മരിച്ചാലും ജീവിക്കുന്ന വിശ്വാസം

ബോബിന കുര്യന്‍

ഈശോയിൽ പ്രിയ സഹോദരങ്ങളെ,

ഈ കഴിഞ്ഞ ഈസ്റ്റർദിനത്തിൽ നാം വലിയ ഒരു വാർത്ത കേട്ട് നടുങ്ങിയത് ഓർമ്മ കാണുമല്ലോ !ശ്രീലങ്കയില്‍ ക്രിസ്ത്യൻ പള്ളിയിൽ വെച്ചുണ്ടായ ബോംബ് സ്ഫോടനം. നാനൂറോളം വിശ്വാസികളാണ് അതിൽ മരണമടഞ്ഞത്. മതപീഡനമല്ലേ സഹോദരങ്ങളെ ഈ നടന്നത്…

ആദിമസഭ മുതൽ ഇന്നോളം മതപീഡനത്തെ അതിജീവിച്ചാണ് സഭ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. പീഡനം നടത്തിയവർക്ക് പറയാൻ വ്യത്യസ്ത കാരണങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അവർക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണ്  ഉണ്ടായിരുന്നത് – ക്രൈസ്തവ വിശ്വാസം നശിപ്പിക്കുക. ഇതിൽ ഏറെക്കുറെ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് അവർ പ്രതീക്ഷിക്കുന്നതിലുമപ്പുറം മറ്റൊരു കാര്യം സംഭവിച്ചിട്ടുണ്ട്. അത് സഭയുടെ വിശ്വാസവളർച്ചയാണ്. ക്രിസ്തുവിലുള്ള വിശ്വാസം നശിപ്പിക്കാൻ നോക്കിയ അവർക്ക് സഭയിൽ കാണാൻ സാധിച്ചത് ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറായ ചിലരെയാണ്.

വി. ഗ്രന്ഥത്തിൽ, നടപടി പുസ്തകത്തിൽ ചില പീഡനസംഭവങ്ങൾ നാം കാണുന്നുണ്ട്. യഹൂദമത വിശ്വാസികൾ ക്രിസ്തുമതവിശ്വാസം സ്വീകരിച്ചപ്പോൾ യഹൂദമതത്തിൽ നിന്നും മതപീഡനങ്ങൾ ഉണ്ടായതായി നാം വായിക്കുന്നു. പിന്നീടും ഇത് തുടർന്നതായി ബൈബിളിൽ പറയുന്നുണ്ട്. ലോകമെങ്ങും ഇപ്പോഴും ഇത് തുടരുന്നു എന്നതിന്റെ സൂചനയാണ് ലോകരക്ഷകന്റെ ഉയിർപ്പുദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണം. ഈ മതപീഡനത്തിന് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. ക്രിസ്തുവിൽ നിന്ന് ക്രിസ്ത്യാനികളെ അടർത്തി മാറ്റുക. അതു വഴി സഭയെ നശിപ്പിക്കുക.

ക്രിസ്തു ആണ് ഏകദൈവം എന്ന് മതപീഡകർക്ക് നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാണ് ക്രിസ്തുവിന്റെ അനുയായികളെ ശത്രുക്കളായി ഇക്കൂട്ടർ കാണുന്നത്. ശ്രീലങ്കയിൽ ദുരന്തം സംഭവിച്ച അതേ ദിവസം തന്നെ യുഎസ്-ല്‍ 37,000 പേരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് എന്ന് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. തകർക്കാൻ നോക്കുന്തോറും വളരുകയാണ് നമ്മുടെ വിശ്വാസം എന്നല്ലേ ഇതിൽ  നിന്നും നാം മനസിലാക്കേണ്ടത് സഹോദരങ്ങളെ…

പണ്ട് ആദിമസഭയിൽ നടന്ന മതപീഡനത്തിന്റെ തുടർച്ചയാണ് ഇന്ന് പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്ന ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ. രണ്ടുവർഷം മുൻപ് നാം പത്രങ്ങളിൽ വായിച്ചിരുന്നു, യെമനിൽ കുറച്ച് തീവ്രവാദികൾ ചേർന്ന് ഫാ. ടോം ഉഴുന്നാലിൽ എന്ന വൈദീകനെ തട്ടികൊണ്ടു പോവുകയും മാസങ്ങളോളം അദ്ദേഹത്തെ തടവറയിൽ എന്നപോലെ പാർപ്പിക്കുകയും ഭക്ഷണം പോലും സമയത്ത് കൊടുക്കാതെ ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന സംഭവം. കൂടാതെ, ഒരുപാട് വിശ്വാസികളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ക്രൂരതകളൊക്കെ തീവ്രവാദികൾ നടത്തിയിട്ടും ആരുംതന്നെ ഭയപ്പെട്ട് തന്റെ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ നമുക്ക് ഓർക്കാം…

എന്തിനേറെ പറയുന്നു. ഈശോ ഭൂമിയിലേക്ക് വന്നപ്പോൾ രണ്ടും അതിൽ താഴെയും പ്രായമുള്ള ആൺകുട്ടികളെയെല്ലാം വധിക്കാൻ ഉത്തരവിട്ട വ്യക്തിയാണ് ഹേറോദോസ് രാജാവ്. ആ ആൺകുട്ടികളുടെ കൂട്ടത്തിൽ ഈശോയും കാണുമെന്ന് ഹേറോദോസ് കരുതി. ദൈവപുത്രൻ ആയിരുന്നിട്ടുപോലും ഈശോയ്ക്കു നേരെ വരെ ആക്രമണം ഉണ്ടായി. യഹൂദരും റോമൻ ചക്രവർത്തിമാരുമാണ് അന്ന് മതപീഡനത്തിനു പിന്നിൽ പ്രവർത്തിച്ചതെങ്കിൽ ഇന്ന് മറ്റ് മതങ്ങളിൽ നിന്നാണ് ആക്രമണങ്ങളുണ്ടാകുന്നത്. ഇതിന്റെ പിന്നിൽ സാത്താന്റെ കുടിലബുദ്ധിയാണ്. ഈ കാലഘട്ടത്തിൽ നമ്മൾ വിശ്വാസികളുടെ, വിശ്വാസത്തിന് കോട്ടം തട്ടുന്ന പല വഴികൾ ആണ് സാത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ നാം വളരെ ജാഗരൂകതയോടെ പ്രവർത്തിച്ചാൽ മാത്രമേ സാത്താന്റെ ഈ കുതന്ത്രങ്ങളെ നേരിടാൻ പറ്റുകയുള്ളു.

പ്രിയപ്പെട്ടവരെ, ഇന്ന് ഈ ലോകത്തിലും നമ്മുടെ സഭയിലും നടക്കാൻ പാടില്ലാത്ത ചില സംഭവ വികാസങ്ങൾ ഉണ്ടായപ്പോൾ അവ എത്രമാത്രം നമ്മുടെ വിശ്വാസജീവിതത്തെ സ്വാധീനിച്ചുവെന്ന് ഓരോ ക്രിസ്ത്യാനിയും സ്വയം പരിശോധിച്ചു നോക്കട്ടെ. നേരിട്ടുള്ള ആക്രമണങ്ങൾ മാത്രമല്ല മതപീഡനങ്ങൾ. നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ചില പ്രശ്നങ്ങൾ, പ്രതിസന്ധികൾ, രോഗങ്ങൾ, കടബാധ്യത പോലെയുള്ള വിഷയങ്ങൾ നമ്മുടെ വിശ്വാസത്തിന് കോട്ടംതട്ടാൻ കാരണമാകുന്നുണ്ടെങ്കിൽ അത് മറ്റൊരു തരത്തിലുള്ള മതപീഡനം ആണ്. സാത്താന്മാർ പലരുടെയും രൂപത്തിൽ വന്ന് സ്നേഹത്തോടെയുള്ള ഇടപെടൽ നടത്തി മറ്റ് സഭകളിലേയ്ക്ക് ക്ഷണിക്കുന്നതും മറ്റൊരു തരത്തിലുള്ള മതപീഡനം ആണ്. ഏതു തരത്തിലുള്ള മതപീഡനം ആയാലും നാം ചെയ്യേണ്ടത് അതിനെ ക്രിസ്തീയമായി തന്നെ നേരിടുക എന്നതാണ്.

വിവിധ തരത്തിലുള്ള പീഡനങ്ങളെ അതിജീവിച്ച രക്തസാക്ഷികളെയും വിശുദ്ധരെയും നമുക്ക് മാതൃകയാക്കാം. ശ്രീലങ്കയിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണം നമുക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്ന കാര്യം മറക്കാതിരിക്കുക. ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുക. എല്ലാറ്റിനുമുപരി ക്രൂശുമരണം കൈവരിച്ച് മൂന്നാം നാൾ  ഉയിർത്തെഴുന്നേറ്റ നമ്മുടെ കർത്താവീശോ മിശിഹാ നമ്മുടെ കൂടെയുണ്ട്. എന്തൊക്കെ പ്രതിസന്ധികൾ നമ്മെ വേട്ടയാടിയാലും ഈശോയോടുള്ള സ്നേഹത്തിൽ നിന്ന് സഭയോടുള്ള വിശ്വാസത്തിൽ നിന്ന് ഒരു പടി പോലും നാം പുറകോട്ടു പോകില്ല എന്ന് ഉറച്ച തീരുമാനം നമുക്ക് എടുക്കാം.

ബോബിന കുര്യന്‍