വാശിക്ക് സെമിനാരിയിൽ പോയാൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

2007-ന്റെ അവസാനത്തിലാണ് ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്. പല രൂപതകളിലും അന്വേഷിച്ചതിനുശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്. 2008 ജൂണിൽ പുതുതായി രൂപം കൊണ്ട തൊറേഡു ഇടവകയിൽ പ്രഥമ വികാരിയായി ഞാൻ നിയമിതനായി.

മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ? അത്തരമൊരു പ്രതിസന്ധി എനിക്കും നേരിടേണ്ടിവന്നു. ആ സംഭവം വിവരിക്കട്ടെ.

25 വയസുകാരനായ ഒരാൾ സെമിനാരിയിൽ പ്രവേശിക്കണമെന്ന ആഗ്രഹവുമായി വന്നു. അവനെക്കുറിച്ച് അത്ര നല്ല അഭിപ്രായം ഇല്ലാതിരുന്നതുകൊണ്ടാകാം പലരും എന്നോട് ആ യുവാവിന്റെ തെറ്റായ ജീവിതശൈലിയെക്കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ട്, സെമിനാരി പ്രവേശനത്തിന് ആവശ്യമായ വികാരിയുടെ സമ്മതപത്രം നൽകുന്നതിന് ഞാൻ വിസമ്മതിച്ചു. ഇക്കാരണത്താൽ അയാളുടെ കുടുംബക്കാർ എന്നെ പരസ്യമായി അധിക്ഷേപിച്ചു. അപ്പോഴെല്ലാം എനിക്ക് പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യം മാത്രമായിരുന്നു: “പൗരോഹിത്യം വിശുദ്ധിയിലേയ്ക്കുള്ള വിളിയാണ്. ഈ സഹോദരനെക്കുറിച്ച് കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ പരിഗണിക്കുമ്പോൾ കത്തു നൽകാൻ എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല.”

എന്നെ വെല്ലുവിളിച്ചാണ് അവർ മടങ്ങിയത്. പിന്നീട് ഇദ്ദേഹം ഏതോ ഒരു സന്യാസ സഭയിൽ ചേർന്നതായി അറിയാൻ കഴിഞ്ഞു. ഇത് അറിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു നൊമ്പരം തോന്നാതിരുന്നില്ല. മനസിന്റെ ഭാരമെല്ലാം ഞാൻ പങ്കുവച്ചിരുന്നത് ആദ്ധ്യാത്മികഗുരുവായ പരംജ്യോതിയച്ചന്റെ അടുത്താണ്. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അച്ചൻ പറഞ്ഞു: “ജെൻസനച്ചാ, പൗരോഹിത്യത്തോട് സ്നേഹമുള്ളതുകൊണ്ടല്ലേ അച്ചൻ കത്ത് കൊടുക്കാതിരുന്നത്? അച്ചന്റെ മനഃസാക്ഷിയുടെ സ്വരം, അതായത് ദൈവസ്വരമാണ് അച്ചൻ ശ്രവിച്ചത്. അതേ ദൈവത്തിന് വിഷമതകൾ സമർപ്പിക്കുക. ആ സഹോദരന്റെ കാര്യം അവിടുന്ന് നോക്കിക്കൊള്ളും.”

എനിക്ക് ഒത്തിരി ഊർജ്ജം നൽകിയ വാക്കുകളായിരുന്നു അത്. ആ ഉപദേശമനുസരിച്ച് എല്ലാ കാര്യങ്ങളും ഞാൻ കർത്താവിന് സമർപ്പിച്ചു. 2016-ൽ എനിക്ക് ആന്ധ്രയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു. പിറ്റേ വർഷമാണെന്നു തോന്നുന്നു, അന്നത്തെ വികാരിയച്ചൻ എന്നെ വിളിച്ചുപറഞ്ഞു: “അച്ചൻ ഓർക്കുന്നുണ്ടാവുമല്ലോ, സമ്മതപത്രം നൽകാത്തതിന്റെ പേരിൽ അച്ചനെ ധിക്കരിച്ച് സെമിനാരിയിൽ ചേർന്ന യുവാവിനെക്കുറിച്ച്?”

ഓർക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അച്ചന്‍ എന്നോടു പറഞ്ഞു: “അയാൾ സെമിനാരിയിൽ നിന്നും പോയി ഏതോ ഒരു സ്ത്രീയെ വിവാഹം ചെയ്തതായി അറിയാൻ കഴിഞ്ഞു!”

അത് കേട്ടപ്പോൾ സത്യത്തിൽ ഞാൻ സന്തോഷിച്ചു. പരംജ്യോതിയച്ചൻ പറഞ്ഞ കാര്യം ഞാൻ ഓർത്തു. വീണ്ടും ഞാൻ അച്ചനെ വിളിച്ച് അന്നത്തെ ഉപദേശത്തിന് നന്ദി പറഞ്ഞു. അച്ചൻ പറഞ്ഞു: “ദൈവസ്വരമാണ് നമ്മൾ ശ്രവിക്കുന്നതെന്ന് ഉറപ്പായാൽ ഏത് പ്രതിസന്ധി വന്നാലും അതിൽ ഉറച്ചുനിൽക്കുക. ബാക്കിയുള്ളതെല്ലാം ദൈവം നോക്കിക്കൊള്ളും.”

നമ്മുടെ ജീവിതപ്രതിസന്ധികളിൽ ദൈവസ്വരത്തിനായ് നമ്മൾ കാതോർക്കാറുണ്ടോ? സന്യാസ സമൂഹങ്ങളിൽ ഉള്ളതുപോലെ, ചില തീരുമാനങ്ങളിൽ നമ്മെ നയിക്കുവാൻ തക്ക ആത്മീയഗുരുക്കൾ നമുക്കുണ്ടോ? മാത്രമല്ല, ദൈവസ്വരമാണെന്നു തിരിച്ചറിഞ്ഞിട്ടും അതിനെ ധിക്കരിച്ച നിമിഷങ്ങളും ജീവിതത്തിൽ ധാരാളമില്ലേ?

ഇവിടെയാണ് ഉണ്ണീശോയെ സന്ദർശിക്കാനെത്തിയ ജ്ഞാനികൾ നമുക്ക് മാതൃകയാകുന്നത്. തന്റെ കൊട്ടാരത്തിലേയ്ക്ക് വരണമെന്ന രാജകല്പന നിലനിൽക്കുമ്പോൾ പോലും ഹേറോദേസിന്റെ അടുത്തേയ്ക്ക് മടങ്ങിപ്പോകരുതെന്ന ദൈവദൂതന്റെ മുന്നറിയിപ്പ് അനുസരിച്ച്‌ അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേയ്ക്കു മടങ്ങി (Ref: മത്തായി 2:12). ഇങ്ങനെ വായിക്കുമ്പോൾ മിഴികൾ അറിയാതെ സജലങ്ങളാകുന്നു.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.