മദ്യവും ലോക്ക് ഡൗണും പിന്നെ ഞാനും

ആസക്തിരോഗങ്ങളും അവയുടെ അസ്വസ്ഥതകളും കൂടിവരുന്ന ഈ കാലത്ത് മദ്യവും അതിന്റെ ആസക്തികളും പഠനവിഷയമാക്കേണ്ടിരിക്കുന്നു. കോവിഡ്‌-19 എന്ന രോഗത്തിന്റെ ചലനങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ക്വാറന്റീൻ കാലഘട്ടത്തിൽ, അതിർത്തികളിലും അടുത്തുള്ളവരിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുവാൻ നാം നിർബന്ധിതരാകുമ്പോൾ, മദ്യത്തിന്റെ വിതരണങ്ങളിൽ നിയന്ത്രണങ്ങളും മറ്റും വന്നപ്പോൾ, ചില അശാസ്ത്രീയമായ ആശയങ്ങൾ മദ്യവിതരണത്തിൽ മുമ്പോട്ടുവന്നു. എന്തുകൊണ്ട് ആ ആശയങ്ങൾ അശാസ്ത്രീയവും ശാശ്വതവുമല്ല എന്ന് പറയുന്നതിന് ഒരു ഉത്തരം തേടുകയാണ് ഇവിടെ.

മലയാളിയുടെ മാനസികതാളങ്ങളെ അവതാളമാകുന്ന മദ്യാസക്തിയെക്കുറിച്ച് ബോധപൂർവ്വമുള്ള ഒരു മനസ്സിലാക്കൽ ആവശ്യമാണ്. മദ്യാസക്തി ഒരു രോഗമാണ്. മദ്യം കഴിക്കുന്ന ഓരോരുത്തർക്കും മറ്റു രോഗങ്ങളെപ്പോലെ പൊതുവായതും വ്യത്യസ്തകൾ നിറഞ്ഞതുമായ ലക്ഷണങ്ങൾ കാണപ്പെടാം. ലോകാരോഗ്യ സംഘടന മദ്യപാനത്തെ, വിട്ടുമാറാനാവാത്ത അസുഖം അഥവാ ക്രോണിക് ഡിസീസ് എന്നാണ് നിർവ്വചിക്കുന്നത്.‌ ലോകാരോഗ്യ സംഘടനയുടെ പഠനപശ്ചാത്തലത്തിൽ ലോകത്താകമാനം മൂന്ന് മില്യൺ ആളുകൾ മദ്യത്തിൻ്റെ അമിതോപയോഗം മൂലം പ്രതിവർഷം മരണമടയുന്നു. മദ്യത്തിന്റെ അമിതോപയോഗം മൂലം ഇരുനൂറോളം വ്യത്യസ്തമായ രോഗങ്ങൾക്ക് വ്യക്തികൾ അടിമപ്പെട്ടിരിക്കുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം 20-39-നുമിടയിൽ വയസ്സുള്ള 13.65 % മരണങ്ങളും മദ്യത്തിന്റെ അമിതോപയോഗം മൂലമുണ്ടായ പരിണിതഫലങ്ങളാണ്. ശാരീരിക അസുഖങ്ങളോടൊപ്പം സാമൂഹിക-സാമ്പത്തികനഷ്ടങ്ങളും സമൂഹത്തിനും വ്യക്തികൾക്കും മദ്യത്തിന്റെ നീരൊഴുക്ക് സമ്മാനിക്കുമെന്ന് സംഘടന വ്യക്തമാകുന്നു. മദ്യപാനത്തിന്റെ പരിണിതഫലമായി ഏകദേശം ഇരുനൂറോളം അസുഖങ്ങളുടെ ലക്ഷണങ്ങൾ വ്യക്തികളിൽ കണ്ടുവരുന്നു. കുടുംബം, സൗഹൃദം, ജോലിസ്ഥലങ്ങൾ ഇതെല്ലാം അപരിചിതവും അപകടസാഹചര്യങ്ങളുമായി മാറുന്നതിനു പിന്നിലെ വില്ലൻ മദ്യം തന്നെയാണെന്നുള്ള പഠനങ്ങളും ഇന്ന് നിലനിൽക്കുന്നു. ശാരീരികരോഗം മാത്രമല്ല, സ്വഭാവവൈകല്യങ്ങളും സൃഷ്ടിക്കുന്നതിനു പിന്നിൽ അനിയന്ത്രിതമായ മദ്യാസക്തി തന്നെയാണെന്ന് പഠനങ്ങൾ പങ്കുവയ്ക്കുന്നു.

ലോകത്തിൽ പുരുഷന്മാരിൽ മദ്യാസക്തി ഉണ്ടാക്കുന്ന മരണനിരക്ക് 7.7 % ആണെങ്കിൽ സ്ത്രീകളിലത് 2.6 % ആണ്. മദ്യം കഴിക്കുന്നതുമൂലം മനുഷ്യന്റെ ശാരീരിക – മാനസികനിലകൾ സമ്മർദ്ദത്തിലാകും. പ്രാധാനമായും മനുഷ്യന്റെ മസ്തിഷ്കത്തിൽ അഥവാ തലച്ചോറിലാണ് മദ്യാസക്തിയുടെ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അത് ശരീരത്തിലും മനസ്സിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഇവ പലരീതിയിൽ പ്രകടമാകുന്നു.

സ്ഥിരമായി മദ്യം കഴിക്കുന്നവർക്ക് പ്രകടമായ മാറ്റങ്ങൾ ഉടനെ തന്നെ തലച്ചോറിലോ ശരീരഭാഗങ്ങളിലോ സ്വഭാവത്തിലോ ഉണ്ടാകണമെന്നില്ല. പെട്ടെന്ന് മദ്യം നിർത്തേണ്ടി വരുമ്പോഴോ, ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവിൽ കുറവു സംഭവിക്കുമ്പോഴോ ഒക്കെ അത് ഉപയോഗിക്കുന്നവരിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച്, കൊറോണാ വൈറസിന്റെ അതിപ്രസരത്തിൽ ലോക്ക് ഡൗൺ സമയത്ത് മദ്യം വിൽക്കുന്ന ഇടങ്ങളിൽ നിന്ന് അതിന്റെ ലഭ്യത ഇല്ലാതാക്കുമ്പോൾ സ്വാഭാവികമായിട്ടും മദ്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളുകളിൽ പ്രകടമായ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതകളേറെയാണ്.

മദ്യത്തിന് അടിമപ്പെട്ടവർക്ക്, അവർ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവിലോ അല്ലെങ്കിൽ അതിന്റെ ലഭ്യതയിലോ കുറവ് സംഭവിക്കുമ്പോൾ അവരുടെ ശാരീരിക-മാനസിക സ്വഭാവസവിശേഷതകളിൽ പ്രകടമായതും അല്ലാത്തതുമായ ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അത് അവരിൽ പരിഭ്രാന്തിയുണ്ടാക്കും. മനുഷ്യശരീരത്തിൽ തലച്ചോറിന്റെ പ്രാധാന്യം വളരെ ഗൗരവമുള്ളതാണ്.

ശരീരം ഒരുപാട് ഹോർമോണുകളാൽ സമ്പുഷ്ടമാണ്. ഒരുപാട് രാസപദാർത്ഥങ്ങള്‍ ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ശരീരത്തില്‍ അതിന്റേതായിട്ടുള്ള പ്രവർത്തനങ്ങൾ സുഗമമായിട്ട് നടക്കുന്നത്. നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങൾ ഉല്‍പാദിപ്പിക്കുന്ന ഹോർമോണുകൾ ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതമായ പരിപാലനത്തിന് മുഖ്യപങ്കു വഹിക്കുന്നുണ്ട്.

മനുഷ്യശരീരത്തിൽ ഡോപമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന കോശങ്ങളുണ്ട്. തലച്ചോറിലെ ചില കോശങ്ങളാണ് ഡോപമിൻ എന്നുപറയുന്ന രാസവസ്തു ഉൽപാദിപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നത്. ഈ ഡോപമിനാണ് നമ്മുടെ ആഹ്ളാദാനുഭൂതികൾക്കു പിന്നാമ്പുറങ്ങളിൽ നിൽക്കുന്ന ഹോർമോണുകൾ. ഈ ഡോപമിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടുമ്പോൾ കൂടുതൽ സന്തോഷവും ആഹ്ളാദവും ഒരു വ്യക്തിക്ക് ആസ്വദിക്കാൻ സാധിക്കുന്നു.

മദ്യം അനിയന്ത്രിതമായി ഉപയോഗിക്കുന്ന വ്യക്തികളിൽ ഡോപമിന്റെ അളവുകൾ തികച്ചും വ്യത്യാസമാണ്. ഒരു സാധാരണ മനുഷ്യൻ അനുഭവിക്കുന്ന സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും തലത്തിലേയ്ക്ക്‌ എത്തിച്ചേരണമെങ്കിൽ ഇവർക്ക് കൂടുതൽ മദ്യം ഉപയോഗിക്കേണ്ടതായി വരുന്നു. കാരണം, സ്വാഭാവികമായ ആഹ്ളാദാനുഭൂതി ലഭിക്കുന്നതിനുള്ള കഴിവ് ഇവർക്ക് ലഹരിയുടെ ഉപയോഗം മൂലം നഷ്ടമാകുന്നു. തന്മൂലം ആദ്യം ഉപയോഗിച്ചിരുന്ന മദ്യത്തിന്റെ അളവിന്റെ ഇരട്ടി ഉപയോഗിക്കാൻ ഇവര്‍ നിർബന്ധിതരാവുന്നു. മദ്യം പെട്ടെന്നു നിർത്തുകയോ, ഉപയോഗിക്കാതിരിക്കുന്ന സാഹചര്യങ്ങൾ വരുകയോ ചെയ്യുമ്പോൾ ഡോപമിന്റെ അളവ് ഇവരില്‍ കുറയുകയും തന്മൂലം അത് കഠിനമായ നിരാശയിലേയ്ക്കും ഉത്കണ്ഠയിലേയ്ക്കും വിഷാദരോഗ ലക്ഷണങ്ങളിലേയ്ക്കും‌ ആ വ്യക്തിയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, സ്വാഭാവികമായ ആഹ്ളാദം ലഭിക്കുവാനും അതു നിലനിർത്തുവാനുമായി വ്യക്തികൾ മദ്യത്തിന്റെ അളവ് കൂട്ടുകയും അത് അനിയന്ത്രിതമായ രീതിയിലേയ്ക്കു പോയി അതിന് അവരെ അടിമകളാക്കുകയും ചെയ്യുന്നു.

മദ്യവും മാനസികരോഗങ്ങളും അനിയന്ത്രിതമായ മദ്യാസക്തിയും ഒരു വ്യക്തിയുടെ ഭൗതികതലത്തെയും സ്വഭാവത്തെയും സാമൂഹികതലത്തെയും ജനിതകഘടനയെയും ബാധിക്കുന്നുണ്ട്. താഴെപ്പറയുന്നവയെല്ലാം മദ്യത്തിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന മാനസികരോഗങ്ങളും ലക്ഷണങ്ങളുമാണ്.

1. മിഥ്യബോധം (delusion)

ഇല്ലാത്തതും യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങൾ ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുക, മിഥ്യാഭ്രമം, വ്യാമോഹം, മതിഭ്രമം,അബദ്ധവിശ്വാസം, ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന് വിശ്വസിക്കുന്നു, ആരൊക്കെയോ തന്നെ നിയന്ത്രിക്കുന്നു, താൻ സമൂഹത്തിൽ വലിയ ആളുകളുമായി സൗഹൃദത്തിലും സ്നേഹത്തിലുമാണെന്ന വിശ്വാസം, താൻ തന്നെ വലിയ ആളാണെന്നും ഇല്ലാത്ത പ്രശസ്തിയും സമ്പത്തും ഉണ്ടെന്നുമുള്ള വിശ്വാസം (Grandiose), ജീവിതപങ്കാളിയിൽ സംശയം മുതലയായവ ഈ അവസ്ഥയുടെ ഭാഗമാണ്.

2. വ്യാമോഹം (hallucination)

മതിഭ്രമം, വിഭ്രാന്തി, മായാദൃശ്യം, ഇല്ലാത്ത അനുഭവം ഉള്ളതായ തോന്നൽ എന്നീ  മാനസികരോഗ ലക്ഷണങ്ങൾ ഇത്തരം വ്യക്തികളിൽ പ്രകടമായി കാണാൻ കഴിയും. കൂടാതെ, മറ്റു ചില ലക്ഷണങ്ങളും മദ്യം ഉപയോഗിക്കുന്നവരിൽ കാണാം. എകാഗ്രതക്കുറവ്, അലസത ,കുറ്റബോധം, വിഷാദം, ഉറക്കക്കുറവ്, ഉറക്കയില്ലായ്മ, സംശയം, അമിത ആകുലത, വികലമായ സംസാരം, ആത്മഹത്യാ പ്രവണത എന്നിവയാണവ.

മദ്യസക്തിയുടെ ലക്ഷണങ്ങൾ( ICD-10-CM) (International Classification of Diseases) ലോകാരോഗ്യ സംഘടനയുടെ രോഗനിര്‍ണ്ണയ നിർദ്ദേശങ്ങളനുസരിച്ച് ഏതു രോഗവും നിര്‍ണ്ണയിക്കുന്നതിന് ആരോഗ്യശാസ്ത്രം നൽകുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഒരു വ്യക്തി മദ്യാസക്തി എന്ന രോഗത്തിന് അടിമയാണെന്ന് അല്ലെങ്കിൽ വിധേയനാണെന്നു പറയുമ്പോൾ ലോകാരോഗ്യ സംഘടന, അതിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുവാനുതകുന്ന ആറു കാര്യങ്ങൾ മുമ്പോട്ടുവയ്ക്കുന്നുണ്ട്. പ്രധാനമായും ഈ ആറ് കാര്യങ്ങളിൽ മൂന്നു കാര്യങ്ങൾ ഒരു വ്യക്തിയിൽ വ്യക്തമായി പ്രകടമാകുന്നുണ്ടെങ്കിൽ, ആ വ്യക്തി മദ്യാസക്തിക്ക് അടിമയാണെന്നു പറയുവാൻ സാധിക്കും.

എല്ലാ ദിവസവും മദ്യം എന്ന ലഹരി രുചിക്കണം എന്ന ചിന്തയോടുകൂടി എഴുന്നേൽക്കുകയും എവിടെപ്പോയാലും എങ്ങനെ മദ്യം സംഘടിപ്പിക്കാം എന്ന് ചിന്തിച്ചുകൊണ്ടു നിൽക്കുന്ന മനോഭാവം, സദാസമയവും മദ്യവും അതുമായി ബന്ധപ്പെട്ട ചിന്തകളും മനസ്സിൽ വച്ചുപുലർത്തുന്നവ രീതികളുള്ളവർ,
നിയന്ത്രിച്ചു കഴിക്കാമെന്ന ചിന്തയിൽ തുടങ്ങുകയും എന്നാൽ ഒഴിക്കുന്ന മദ്യത്തിന്റെ അളവ് മനസ്സിലാക്കാനാവാതെ അത് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതിയിലേയ്ക്കു വരികയും ചെയ്യുന്ന അവസ്ഥ, ഒപ്പം ചെറിയ അളവിൽ തുടങ്ങി അവസാനം സുബോധം നഷ്ടമാകുന്ന അവസ്ഥ വരെ കുടിക്കുന്നു സ്ഥിതി, ഓരോ പ്രാവശ്യം കുടിക്കുമ്പോഴും അവസാനിപ്പിച്ചേക്കാം എന്നു കരുതി മണിക്കൂറോളം തുടരുന്ന മനോഭാവം ഇങ്ങനെയുള്ളവർ ഈ ആസക്തിയിലേയ്ക്ക്‌ അടിമപ്പെട്ടു എന്നു പറയാം.

മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ക്രമേണ അവരുപയോഗിക്കുന്ന മദ്യത്തിന് അളവ് കൂട്ടിക്കൊണ്ടു വരും. ആദ്യം ഉപയോഗിച്ച മദ്യത്തിന്റെ അളവ് തരുന്ന ലഹരിയിലേയ്ക്ക് പിന്നീട് എത്തിച്ചേരണമെങ്കിൽ ആദ്യം ഉപയോഗിച്ച മദ്യത്തിന്റെ ഇരട്ടി ഉപയോഗിക്കേണ്ട സാഹചര്യത്തിലേയ്ക്ക് ആ വ്യക്തി അടിമപ്പെടുന്ന അവസ്ഥ. ഇന്ന് ഒരു ഗ്ലാസ് തരുന്ന ലഹരി അടുത്ത ദിവസം കിട്ടണമെങ്കിൽ രണ്ട് ഗ്ലാസ് ഉപയോഗിക്കണം.

പെട്ടെന്ന് മദ്യം നിർത്തുമ്പോഴും അല്ലെങ്കിൽ മദ്യത്തിന്റെ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതും അയാള്‍ക്ക്‌ മദ്യസക്തിക്ക് സാധ്യതയുണ്ടെന്നാണ്. ഇവിടെ വ്യക്തിയുടെ ശരീരവും ശരീരത്തിലുള്ള രാസപ്രവർത്തനങ്ങളും മദ്യലഹരിയുമായിട്ട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഈ ഒരു പൊരുത്തപ്പെടൽ തുടർന്നുകൊണ്ടു പോകണമെങ്കിൽ മദ്യത്തിന്റെ ഉപയോഗം സ്ഥിരമായി ഈ വ്യക്തിക്ക് ഉണ്ടായിരിക്കണം. എന്നാൽ, പെട്ടെന്ന് മദ്യത്തിൽ നിന്ന് പിൻവാങ്ങിയാൽ, പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. കഠിനമായ തലവേദന, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശരീരഭാഗങ്ങൾ കോടിപ്പോകുന്ന അവസ്ഥ, കൈകൾക്കും കാലുകൾക്കും ശരീരഭാഗങ്ങൾക്കുമൊക്കെ വിറയൽ അനുഭവപ്പെടുന്ന രീതി ഇതൊക്കെ കാണിക്കുന്നത് ആ വ്യക്തിയിൽ പിൻവാങ്ങൽ ലക്ഷങ്ങൾ ഉണ്ടെന്നുള്ളതാണ്. പ്രധാനമായി അപസ്മാര ലക്ഷണങ്ങൾ അപകടകരമായ സാഹചര്യങ്ങളിലൂടെ വ്യക്തിയെ കടത്തിക്കൊണ്ടു പോകും. അപസ്മാര ലക്ഷണങ്ങൾ പിൻവാങ്ങലിന്റെ ലക്ഷണങ്ങളായിട്ട് ഈ സമയം ആ വ്യക്തിയിൽ പ്രകടമാകും. ആയിരിക്കുന്ന സ്ഥലത്തെക്കുറിച്ചോ അടുത്തിരിക്കുന്ന വ്യക്തികളെക്കുറിച്ചോ ഉള്ള ബോധമില്ലായ്മ ഇവരിലുണ്ടാകും.

ഒരു വ്യക്തി, തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം മദ്യപാനം മാത്രമാണ് എന്നു ചിന്തിക്കുന്ന അവസ്ഥ. എവിടെ ചെന്നാലും ചിന്തയിലും പ്രവർത്തിയിലും മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം തേടുന്നു രീതി. ജീവിതത്തിലെ സന്തോഷം നിറഞ്ഞ അവസ്ഥയിലും സംഘട്ടന അവസ്ഥയിലും മദ്യത്തെ ആശ്രയിക്കുന്ന സമീപനം. വിവാഹമായിക്കൊള്ളട്ടെ, വിജമായിയിക്കൊള്ളട്ടെ, മരണാനന്തര ചടങ്ങുകളായിക്കൊള്ളട്ടെ, സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ സാഹചര്യങ്ങളായിക്കൊള്ളട്ടെ എവിടെയും മദ്യവും മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒഴിച്ചുകൂടാനാവാത്ത വിധത്തിൽ ചേർത്തുപിടിക്കുന്ന സ്വഭാവം.

അപകടം അറിഞ്ഞതിനുശേഷം നിയന്ത്രിക്കാൻ പറ്റും എന്ന അമിതവിശ്വാസത്തോടെ മദ്യം ഉപയോഗിക്കുകയും താൻ മദ്യത്തിന് അടിമയല്ല എന്ന അപക്വമായ ചിന്തയോടുകൂടി അനിയന്ത്രിതമായി മദ്യം കൈകാര്യം ചെയ്യുകയും ഉപയോഗിക്കുന്ന മദ്യത്തിന്റെ എല്ലാ വിധത്തിലുള്ള ദൂഷ്യഫലങ്ങൾ അറിഞ്ഞുകൊണ്ട് സ്വയം അതിലേയ്ക്കു‌ നിയന്ത്രണമില്ലാതെ തന്നെ വിട്ടുകൊടുക്കുന്ന അവസ്ഥ.

മേൽപ്പറഞ്ഞ ആറ് കാര്യങ്ങളിൽ മൂന്നു കാര്യങ്ങൾ ഒരു വർഷം ഒരു വ്യക്തിയിൽ നീണ്ടുനിൽക്കുകയാണെങ്കിൽ ആ വ്യക്തി മദ്യാസക്തിക്ക് അടിമയാണെന്ന് ലോകാരോഗ്യസംഘടന ICD 10 മെഡിക്കൽ കോഡിങിലൂടെ വ്യക്തമാക്കുന്നു.

ലോക്ക് ഡൗണും മദ്യവും, കൊറോണ എന്നുപറയുന്ന മഹാമാരി ലോകത്തെ വിഴുങ്ങുമ്പോൾ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാരും നീതിപീഠവുമൊക്കെ പറയുന്ന ഒരു കാലഘട്ടത്തിൽ, പല കാര്യങ്ങളിൽ നിന്നും സാമൂഹികസമ്പർക്കങ്ങളിൽ നിന്നുമൊക്കെ അകലം പാലിക്കണം, അതു മാത്രമാണ് ഒരു പരിധിവരെ ഈ രോഗത്തെ തടയാനുള്ള ഏക മാര്‍ഗ്ഗമെന്ന് ശാസ്ത്രീയമായി പറയുന്ന ഈ സമയത്ത് അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു മദ്യ വിതരണശാലയിൽ താൽക്കാലികമായ ഒരു നിയന്ത്രണം ഏർപ്പെടുത്തുക എന്നുള്ളത്. ഈ നിയന്ത്രണം ഒരുതലത്തിൽ ഒരുപാട് നന്മകൾ പ്രദാനം ചെയ്യുമ്പോൾ മറുവശത്ത് പ്രത്യേകിച്ച്, സ്ഥിരമായി മദ്യം കഴിക്കുന്നവരുടെയിടയിൽ ഒരു അപകടകാരണമായി. തന്മൂലം സർക്കാർ തങ്ങളുടെ തീരുമാനങ്ങളെ വീണ്ടും പുനഃപരിശോധിക്കേണ്ടി വരികയുണ്ടായി. അതിന്റെ ഭാഗമായി ഡോക്ടർമാരുടെ കുറിപ്പടിയോടുകൂടി മദ്യം ആവശ്യമുള്ളവർക്ക് നൽകാം എന്നുള്ള അനുമാനത്തിൽ എത്തുകയും ചെയ്തു.

എന്നാൽ, ഇത് തീർത്തും അശാസ്ത്രീയവും വികലവുമാണെന്ന് ശാസ്ത്രവും കോടതിയും പറയുകയുണ്ടായി. എന്തുകൊണ്ട് അവർ അത് പറഞ്ഞു. അതിനുള്ള ഉത്തരമാണ് ലോകാരോഗ്യ സംഘടനയുടെ പഠനചിന്തകളെ അടിസ്ഥാനമാക്കി മേൽപ്പറഞ്ഞത്. മദ്യം പെട്ടെന്ന് നിർത്തുമ്പോളുണ്ടാകുന്ന അസ്വസ്ഥതകൾ/  പിൻവാങ്ങൽ ലക്ഷണങ്ങൾ വളരെ ഗൗരവമായി തന്നെ എടുക്കേണ്ടതാണ്. ഇങ്ങനെ ലക്ഷണങ്ങൾ ഉള്ളവർക്ക് മദ്യം വിതരണം ചെയ്യുക എന്നതിനെക്കാൾ നല്ലത് അവർക്ക് വ്യക്തമായ ചികിത്സാരീതികൾ പ്രദാനം ചെയ്യുക എന്നതാണ്. മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന ഈ പിൻവാങ്ങൽ ലക്ഷണങ്ങൾ ശാസ്ത്രീയമായ രീതിയിൽ മാത്രമേ പരിഹരിക്കാനാവുകയുള്ളൂ.

മദ്യത്തിന് മറുമരുന്നായി മദ്യം കുറിച്ചുകൊടുക്കുന്ന രീതി തികച്ചും വിചിത്രവും അപലപനീയവുമാണ്. മാത്രമല്ല, ഇത് യുക്തിക്കു നിരക്കാത്തതും ശാശ്വതമായ ഒരു പരിഹരവുമല്ല. മദ്യം നിയന്ത്രിച്ച് ഉപയോഗിക്കാനുള്ള കഴിവ് ഇവർക്ക് നഷ്ടപ്പെട്ടുപോയി. തന്മൂലം, അനിയന്ത്രിമായി കിട്ടുന്ന മദ്യം ഇവർ ഉപയോഗിക്കുകയും ഒരു നിശ്ചിത അളവില്‍ എത്തുമ്പോള്‍ മാത്രമേ അവർ സംതൃപ്തരാവുകയും ചെയ്യുന്നുള്ളൂ. മാത്രവുമല്ല, പിന്നീട് ആ അളവില്‍ മദ്യം കിട്ടാതെവരുമ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങൾ പതിന്മടങ്ങ് വർദ്ധിക്കുന്നു. അതുകൊണ്ടാണ് വൈദ്യശാസ്ത്ര മേഖലയിൽ നിന്നും കോടതിയിൽ നിന്നും ഈ ഒരു തീരുമാനത്തെ എതിർത്തു സംസാരിക്കുവാനുള്ള സാഹചര്യമുണ്ടായത്.

മദ്യം നൽകി മദ്യാസക്തി ഉള്ളവരെ ചികിത്സിക്കുക എന്നത് ഒരിക്കലും വൈദ്യശാസ്ത്രത്തിന് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല. ”മദ്യത്തിന് മറുമരുന്നായി മദ്യം നൽകുമ്പോൾ മദ്യത്തോടുള്ള ആസക്തി അവരിൽ കൂടുകയാണ്, മാത്രവുമല്ല, കൂടുതൽ കുടിക്കുവാനും ഉപയോഗിക്കാനുമൊക്കെയുള്ള ഒരു ത്വര അവരിൽ വീണ്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്. മദ്യം കിട്ടാതെ വരുന്ന ഇവർക്ക് ആത്മഹത്യാപ്രവണതകൾ അല്ലെങ്കിൽ മറ്റ് പിൻവാങ്ങൽ ലക്ഷണങ്ങൾ ഒക്കെ ഉണ്ടാവാൻ സാധ്യത ഏറെയാണെന്ന് സാമൂഹ്യമാധ്യമങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ അവർക്ക് ശാസ്ത്രീയമായ ചികിത്സാരീതികൾ വഴി ബോധപൂർവ്വം ഇതിനോടുള്ള ഒരു വിരക്തി ഇവരില്‍ രൂപപ്പെടുത്തുകയാണു വേണ്ടത്.

മദ്യത്തിൽ നിന്ന് മോചനം ലഭിക്കുന്ന രീതിയിലുള്ള ചികിത്സാരീതികൾ നിലനിൽക്കുന്ന കേരളത്തിലെ വിവിധ ആശുപത്രികളില്‍ ഇവർക്കു വേണ്ട സംവിധാനങ്ങളുണ്ട്‌. അതിനെ മനസ്സിലാക്കി വേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ് എന്നുള്ളതാണ് ഈയൊരു സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്. ബീവറേജ്…ബീ അവേർ… ജാഗ്രതയാണ് ജീവൻ നിലനിർത്തുന്നത്.

ഫാ. സോജി ചക്കാലയ്ക്കൽ MCBS
ക്ലിനിക്കല്‍ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം