സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന ലിറ്റിൽ അമൽ

‘അഭയാർത്ഥികളായ കുട്ടികളുടെ പ്രത്യേക പരിഗണന’ എന്ന വിഷയത്തിന്റെ ആവശ്യകതയെ ലോകത്തിനു ബോധ്യപ്പെടുത്താനായി നിർമ്മിക്കപ്പെട്ട അമൽ എന്ന പപ്പറ്റ് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലുമെത്തിച്ചേർന്നു. തുർക്കിയിൽ നിന്ന് ഇംഗ്ലണ്ടിലേക്കാണ് ബോധവൽക്കരണ ഉദ്ദേശ്യത്തോടെ ലിറ്റിൽ അമൽ യാത്രചെയ്യുന്നത്. ഏകദേശം 8000 കിലോമീറ്റർ ഈ പപ്പറ്റിന് യാത്ര ചെയ്യേണ്ടതുണ്ട്. 3. 5 മീറ്റർ ഉയരമുള്ള ഈ പാവയെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ സന്ദർശകർ അഭിവാദനം ചെയ്തു.

നമ്മുടെ ഇടയിൽ അഭയാർത്ഥികളും കുടിയേറിയതുമായ നിരവധി ദുർബലരായ ആളുകളെ കണ്ടെത്തുവാനുള്ള ഒരു നോട്ടം ആവശ്യമാണെന്ന് അമൽ ഓർമ്മിപ്പിക്കുന്നതായി കർദ്ദിനാൾ മൈക്കിൾ സെർനി പറഞ്ഞു. ഏകദേശം ഒൻപത് വയസ്സുള്ള അമൽ എന്ന സിറിയൻ പെൺകുട്ടിയുടെ രൂപത്തിലുള്ള പാവയാണിത്. അഭ്യർത്ഥികളായ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന ‘ദി വാക്’ പ്രോജക്ടിന്റെ ഭാഗമായി ഹാൻഡ്‌സ്പ്രിങ് പപ്പറ്റ് കമ്പനിയാണ് അമലിനെ നിർമ്മിച്ചിരിക്കുന്നത്. നിരവധി കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിക്കുന്നവരാണ്. അതിനാൽ തന്നെ സെപ്റ്റംബർ 26 നു ലോകമെമ്പാടും അഭയാർത്ഥി ദിനം ആചരിക്കുമ്പോൾ അതിനു മുന്നോടിയായുള്ള ഒരു ബോധവൽക്കരണമെന്ന നിലയിലാണ് അമലിനെയും കൊണ്ട് ‘ദി വാക്’ എന്ന പ്രോജക്ടുമായി നൂറോളം കുട്ടികൾ സഞ്ചരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.