാകുമോ എന്ന വചസ്സുകളൊക്കെ ഇന്ന് പൊള്ളയായി. പൊക്കിള്‍ക്കൊടി ബന്ധം തകര്‍ത്ത് മനുഷ്യത്വം മറക്കുന്നു. അങ്കണവാടിയില്‍, അമ്മയുടെ വിരല്‍ത്തുമ്പ് നഷ്ടമായ കുഞ്ഞിന്റെ വാടിയ മുഖമാണ് ഇന്ന് അഗതിമന്ദിരത്തിനു മുമ്പില്‍ വഴിക്കണ്ണുമായി നില്‍ക്കുന്ന, അനാഥരല്ലെങ്കിലും അനാഥത്വം പേറിയ ജന്മങ്ങളുടേത്. മറ്റൊരു കൂട്ടരാകട്ടെ, സ്വന്തമെന്നു കരുതേണ്ട പിഞ്ചുമനസ്സുകളെപ്പോലും തല്ലിക്കെടുത്തുന്നു. അമ്മയെ മാതാവായും, അധ്യാപികയെ ഗുരുവായും, സഹാദരിയെ കൂടപ്പിറപ്പായും കാണാതെ വക്രതയുടെ മിഴിയിലൂടെ കാഴ്ചയെ വികൃതമാക്കുന്ന മറ്റുചിലര്‍. യുദ്ധവും അസമത്വവും അരാജകത്വവും ഒരുവശത്ത് തിമിര്‍ക്കുമ്പോള്‍ മറുവശം അധാര്‍മ്മികതയുടെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തുന്നു.

കാഴ്ചപ്പാടില്‍ വന്ന മാറ്റം സര്‍വ്വസാധാരണമാണ്.

ദൈവത്തോട്:- വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നെങ്കിലും വിശ്വാസം ജീവശ്വാസമാക്കിയവര്‍ കുറയുന്നു. പ്രതികൂലങ്ങളില്‍ ദൈവത്തെ ചേര്‍ത്തുനിര്‍ത്തുമ്പോഴും അനുകൂലങ്ങളില്‍ മാറ്റിനിര്‍ത്തുന്ന വിശ്വാസികളായി ഇന്ന് ബന്ധം മാറുന്നു.

സഹോദരങ്ങളോട്:- ബന്ധങ്ങളുടെ ത്രാസില്‍ സമ്പത്തിന്റെ തൂക്കം കൂടുന്നു. സഹോദരങ്ങളെ മനുഷ്യനായി കരുതാന്‍ പോലും കഴിയാത്തവിധം മനുഷ്യത്വം മരവിക്കുന്നു.

സമൂഹത്തോട്:- സമൂഹം എപ്രകാരമാണെങ്കിലും എന്റെ വീട് മാത്രം നന്നാകണം എന്ന സ്വാര്‍ത്ഥതയുടെ അടിമയാകുന്നു മനുഷ്യന്‍.

പരിസ്ഥിതിയോട്:- ഈശ്വരന്‍ നമുക്കായി നല്‍കിയ ഭൂമിയെ വിമലമാക്കേണ്ടതിനു പകരം മലിനമാക്കുന്നു.

എന്നോടുതന്നെ:- സമൂഹമാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ലൈക്കുകള്‍ക്കായി എന്ത് സാഹസികതയ്ക്കും തയ്യാറാകുന്ന അവസ്ഥയിലേയ്ക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. അണുകുടുംബങ്ങളില്‍ അണുതാല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. ഞാന്‍, എന്റെ വീട്, എന്റെ വാഹനം തുടങ്ങി, എന്റേതിനപ്പുറത്തേയ്ക്ക് ചിന്തയില്ലാതെ ‘എന്റെ’യുടെ’ചട്ടക്കൂടിലൊതുങ്ങി മറ്റെല്ലാറ്റിനെയും മനഃപൂര്‍വ്വം ബഹിഷ്‌കരിക്കുന്നു.

വിശുദ്ധഗ്രന്ഥത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തീര്‍ത്തവര്‍ നിരവധിയാണ്. അതില്‍ നോട്ടത്തിന്റെ അര്‍ത്ഥ തലങ്ങളെ വ്യാപിപ്പിച്ചവന്‍ ഈശോയാണ്. അവന്റെ നോട്ടമൊന്നും വെറുതെ ആയിരുന്നില്ല, അത് അപരനിലേയ്ക്കായിരുന്നു. അതില്‍ സൗഖ്യത്തിന്റെ കനിവുണ്ടായിരുന്നു. ബെത്‌സയ്ദാ കുളക്കരയിലെ തളര്‍വാതരോഗി, അനാശാസ്യതയുടെ ഇരുളില്‍ അഭിരമിച്ച വേശ്യ, അനീതിയുടെ കറപുരണ്ട ചുങ്കക്കാരന്‍, ഒറ്റപ്പെടലിന്റെ നൊമ്പരക്കടലില്‍ പെട്ടുപോയ കുഷ്ഠരോഗി, വെളിച്ചം അന്യമെന്നു കരുതിയ അന്ധന്‍, പൈശാചികബന്ധനങ്ങളുടെ കെണിയിലകപ്പെട്ട പിശാചുബാധിതന്‍… ഇവരെയൊക്കെ ലോകം കണ്ടതുപോലെയല്ല അവന്‍ ദര്‍ശിച്ചത്.

നോട്ടത്തിലേയ്ക്ക് ഒരെത്തിനോട്ടം നമുക്കിന്നാവശ്യമല്ലേ? നമ്മിലുള്ള നന്മയുടെ ലാവണ്യത്തെ കടഞ്ഞെടുക്കുവാന്‍, വേദനിക്കുന്നവന്റെ നൊമ്പരത്തെ തിരിച്ചറിയുവാന്‍, തിരസ്‌കൃതരായവരെ ചേര്‍ത്തു പിടിക്കാന്‍, കണ്ടില്ലെന്നു നടിക്കുന്നവര്‍ക്കിടയില്‍ കാണുന്നവരാകുവാന്‍ കാഴ്ചയുടെ ജാലകം നമുക്ക് തുറക്കാം.

വാല്‍ക്കഷണം:- സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഗാന്ധിജിയോട്, ‘ഈ രാജ്യത്തിന്റെ ധര്‍മ്മം എന്ത്’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു: ‘To wipe out the tears from the Eyes of the Common.’

സി. രമ്യാ മാത്യു SCJG

കടപ്പാട്:- ഫോര്‍ച്യൂണ്‍ വോയ്സ്