കാൻസറിനെ നൃത്തം ചെയ്ത് തോൽപിക്കുന്ന ‘ലിറ്റിൽ റാഫെല്ല’

കാൻസർ ചികിത്സയ്ക്കു ശേഷം പുഞ്ചിരിച്ചുകൊണ്ട് ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുകയാണ് റാഫെല്ല എന്ന കുഞ്ഞുമാലാഖ. എന്നാൽ, ആശുപത്രി വരാന്തയിൽ എത്തിയപ്പോൾ അവളൊന്ന് നിന്നു. എന്നിട്ട് “ജെറുസലേമ…” എന്ന ഗാനത്തിനൊപ്പം ചുവടുകൾ വച്ച് ഏവരെയും സന്തോഷിപ്പിച്ച ശേഷമാണ് അവൾ ആശുപത്രി വിട്ടത്. കീമോ തെറാപ്പിയുടെ അവസാന ദിവസം നേപ്പിൾസിലെ ആശുപത്രിയിൽ വച്ചാണ് റാഫെല്ലയുടെ ഡാൻസ്. രോഗത്തിനും തോൽപിക്കാൻ സാധിക്കാത്ത നിഷ്കളങ്കമായ സന്തോഷം.

റാഫെല്ല തന്റെ കാൻസർ ചികത്സയുടെ വളരെ ബുദ്ധിമുട്ടേറിയതും വേദനാജനകവുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ആശുപത്രിയുടെ പുറത്ത് അവളെ കാത്തുനിന്ന ബന്ധുക്കൾ ഈ കുഞ്ഞിന്റെ നൃത്തം ചിത്രീകരിക്കുകയായിരുന്നു. ചികിത്സയുടെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ആ കുരുന്നുമുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.

“ഈ കുഞ്ഞിനെ പരിചരിച്ചിരുന്ന കാലഘട്ടത്തിൽ അവളുടെ നിഷ്കളങ്കമായ സന്തോഷവും അതിശയിപ്പിക്കുന്ന ഊർജ്ജസ്വലതയും അറിയുവാനും സ്നേഹിക്കാനും ഞങ്ങൾ പഠിച്ചു. വളരെ ചെറുപ്പമായിരുന്നിട്ടും ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ പ്രതിബന്ധം പോലും മറികടക്കാൻ കഴിയുമെന്ന് അവൾ ഞങ്ങളെ പഠിപ്പിച്ചു. പുഞ്ചിരിയുള്ള മുഖം പ്രകൃതിയുടെ ഒരു ശക്തിയാണ്. റഫെല്ല, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു” – ഡാൻസ് ചെയ്യുന്ന വീഡിയോ ഷെയർ ചെയ്ത സാന്റോബോനോ പൗസിലിപോൺ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലെ അടിക്കുറിപ്പിൽ പറയുന്നു.

രോഗത്തിന്റെ വേദനകളും ആശങ്കകളും നിലനിന്നിരുന്ന ഈ ആശുപത്രിയുടെ പരിസരം പെട്ടെന്ന് സന്തോഷത്തിന്റെ അന്തരീക്ഷമായി മാറി. റഫെല്ല എന്ന കൊച്ചുകുട്ടി എല്ലാം മാറ്റിമറിച്ചു. അവളുടെ ശരീരത്തിൽ ചികിത്സയുടെ എല്ലാ അടയാളങ്ങളും അവശേഷിച്ചിട്ടുണ്ട്. അവളെ സംബന്ധിച്ച്‌ അതൊന്നും സന്തോഷിക്കാതിരിക്കാനുള്ള കാരണമേ അല്ലായിരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.