ജപമാല മധുരം ഒക്ടോബർ 20: (പ്രകാശത്തിൻ്റെ അഞ്ചാം രഹസ്യം)

കൂട്ടിനൊരാൾ..!

ഫാ. അജോ രാമച്ചനാട്ട്

“മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ.”

കഴിഞ്ഞ കുറെ കാലങ്ങളായി മനസ്സിനെ ചിന്തിപ്പിച്ച ഒരു കവിതയുടെ തുടക്കമാണിത്. റഫീക് അഹമ്മദ് എഴുതിയ ഈ കവിത സ്പിരിറ്റ് എന്ന സിനിമയിൽ ഉണ്ണി മേനോൻ വളരെ ഭംഗിയായി പാടിയിട്ടുമുണ്ട്.

മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും ? ഭക്ഷണം, വസ്ത്രം, വീട്, സമ്പത്ത്, രതി, അധികാരം.. തുടങ്ങിയ ചീള് ഉത്തരങ്ങൾ പറയരുത്. ഇതെല്ലാം വേണ്ടെന്ന് മനസ്സ് പറയുന്ന കാലം വരും. അപ്പോൾ പിന്നെ എന്താണ്?

“കൂട്ടിനൊരാൾ” – അതാണ് ഉത്തരം.
ജീവിതത്തിൽ നമ്മെ കേൾക്കാനും, നമ്മുടെ സ്നേഹം അനുഭവിക്കാനും, നമ്മുടെ ജയപരാജയങ്ങളിൽ പരിഭവമില്ലാതെ കൂട്ടിരിക്കാനും മരണം വന്നു വിളിക്കുന്ന നേരത്ത് മനസ്സിനെ ബലപ്പെടുത്തി യാത്ര അയയ്ക്കാനും ആരെങ്കിലുമൊക്കെ വേണം..
ശരിയല്ലേ ? വേണ്ടെന്നാരു പറയും, ആത്മാർത്ഥമായി ?

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം.
ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !!
പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ മനുഷ്യന് ദൈവത്തിന്റെ ചൂടുള്ള സാന്നിധ്യം !

വടവാതൂർ സെമിനാരിയിൽ നിന്ന് കിട്ടിയ അനുഭവങ്ങളിൽ എന്തൊക്കെ മറന്നാലും, മറക്കാൻ പറ്റാത്ത ഒന്നുണ്ട് – ‘സന്നിധാനം’ എന്ന പേരിൽ ഏറ്റവും മുകളിലുള്ള ഒരു നിത്യാരാധനചാപ്പൽ ആണത്. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നില്ല അതൊന്നും.

ചമ്രം പടിഞ്ഞിരിക്കുമ്പോൾ മുഖത്തിന് നേരെയാണ് ദിവ്യകാരുണ്യനാഥൻ. അവിടിരുന്ന് ആത്മാവിന് തീ പിടിപ്പിച്ച എത്രയോ പേർ .. !
അറിയാമോ, അവരൊക്കെയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ തീപ്പന്തങ്ങളായി ഇന്ന് കത്തുന്നത്.

ഏതൊക്കെയോ മനസ്സിന്റെ വ്യഥകൾക്ക്‌ നടുവിൽ അവിടെയിരുന്ന് വെറുതെ pocket diary യിൽ കുറിച്ചതാണ്‌,
“തണലാവണം, നീ നിറവാകണം
ഒരുപാടു സ്നേഹത്തിൻ കടലാവണം”.
പതിന്നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ദിവ്യകാരുണ്യസ്വീകരണസമയത്ത് ആരൊക്കെയോ പാടുന്നുണ്ട് !
ദൈവമേ, ഇതിനൊക്കെ എങ്ങനെ നന്ദി പറയാനാണ് ?

മരണാസന്നർക്ക് ദിവ്യകാരുണ്യം നൽകുമ്പോൾ മനസ്സ് വിങ്ങാറുണ്ട്. മരണമുഖത്ത് ജീവിതത്തിൽ കൊണ്ടു നടന്ന എല്ലാ കൂട്ടുകളും കൈയൊഴിയുമ്പോഴും മാറാതെ കൂടെയുള്ള എൻ്റെ ദൈവത്തിൻ്റെ കാരുണ്യം – മനുഷ്യാത്മാവിന് ദൈവം നൽകുന്ന കൂട്ട് !

സുഹൃത്തേ, ദിവ്യകാരുണ്യം നിൻ്റെ ആത്മാവിനെ ലഹരി പിടിപ്പിക്കട്ടെ..

സ്നേഹപൂർവം,

ഫാ. അജോ രാമച്ചനാട്ട്