അമേരിക്കയിലെ പ്രശസ്ത പ്രോ ലൈഫ് പ്രവർത്തകൻ അന്തരിച്ചു

ഷിക്കാഗോ പ്രോ ലൈഫ് ആക്ഷൻ ലീഗ് സ്ഥാപകൻ ജോസഫ് എം. ഷീൽഡർ അന്തരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സായിരുന്നു. നാഷണൽ ഓർഗനൈസേഷൻ ഫോർ വിമെൻ എന്ന ഫെമിനിസ്റ്റ് സംഘടന യു. എസ്. സുപ്രീം കോടതിയിൽ മൂന്നു തവണ ഫയൽ ചെയ്ത കേസിൽ പ്രൊ ലൈഫിന്റെ പ്രാധാന്യത്തെ എടുത്തുകാണിച്ചു കൊണ്ട് വാദിച്ച അദ്ദേഹം 1980 കളിലാണ് സംഘടന സ്ഥാപിച്ചത്.

1973 – ൽ അമേരിക്കൻ സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ തുടർന്ന് പബ്ലിക് റിലേഷൻസിൽ ജോലിചെയ്തിരുന്ന അദ്ദേഹം തന്റെ കരിയർ ഉപേക്ഷിച്ച് മുഴുവൻ സമയ പ്രോ ലൈഫ് ആക്ടിവിസ്റ്റായി മാറുകയായിരുന്നു. തുടർന്ന് അദ്ദേഹവും ഭാര്യ ആനും ചേർന്നാണ് പ്രോ ലൈഫ് ആക്ഷൻ ലീഗ് സ്ഥാപിക്കുന്നതും രാജ്യത്തും ലോകമെമ്പാടുമുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ ശബ്ദമായി ജീവിക്കുവാൻ ആളുകളെ സജ്ജരാക്കുവാൻ ആരംഭിച്ചതും.

“നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ അനീതിയായ ഗർഭച്ഛിദ്രത്തിനെതിരെ ശബ്‌ദിക്കുവാനായി അനേകരെ പ്രാപ്തരാക്കുവാൻ കഴിഞ്ഞെന്നുള്ളതാണ് എന്റെ പിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.” ലീഗിന്റെ ഇപ്പോളത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഷീൽഡറുടെ മൂത്ത മകൻ എറിക് ഷീൽഡർ പറഞ്ഞു.

1927 സെപ്റ്റംബർ 7 നു ഇൻഡ്യാനയിലെ ഹാർട്ട്ഫോർഡ് സിറ്റിയിൽ കത്തോലിക്ക കുടുംബത്തിൽ ജനിച്ച അദ്ദേഹം അൾത്താര ബാല സംഘത്തിൽ പ്രവർത്തിക്കുകയും വളർന്നപ്പോൾ പുരോഹിതനാകുവാനുള്ള ആഗ്രഹത്തെ തുടർന്ന് ബിരുദാനന്തര ബിരുദ പഠന ശേഷം സെമിനാരിയിൽ ചേരുകയും ചെയ്തു. എട്ടു വർഷത്തോളം ആത്മീയ ജീവിതത്തിൽ മുഴുകിയ അദ്ദേഹം പിന്നീട് തന്റെ വിളിയുടെ ലക്ഷ്യം മറ്റൊന്നാണെന്നു തിരിച്ചറിയുകയും പ്രൊ ലൈഫ് ലീഗിലേക്ക് തിരിയുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ അൻപത് പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങൾക്കിടയിൽ പ്രൊ ലൈഫിനെ അടിസ്ഥാനപ്പെടുത്തി ശ്രദ്ധേയമായ വീഡിയോകളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഗർഭച്ഛിദ്രത്തിന്റെ ധാർമിക തലങ്ങളെക്കുറിച്ചു ആളുകളുടെ ഇടയിലേക്കിറങ്ങിച്ചെന്നു ബോധവൽക്കരണം നടത്തുന്നതിലാണ് ഷീൽഡർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഭാര്യക്കും മകൻ എറിക്കിനും പുറമെ ഷീൽഡറിന് മറ്റ് ആറു മക്കളും 26 കൊച്ചു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.