സൈപ്രസിലേക്കും ഗ്രീസിലേക്കമുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോ

മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള പാപ്പായുടെ മുപ്പത്തിയഞ്ചാം അപ്പസ്തോലിക സന്ദർശനം അഞ്ചു ദിവസം നീളുന്ന ഒരു യാത്രയാണ്. യാത്രയുടെ ലോഗോകളിൽ പ്രതിഫലിപ്പിക്കുന്നതു പോലെ ഫ്രാൻസിസ് പാപ്പാ, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും തുറവിയുടെയും തീർത്ഥയാത്രയായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും സന്ദർശിക്കുന്നത്.

2016 -ൽ ലെസ്ബോസ്, സൈപ്രസ് ദ്വീപുകളിൽ ജീവിക്കുന്ന കുടിയേറ്റക്കാരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി ലോകത്തിലെ പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവരുടെ ആത്മീയനേതാവായ എക്യൂമെനിക്കൽ പാത്രീയാർക്കീസ് ബർത്തലോമിയോ ഒന്നാമനെ കാണാൻ ഒരു ദിവസത്തെ സന്ദർശനം ഫ്രാ൯സിസ് പാപ്പാ നടത്തിയിട്ടുണ്ടായിരുന്നു.

കോവിഡ്- 19 മഹാമാരി ആരംഭിച്ചതിനു ശേഷം പാപ്പാ നടത്തുന്ന മൂന്നാമത്തെ അപ്പസ്തോലിക യാത്രയാണിത്. കഴിഞ്ഞ മാർച്ചിൽ ഇറാഖിലേക്കും സെപ്റ്റംബറിൽ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമായിരുന്നു പാപ്പായുടെ മുൻയാത്രകൾ. 2010 -ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ മെഡിറ്ററേനിയൻ ദ്വീപിലേക്കു നടത്തിയ യാത്രക്കു ശേഷം സൈപ്രസ് സന്ദർശിക്കുന്ന രണ്ടാമത്തെ പാപ്പയാണ് ഫ്രാൻസിസ് പാപ്പാ.

സൈപ്രസിലേക്കുള്ള അപ്പോസ്തോലിക യാത്രയുടെ ലോഗോ

സൈപ്രസ് ദ്വീപിന്റെ മദ്ധ്യസ്ഥനായ വി. ബർണബാസിലേക്കു നോക്കുന്ന ഫ്രാൻസിസ് പാപ്പായാണ് ലോഗോയുടെ ഇടതു വശത്ത്; വലതു വശത്ത് ഗോതമ്പ് കതിരും. അതിൽ കെട്ടിയിരിക്കുന്ന ഒലിവ് ശാഖ സമാധാനത്തിന്റെയും കൂട്ടായ്മയുടെയും അടയാളങ്ങളാണ്. മുകളിലും താഴെയുമായി ഗ്രീക്കിലും ഇംഗ്ലീഷിലും ‘വിശ്വാസത്തിൽ പരസ്പരം ആശ്വസിപ്പിക്കുക’ എന്ന വാക്യം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു താഴെയായി പരിശുദ്ധ പിതാവിന്റെ സൈപ്രസ് സന്ദർശനവും യാത്രയുടെ തീയതിയും കാണാം. വത്തിക്കാൻ രാജ്യത്തിന്റെ പതാകയുടെ വെള്ളയും മഞ്ഞയും നിറങ്ങൾക്കൊപ്പം സൈപ്രസ് രാജ്യത്തിന്റെ പതാകയുടെ ഓറഞ്ച്, പച്ച എന്നീ നിറങ്ങളും ലോഗോയിൽ വേറിട്ടു നിൽക്കുന്നു. ബർണബാസ് എന്നാൽ ‘പ്രബോധനത്തിന്റെയും സാന്ത്വനത്തിന്റെയും പുത്രൻ’ എന്നാണ് അർത്ഥം.

ഗ്രീസിലേക്കുള്ള അപ്പോസ്തോലിക യാത്രയുടെ ലോഗോ

ലോകത്തിന്റെ പ്രക്ഷുബ്ധസാഗരത്തിലൂടെ കടന്നുപോകുന്ന ഒരു കപ്പലായി സഭയെ പ്രതിനിധീകരിക്കുന്ന ലോഗോയാണ് ഗ്രീസ് സന്ദർശനത്തിന്റേത്. ക്രിസ്തുവിന്റെ കുരിശ് പായ്മരമായും പരിശുദ്ധാത്മാവിന്റെ കാറ്റിനാൽ അതിന്റെ പായ്കളെ വിടർത്തുന്നതായുമാണ് ലോഗോയുടെ ചിത്രീകരണം. ഗ്രീസിന്റെ സുഹൃത്തായി വരുന്ന പാപ്പായുടെ രൂപത്തെ വെളിപ്പെടുത്തുന്ന ആകൃതിയും കാണാം. ലോഗോയിൽ കാണുന്ന മഞ്ഞയും നീലയും നിറങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെയും ഗ്രീക്ക് റിപ്പബ്ലിക്കിന്റയും പതാകകളെ പ്രതിനിധീകരിക്കുന്നു.

36-മത് ലോക യുവജന ദിനത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് നൽകിയ സന്ദേശത്തിൽ നിന്നാണ് ‘ദൈവത്തിന്റെ വിസ്മയങ്ങൾക്കായി നമുക്ക് കൂടുതൽ തുറവുള്ളവരാകാം’ എന്ന ലോഗോയുടെ മുദ്രാവാക്യം എടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.