കനിവിന്റെയും കരുതലിന്റെയും അടയാളമായി മാതാവ് തന്ന 30 രൂപ

മാമ്മോദീസാപ്പേര് മേരി എന്നായതു കൊണ്ടാണോ, കൈക്കുഞ്ഞായിരുന്നപ്പോള്‍ തന്നെ എന്റെ അമ്മ എന്നെ പരിശുദ്ധ ദൈവമാതാവിന് അടിമ വച്ചതുകൊണ്ടാണോ, മാതാവിനോട് അതീവഭക്തിയുള്ള കുടുംബത്തിലും ഇടവകയിലും അംഗമായി വളര്‍ന്നതുകൊണ്ടാണോ എന്നൊന്നും അറിയത്തില്ല. ഓര്‍മ്മ വച്ച കാലം മുതല്‍ മാതാവാണ് എനിക്കെല്ലാം. അതായത്, പുള്ളിക്കാരിയോട് ഒന്നു പറഞ്ഞാല്‍, തീരാത്ത പ്രശ്‌നങ്ങളും വേദനകളും എനിക്കില്ല. ചെറുതും വലുതുമായ സങ്കടങ്ങളോ വേദനകളോ തടസങ്ങളോ എന്തുമായിക്കോട്ടെ, ഒരു ‘എത്രയും ദയയുള്ള മാതാവേ’ ചൊല്ലി അത് കോംപ്രമൈസാക്കുന്നതാണ് കുഞ്ഞിലേ മുതലേയുള്ള ശീലം.

ഇതുകൊണ്ടൊക്കെ തന്നെ മാതാവിന്റെ തിരുനാളുകളൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം പിറന്നാള്‍ ദിനം എന്നപോലെ പ്രത്യേകതരം സന്തോഷമുള്ള ദിവസങ്ങളാണ്. അതില്‍ പ്രത്യേകിച്ച് ഡിസംബര്‍ എട്ടിലെ അമലോത്ഭവ തിരുനാള്‍. പാലാക്കാരി കൂടിയായതുകൊണ്ട് ഈ ദിവസങ്ങളില്‍ നാട്ടിലും ഉത്സവാന്തരീക്ഷമാണ്. ഇത്തരമൊരു അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ്, പാലാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജൂബിലി ദിവസമാണ് പരിശുദ്ധ മറിയം എന്നെ കാണാന്‍ വന്നത്.

2018 ഡിസംബര്‍ എട്ട്. വര്‍ക്കിംഗ് ഡേയാണ്. ഓഫീസില്‍ പോകേണ്ടതാണ്. പക്ഷേ, കാലിന്റെ ഒരു പരിക്കുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ ആശുപത്രിയിലും പോണം. രാവിലെയാണ് ഇന്ന് ഓര്‍ത്തോ ഡോക്ടര്‍ ഉണ്ടെന്ന് അറിയുന്നത്. അതുകൊണ്ട് ഓഫീസില്‍ ലീവ് നേരത്തെ പറഞ്ഞിരുന്നില്ല. രാവിലെ തന്നെ ആശുപത്രിയില്‍ എത്തുകയും വേണം. പെട്ടെന്ന് റെഡിയാവേണ്ട കാരണം കൊണ്ടും ലീവിന് അധികം പിശുക്ക് കാണിക്കാത്ത സ്ഥാപനമായതുകൊണ്ടും പോകുന്ന വഴി ഓഫീസില്‍ വിളിച്ച് ലീവ് പറയാമെന്നു കരുതി.

അമ്മയും ഞാനും കൂടെ പാതിവഴി എത്തിയപ്പോ സീനിയറെ വിളിച്ചു, ലീവ് ചോദിച്ചു, ഹോസ്പിറ്റല്‍ കേസാണെന്നും പറഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി അന്ന് ആ പുള്ളി എന്നോട് ദേഷ്യപ്പെട്ടു. സെക്ഷനിലെ മറ്റ് രണ്ടുപേരും ലീവാണ്, ഞാന്‍ വന്നേ പറ്റൂ എന്ന് തീര്‍ത്തുപറഞ്ഞു. ഞാനും അമ്മയും പകുതി വഴിയെത്തിയെന്നും ഡോക്ടര്‍ ഈ മാസത്തില്‍ ഇന്നു മാത്രമേ ഉള്ളൂവെന്നും കെഞ്ചിപ്പറഞ്ഞിട്ടും പുള്ളിയുടെ സ്വരം കടുക്കുകയല്ലാതെ മയപ്പെട്ടില്ല. ദേഷ്യപ്പെട്ട് കോള്‍ കട്ട് ചെയ്യുകയും ചെയ്തു.

സാധാരണ ഇത്രയുമായാല്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളച്ചാട്ടം പുറപ്പെടേണ്ടതാണ്. പക്ഷേ, ഇത്തവണ എന്തോ സങ്കടം ദേഷ്യരൂപത്തിലാണ് ഇരച്ചുവന്നത്. പ്രധാനമായിട്ടും മാതാവിനോട് തന്നെയായിരുന്നു പരിഭവം. എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെയുണ്ടാവുന്നതാ, എന്നിട്ടിപ്പോ, ഇങ്ങനെയൊരാവശ്യത്തില്‍ അതും പുള്ളിക്കാരിയുടെ തിരുനാള്‍ ദിവസത്തില്‍, രാവിലെ മണിക്കൂറുകള്‍ രൂപം ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങിയ എന്നോട് ഇത് ചെയ്തല്ലോ എന്ന തോന്നല്‍. കാലിനാണെങ്കില്‍ ആ സമയത്ത് വേദന കൂടുതലുമായിരുന്നു. അതുകൊണ്ടാണ് ഡോക്ടറെ കാണേണ്ടത് അത്ര അത്യാവശ്യമായിരുന്നത്. കരച്ചിലും ദേഷ്യവും അടക്കിപ്പിടിച്ച് അമ്മയോട് കാര്യം പറഞ്ഞു.

നീ ഒന്നുകൂടെ ചോദിച്ചുനോക്ക് എന്ന് അമ്മ പറഞ്ഞപ്പോ, ഇന്നതാണ് പുള്ളിയുടെ മൂഡ് എന്നു പറഞ്ഞു.

എങ്കില്‍ പിന്നെ ഓഫീസിലേയ്ക്ക് പൊയ്‌ക്കോ; നാളെയും അവരുടെ കൂടെ ജോലി ചെയ്യേണ്ടതല്ലേ.

ഞാന്‍ ഏതായാലും മെനക്കെട്ട് ഇറങ്ങി ഇത്രയും എത്തിയതല്ലേ, കരിങ്കുന്നം വരെ (അമ്മയുടെ വീട്ടില്‍) പോയിട്ട് വന്നേക്കാം എന്ന് അമ്മ പറഞ്ഞു.

അപ്പോഴും എന്റെ കലി ലേശം അടങ്ങിയിട്ടില്ല. എന്നാ ശരി എന്ന് അമ്മയോട് പറഞ്ഞ് ഞാന്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്ന് ചാടിയെഴുന്നേറ്റ് ബെല്‍ അടിച്ചു. ഡ്രൈവറും കണ്ടക്ടറും ഒരുപോലെ തുറിച്ചു നോക്കി. നിര്‍ത്തിയില്ലേല്‍ ഇപ്പോ ജനലില്‍ക്കൂടിയെങ്കിലും ചാടും എന്ന എന്റെ ഭാവവും കാര്‍മേഘം പോലെ കലിപ്പ് ഉരുണ്ടുകൂടി നില്‍ക്കുന്ന എന്റെ മുഖവും കണ്ടപ്പോള്‍ കണ്ടക്ടര്‍ പിറുപിറുത്തുകൊണ്ട് ബെല്ലടിച്ചതും ഡ്രൈവര്‍ സര്‍വ്വ ദേഷ്യവും കൂട്ടി ബ്രേക്ക് അമര്‍ത്തി ചവിട്ടിയതും ഒന്നിച്ചായിരുന്നു.

ബസില്‍ നിന്നിറങ്ങി കോട്ടയത്തേയ്ക്ക് പോകാനായി, തലങ്ങും വിലങ്ങും വാഹനങ്ങള്‍ കുതിച്ചുപായുന്ന ആ ഹൈവേയില്‍ എതിര്‍ സൈഡിലേയ്ക്ക് ഞാന്‍ ക്രോസ് ചെയ്തത് ഓര്‍ക്കുമ്പോ, സിഐഡി മൂസ സിനിമയില്‍ ദിലീപ് റോഡ് ക്രോസ് ചെയ്ത രംഗമാണ് ഓര്‍മ്മ വരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ ഒറ്റപ്പോക്ക്. ഇരുസൈഡില്‍ നിന്നും വണ്ടികള്‍ വന്ന് ചവിട്ടിനിന്നു. കാരണം, അപ്പോഴേയ്ക്കും ദേഷ്യവും സങ്കടവും കാലിന്റെ വേദനയും കൊണ്ട് എന്റെ മാനസികാവസ്ഥ ശരിക്കും പരിതാപകരമായിരുന്നു. ഏതായാലും ക്രോസ് ചെയ്ത് ചെന്നപ്പോള്‍ തന്നെ കോട്ടയം ഫാസ്റ്റ് കെഎസ്ആര്‍ടിസി വന്നു, ചാടിക്കേറി. പുറകിലെ വാതിലിലൂടെ കയറി ചെന്ന് സീറ്റ് തപ്പി മുമ്പിലേയ്ക്ക് പോയി. ഏകദേശം നടുവിലായി രണ്ടുപേരുടെ സീറ്റ് കാലിയായി കിടക്കുന്നു. ആശ്വാസം എന്ന് മനസില്‍ പറഞ്ഞ് തീര്‍ന്ന് ഞാന്‍ കണ്ണടച്ച് തുറന്നപ്പോഴേയ്ക്കും ദാ രണ്ടു ചേച്ചിമാര്‍ സീറ്റ് കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഇതുംകൂടി ആയപ്പോ കലിപ്പ് അടുത്ത ലെവലിലേയ്ക്ക് കടന്നു. ആ പോട്ടെ, അമ്മയുടെ പ്രായമുള്ള സ്ത്രീകളാണല്ലോ എന്നോര്‍ത്തപ്പോള്‍ അപ്പോഴത്തെ ദേഷ്യം അങ്ങ് തണുത്തു. പിന്നെ മുമ്പിലേയ്ക്ക് പോകാതെ അങ്ങനെ അവിടെത്തന്നെ കുത്തിപ്പിടിച്ചു നിന്നു.

കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ വന്നു. ഞാന്‍ പേഴ്‌സ് എടുത്ത് തുറന്നപ്പോള്‍ 500 ന്റെ ഒരു നോട്ട് മാത്രം. കോട്ടയത്തേയ്ക്ക് ടിക്കറ്റ് ചാര്‍ജ് 29 രൂപ. സാധാരണ അതൊരു വിഷയമല്ല. ഇടയ്‌ക്കെല്ലാം 500 ന്റെ നോട്ട് കൊടുക്കാറുള്ളതും കണ്ടക്ടര്‍മാര്‍ ബാക്കി തരുന്നതുമാണ്. പക്ഷേ, അന്നത്തെ കണ്ടക്ടര്‍ ടിക്കറ്റ് തന്നശേഷം നോട്ട് കൈയ്യില്‍ മേടിക്കുക പോലും ചെയ്യാതെ ചില്ലറ തരാന്‍ പറഞ്ഞ്, എന്തൊക്കെയോ പിറുപിറുത്ത് മുന്നിലേയ്ക്ക് പോയി. ശരം പോലെ പായുന്ന ബസില്‍, നിന്നുകൊണ്ടു തന്നെ ഞാന്‍ പേഴ്‌സും ബാഗും മുഴുവന്‍ അരിച്ചുപെറുക്കി. കിട്ടിയത് ഒരു പത്തിന്റെ നോട്ടും കുറച്ച് ചില്ലറയും മാത്രം. എങ്ങനെയാണേലും തികയില്ല. പിന്നെ ബസില്‍ ആകെയൊന്ന് കണ്ണോടിച്ചു, പരിചയമുള്ള സ്ഥിരയാത്രക്കാര്‍ വല്ലതുമുണ്ടോ എന്നറിയാന്‍. പതിവ് സമയം തെറ്റിയിരുന്നതിനാല്‍ അതുമുണ്ടായില്ല.

മുമ്പിലേയ്ക്ക് പോയ കണ്ടക്ടര്‍ തിരിച്ചുവന്നപ്പോള്‍ ഞാന്‍ വീണ്ടും പറഞ്ഞു: ചില്ലറയില്ല, അഞ്ഞൂറ് മാത്രമേ ഉള്ളൂ എന്ന്. സാമാന്യം നല്ല ആളുണ്ടായിരുന്ന ആ ബസില്‍, കോട്ടയം എത്തുന്നതിന് മുമ്പ് 500 രൂപയുടെ ബാലന്‍സ് തരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നത് പകല്‍പോലെ വ്യക്തമായിരുന്നു. പക്ഷേ, എന്ത് കാര്യത്തിനാന്ന് അറിയത്തില്ല. അയാള്‍ കുറെ എന്തൊക്കെയോ പറഞ്ഞു. ചുറ്റുമുള്ളവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ തന്നെ. എവിടെയാ ഇറങ്ങേണ്ടത് എന്ന് ചോദിച്ചു. ബേക്കര്‍ ജംഗ്ഷന്‍ എന്നു പറഞ്ഞപ്പോ അവിടെ ഇറങ്ങണ്ട, സ്റ്റാന്‍ഡില്‍ വന്ന് ഇറങ്ങിയാ മതി, എന്നിട്ട് ചില്ലറ ഉണ്ടാക്കി തന്നിട്ട് എങ്ങോട്ടായാലും പോയാ മതിയെന്ന്. യാത്രക്കാരെല്ലാം അപ്പോഴേയ്ക്കും തിരിഞ്ഞും മറിഞ്ഞും നോക്കാനും തുടങ്ങി.

ആ സമയത്ത് ഞാന്‍ ഒന്നമര്‍ത്തി ചവിട്ടിയാല്‍ ബസിന്റെ പ്ലാറ്റ്‌ഫോം പോലും പൊളിഞ്ഞ് പോയേനേ എന്ന് തോന്നുന്നു. കാരണം, കൂനിന്മേല്‍ കുരു എന്ന പരുവത്തില്‍ സങ്കടവും അപമാനവും ചേര്‍ന്ന് ദേഷ്യം അത്രയുമായിരുന്നു. എന്തൊക്കെയോ തിരിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള കഴിവൊന്നും ഇല്ല.

ഈ സമയത്ത് ഞാന്‍ മനസില്‍ മാതാവിനോട് ചോദിച്ചു, എന്റെ പൊന്നു മാതാവേ നിന്റെ ഈ പുണ്യദിനത്തില്‍ അനുഗ്രഹങ്ങള്‍ ചോദിച്ച എനിക്ക് അപമാനവും സങ്കടവുമാണല്ലോ നീ തന്നുകൊണ്ടിരിക്കുന്നത്. എന്റെ പ്രാര്‍ത്ഥനകളൊന്നും നീ കേള്‍ക്കുന്നില്ലേ എന്ന്…

ഇത്രയും മനസില്‍ വിചാരിച്ചു തീര്‍ന്നതും എന്റെ കൈയ്യില്‍ ആരോ തോണ്ടി. നോക്കിയപ്പോ, ഞാന്‍ ബസില്‍ കേറി ഇരിക്കാന്‍ വന്നപ്പോ എവിടുന്നോ ഓടിവന്ന് സീറ്റ് കരസ്ഥമാക്കിയ ചേച്ചിമാരില്‍ ഒരാളാണ്. ഇനി എന്താണാവോ അടുത്തത് എന്നാണ് മനസില്‍ ആദ്യം വന്ന ചിന്ത. പക്ഷേ ഐശ്വര്യം തുളുമ്പുന്ന, പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ‘എങ്ങോട്ടാ മോളേ പോകേണ്ടേ?’ എന്ന ചോദ്യം കേട്ടപ്പോ മനസില്‍ നിന്ന് പാതിഭാരം അലിഞ്ഞ് പോയതുപോലെ തോന്നി. സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെടലും അപമാനവും പേറിനില്‍ക്കുമ്പോള്‍ തീര്‍ത്തും അപരിചിതന്റേതായാല്‍ പോലും ‘എന്താ പ്രശ്‌നം’ എന്ന രണ്ട് നിസാര വാക്കുകള്‍ക്ക് വലിയ ആശ്വാസം പകരാനാവുമെന്ന് അന്ന് പഠിച്ചു.

‘കോട്ടയത്തേയ്ക്കാ ചേച്ചീ’ എന്നു പറഞ്ഞു. അടുത്ത ചോദ്യം ‘എത്രയാ ടിക്കറ്റ്’. ഞാന്‍ പറഞ്ഞു, ’29 രൂപയാ ടിക്കറ്റ്. എന്റെ കൈയ്യില്‍ 500 ന്റെ നോട്ടേ ഉള്ളൂ’ എന്ന്.

നല്ല മനസുള്ള സ്ത്രീയാണല്ലോ എന്നു കരുതി ചേച്ചിയുടെ കൈയ്യിലുണ്ടോ 500 ന്റെ ചില്ലറ എന്നും ചോദിച്ചു. ‘500 ന്റെ ചില്ലറയില്ല..’ എന്ന് പറഞ്ഞുകൊണ്ടു തന്നെ പേഴ്‌സ് തുറന്ന് 30 രൂപ എടുത്തു നീട്ടിയിട്ട്, ഇത് കൊടുത്തോ എന്ന് പറഞ്ഞു.

ഞാന്‍ ശരിക്കും അമ്പരന്നു പോയി. സംശയത്തോടെ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോ നിറഞ്ഞ പുഞ്ചിരിയോടെ മേടിച്ചോ എന്ന് ആവര്‍ത്തിച്ചു. മേടിക്കാമെന്ന് തോന്നി, പൈസ വാങ്ങി ഇതെങ്ങനെയാ ഞാന്‍ തിരിച്ചു തരുന്നേ എന്നു ചോദിച്ചു. ഓ അതൊന്നും സാരമില്ലന്നേ എന്നായിരുന്നു മറുപടി. പത്തു രൂപ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നതിനാല്‍ അവര് തന്നതില്‍ നിന്ന് പത്ത് തിരികെ കൊടുത്തു.  കണ്ടക്ടര്‍ വന്നപ്പോ ഞാന്‍ കാശ് കൊടുത്തു. ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ അത് വാങ്ങി പോവുകയും ചെയ്തു.

ഒരു കാര്യത്തില്‍ എനിക്ക് ആ സമയം ആശ്വാസം തോന്നിയിരുന്നു, ആ ചേച്ചി എനിക്ക് കാശ് തരുന്നത് കണ്ടക്ടര്‍ കണ്ടു. മനസാക്ഷിയുള്ളവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പുള്ളിക്കാരന്‍ മനസിലാക്കിയല്ലോ. ഈ സമയമൊന്നും എനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയിരുന്നില്ല. വീണ്ടും ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു, ചേച്ചി എവിടെയാ ഇറങ്ങുന്നത്? കോട്ടയത്താണ് മോളേ, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണെന്ന് പറഞ്ഞു. വര്‍ക്ക് ചെയ്യുവാണോ എന്ന് ചോദിച്ചപ്പോ അല്ല, ഞാനെന്റെ മോളെ കാണാന്‍ പോവാണെന്ന് പറഞ്ഞു. വീടെവിടെയാ എന്നു ചോദിച്ചപ്പോ ഒരു സ്ഥലം പറഞ്ഞു, എനിക്ക് വ്യക്തമായില്ല. ഏതേലും വകയില്‍ വീണ്ടും കാണാന്‍ അവസരമുണ്ടെങ്കില്‍ രൂപ തിരിച്ചു കൊടുക്കാമല്ലോ എന്നായിരുന്നു എന്റെ മനസില്‍. പക്ഷേ അതൊന്നും നടക്കില്ല എന്ന് മനസിലായി. ഇത്രയും സംസാരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും മുമ്പില്‍ എനിക്ക് സീറ്റ് കിട്ടി. ഞാനവിടേയ്ക്ക് പോയിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ ആ ചേച്ചിയെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. പുള്ളിക്കാരിയാണേല്‍ കൂടെയുണ്ടായിരുന്ന ചേച്ചിയുമായി നല്ല കത്തിവയ്ക്കലാണ്. ഇറങ്ങുന്നതിന് മുമ്പ് പുള്ളിക്കാരിയുടെ അടുത്തുചെന്ന് ഒരിക്കല്‍ക്കൂടി നന്ദി പറയണമെന്നു തീരുമാനിച്ച് ബാക്കി യാത്രയില്‍ കൊന്തചൊല്ലി അവര്‍ക്കുവേണ്ടി കാഴ്ചവച്ചു കൊണ്ടുമിരുന്നു. (ബസ് യാത്രയില്‍ കൊന്ത ചൊല്ലുന്നത് ശീലങ്ങളില്‍ ഒന്നാണ്).

എനിക്ക് ഇറങ്ങേണ്ട ബേക്കര്‍ ജംഗ്ഷന്‍ എത്തുന്നതിനു മുമ്പായി ചേച്ചിയോട് ഒരിക്കല്‍ കൂടി താങ്ക്‌സ് പറയാനായി ഞാന്‍ എഴുന്നേറ്റ് പുറകിലേയ്ക്ക് തിരിഞ്ഞപ്പോ ഒന്നു ഞെട്ടി. ദൈവമേ, ചേച്ചിയെ ആ സീറ്റില്‍ കാണുന്നില്ല. അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള സീറ്റുകളിലും നോക്കി. കാണുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന ചേച്ചി അതേ സീറ്റില്‍ തന്നെ ഇരിപ്പുമുണ്ട്. ഞാന്‍ പെട്ടെന്ന് പുറകിലേയ്ക്ക് ചെന്ന് ആ ചേച്ചിയോട് ചോദിച്ചു, ചേച്ചീ ഇവിടിരുന്ന ചേച്ചി എവിടെ? ‘ഏത്?’ എന്ന് മറുപോദ്യം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാ ഇറങ്ങുന്നതെന്ന് പറഞ്ഞിട്ട് എവിടെയാ ഇറങ്ങിയതെന്ന് ഞാന്‍ ചോദിച്ചു, ‘അറിയില്ല, ഞാന്‍ കണ്ടില്ലല്ലോ’ എന്ന് മറുപടി.

ഒന്നിച്ച് സീറ്റില്‍ വന്നിരിക്കുകയും യാത്രയിലുടനീളം (തൊട്ടുപിറകിലെ സ്റ്റോപ്പ് കഴിഞ്ഞും ഞാന്‍ തിരിഞ്ഞു നോക്കുമ്പോളുള്‍പ്പെടെ) സഹോദരങ്ങളെയോ കൂട്ടുകാരെയോ പോലെ ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നവരില്‍ ഒരാളാണ് ഈ പറയുന്നതെന്ന് ഓര്‍ക്കണം.

‘അപ്പോ നിങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നവരല്ലേ’ ഞെട്ടലോടെയുള്ള എന്റെ അടുത്ത ചോദ്യം.’ ആര്..ഏത്..ഏയ്.. അല്ല’ ഇതൊക്കെയായിരുന്നു അവരുടെ മറുപടി.

കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് ബേക്കര്‍ ജംഗ്ഷനെത്തി. ബസിനുള്ളില്‍ ആ മുഖം തിരഞ്ഞ് ഒരിക്കല്‍കൂടി കണ്ണോടിച്ചശേഷം ഞാന്‍ ഇറങ്ങി. അഞ്ച് മിനിട്ട് നേരത്തേയ്ക്ക് എനിക്ക് നിന്നിടത്തുനിന്ന് അനങ്ങാന്‍ പോലും സാധിച്ചില്ല. ഒരുകാര്യം എനിക്കപ്പോള്‍ ഉറപ്പായി. അവരെന്നോട് പറഞ്ഞത് ശരിയായിരുന്നു, ഞാനെന്റെ ‘മോളെ’ കാണാന്‍ പോവാണെന്ന്.

ആ നാളുകളില്‍ ഞാന്‍ മാതാവിനോട് ഏറെ ആഗ്രഹിച്ച് ചോദിച്ചിരുന്ന, ജീവിതത്തില്‍ വഴിത്തിരിവാകേണ്ടിയിരുന്ന, ഒരു കാര്യം കൈയ്യെത്തും ദൂരത്ത് വരികയും ആരോ തട്ടിത്തെറിപ്പിച്ചാല്‍ എന്നതുപോലെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുകയും ചെയ്ത സംഭവം നടന്നതും മുകളില്‍ വിവരിച്ച സംഭവത്തിന് തൊട്ടടുത്ത ദിവസങ്ങളിലായാണ്. അതേക്കുറിച്ച് നീറുന്ന വേദന ഇപ്പോഴുമുണ്ടെങ്കിലും ആ നാളുകളില്‍ മാതാവിന്റെ ശക്തമായ സാന്നിധ്യം പലവിധത്തില്‍ പല അവസരങ്ങളിലായി വളരെ വ്യക്തമായി അനുഭവിക്കാന്‍ സാധിച്ചിരുന്നതുകൊണ്ട് ആ നഷ്ടവും സ്വര്‍ഗത്തിന്റെ അറിവോടെയാണെന്ന് വിശ്വസിച്ച് ആശ്വസിക്കുകയാണ്. കാരണം, പരിശുദ്ധ മറിയത്തോട് സഹായം തേടിയിട്ടുള്ള ഒരു കാര്യത്തിലും എനിക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. എന്തെങ്കിലും ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ വേദനയും സഹനവും സ്വീകരിക്കാനും അതില്‍ നിന്ന് കൃപ കണ്ടെത്താനുള്ള അനുഗ്രഹവും ആ അമ്മ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പരിശുദ്ധ അമ്മയുടെ കൈപിടിച്ചു നിന്നുകൊണ്ട് അമ്മ പറഞ്ഞതുപോലെ സ്വര്‍ഗത്തെനോക്കി ഞാനും പറയും ‘ ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ.’

കാര്‍മല്‍